ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖ് ഉഡുപ്പി ശ്രീകൃഷ്ണ മഠവും സന്ദര്‍ശിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സ്ഫോടനം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ഒക്ടോബര്‍ 11ന് ശ്രീകൃഷ്ണ മഠം സന്ദര്‍ശിച്ച ശേഷം മുഹമ്മദ് ഷരീഖ് ഉഡുപ്പിയിലെ കാര്‍ സ്ട്രീറ്റില്‍ അലഞ്ഞുതിരിയുകയായിരുന്നു. ഷരീഖിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലൊക്കേഷന്‍ കണ്ടെത്തുകയും ഇവിടെ വച്ച് ആരെയോ ഫോണില്‍ വിളിച്ചതായും പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരു പോലീസ് മഠത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതോടൊപ്പം കാര്‍ സ്ട്രീറ്റിലെ കടകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്. പ്രതി ഇവിടെ സ്ഫോടനം നടത്താന്‍ വേണ്ടിയിട്ടാണോ സ്ഥലത്ത് മണിക്കൂറുകളോളം തങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതോടൊപ്പം ഷരീഖ് മംഗളൂരു നഗരത്തില്‍ സ്ഫോടനം നടത്തുന്നതിന് മുമ്പ് സാറ്റലൈറ്റ് ഫോണ്‍ കോളുകള്‍ വിളിച്ചതായും കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ധര്‍മ്മസ്ഥല പോലീസ് വനമേഖലയില്‍ തെരച്ചില്‍ നടത്തി.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉഡുപ്പി ജില്ലാ ഇന്റലിജന്‍സ് വിഭാഗത്തിന് നല്കിയ റിപ്പോര്‍ട്ട് പ്രകാരം, ഉഡുപ്പി ജില്ലയിലെ വനമേഖലയ്ക്കിടയിലുള്ള മന്ദാര്‍ട്ടി ക്ഷേത്രത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ് പ്രതി സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: