വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയോ സഞ്ചാരസ്വാതന്ത്ര്യം തടയുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സമരസമിതിക്കാര്‍ പദ്ധതിപ്രദേശത്ത് അഴിഞ്ഞാടിയത്. നിര്‍മാണ സാമഗ്രികളുമായെത്തിയ ലോറികള്‍ തടഞ്ഞിടുകയും, ഒരു വാഹനത്തിന്റെ ചില്ലു തകര്‍ക്കുകയും ചെയ്തു. കല്ലും കമ്പിപ്പാരയുമൊക്കെയായി സംഘടിച്ചെത്തിയ അക്രമികള്‍ നാട്ടുകാരെ വീടുകയറി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ ഒരാളെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. തുറമുഖനിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ കൂട്ടായ്മയുടെ സമരപ്പന്തല്‍ അടിച്ചു തകര്‍ത്തു. കാഴ്ച്ചക്കാരായി നോക്കിനിന്ന പോലീസ് അക്രമികള്‍ക്കെതിരെ നടപടികളെടുക്കുന്നതിനു പകരം നിര്‍മാണ സാമഗ്രികളുമായെത്തിയ ലോറികള്‍ തിരിച്ചുവിടുകയായിരുന്നു. ഫലത്തില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് പോലീസ് ചെയ്തത്. പോലീസ് തങ്ങളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കോടതിവിധികള്‍ പോലും ലംഘിച്ചുകൊണ്ട് അക്രമപ്പേക്കൂത്തുകള്‍ നടത്തുന്നത്. ചില മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ മാസങ്ങളായി ഇതുതുടരുകയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ആളെക്കൂട്ടുന്നതും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും. സമരരംഗത്ത് പാതിരിമാര്‍ നേരിട്ടെത്തുകയും ചെയ്യുന്നു. ഇതിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് സമരം സമാധാനപരമാണെന്ന് നുണ പറയുകയാണ്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ പരാതികള്‍ സുപ്രീംകോടതിയും ഹരിത ട്രിബ്യൂണലും തള്ളിയതാണ്. തുറമുഖ നിര്‍മാണം പകുതിയിലേറെ പൂര്‍ത്തിയാക്കുകയും ചെയ്തു. നിര്‍മാണ ചുമതലയുള്ള അദാനി ഗ്രൂപ്പില്‍നിന്നും സര്‍ക്കാരില്‍നിന്നും കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം മേടിച്ചെടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളും അവകാശവാദങ്ങളുമായി ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ഒരേസമയം അവിഹിതമായ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുക, തുറമുഖം തന്നെ വേണ്ടെന്നു വയ്പ്പിക്കുക എന്നീ ഗൂഢലക്ഷ്യങ്ങളാണ് സമരസമിതിക്കുള്ളത്. മതപുരോഹിതന്മാര് തന്നെ നേരിട്ട് രംഗത്തിറങ്ങുന്നതാണ് അനുയായികള്‍ക്ക് ആവേശം പകരുന്നതും അക്രമങ്ങളിലേക്ക് നയിക്കുന്നതും. കോടതിവിധിയൊക്കെയുണ്ട്, പക്ഷേ ഞങ്ങള്‍ പറയുന്നതൊന്നും സമരക്കാര്‍ കേള്‍ക്കുന്നില്ലെന്ന് ക്രൈസ്തവ പുരോഹിതന്മാര് പറയുന്നത് തട്ടിപ്പാണ്. ഇവരാണ് കോടതിവിധികള്‍ അംഗീകരിക്കാത്തത്. സമരത്തിന് മതപരമായ സ്വഭാവം നല്കി ആളെക്കൂട്ടുകയും ചെയ്യുന്നു. വിഴിഞ്ഞത്ത് ഒരു മദര്‍പോര്‍ട്ട് വരുന്നത് സംസ്ഥാനത്തിനും രാജ്യത്തിനും വലിയ വികസനനേട്ടങ്ങള്‍ കൊണ്ടുവരും. ഇതിനു തുരങ്കം വയ്ക്കാനാണ് മതശക്തികള്‍ ശ്രമിക്കുന്നത്. ചില വിദേശശക്തികളുടെ കറുത്ത കൈകളാണ് ഇതിനു പിന്നിലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. വിഴിഞ്ഞത്ത് തുറമുഖം വന്നാല്‍ ചില രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞം സമരത്തിന് ഈ ശക്തികള്‍ പലതരത്തിലുള്ള ഒത്താശകള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
കോടതി വിധികള്‍ ലംഘിച്ചും അക്രമാസക്ത സമരത്തിന് നേതൃത്വം നല്‍കിയതിന് ക്രൈസ്തവ പുരോഹിതര്‍ക്കെതിരെയും അക്രമം നടത്തിയവര്‍ക്കെതിരെയും പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. ഈ നടപടി നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു. കാരണം ഇതിനു മുന്‍പും ഇവര്‍ നിയമം ലംഘിച്ച് അക്രമം നടത്തുകയുണ്ടായി. കോടതിയില്‍ മറുപടി പറയേണ്ടിവരും എന്നതിനാലാണ് പോലീസ് പേരിന് നടപടിയെടുത്തിട്ടുള്ളത്. സമരം നടത്തുന്നത് സംഘടിത മതശക്തിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിന് സംരക്ഷണം ഒരുക്കാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചതാണ്. എന്നിട്ടും സമരക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് പോലീസ് ചെയ്തത്. സമരത്തെ എതിര്‍ത്ത് സിപിഎം രംഗത്തുണ്ടെങ്കിലും അത് ഒരു അടവുനയം മാത്രമാണ്. സമരം നടക്കട്ടെ എന്ന നയമാണ് സര്‍ക്കാരിനുള്ളത്. ഭരണം നിയന്ത്രിക്കുന്നവരുമായി സമരക്കാര്‍ക്ക് അവിശുദ്ധബന്ധമുള്ളതായി കരുതാന്‍ കാരണങ്ങളുണ്ട്. ഒരു മന്ത്രിയുടെ സഹോദരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഒരുകോടിയിലേറെ രൂപ സമരത്തിനുവേണ്ടി എത്തിച്ചിട്ടുള്ളതത്രേ. തലസ്ഥാന ജില്ലയിലെ ക്രൈസ്തവ വോട്ടു ബാങ്ക് ബലപ്പെടുത്തിയാല്‍ അത് തന്റെ രാഷ്ട്രീയ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുമെന്ന് ഈ മന്ത്രി കരുതുന്നുണ്ടാവാം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന സമരസമിതിയുടെ ആവശ്യം ആര്‍ക്കും അംഗീകരിക്കാനാവില്ല. അത് അസാധ്യവുമാണ്. മതത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കി വികസനപ്രവര്‍ത്തനം തടയാനുള്ള ശ്രമത്തെ അടിച്ചമര്‍ത്തുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: