തിരുവനന്തപുരം: മാറിയ കാലത്തിനനുസൃതമായി ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ പരിഷ്ക്കരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. വൈ.എം.സി.എയുടെ മോഡല്‍ ഐകര്യരാഷ്ട്ര സഭ 2022നെ തിരുവനന്തപുരത്തു അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലത്ത് ഐക്യരാഷ്ട്ര സഭയിലെ വിശാലമായ അംഗത്വത്തിന്റെ ശരിയായ വൈവിദ്ധ്യം ഇതില്‍ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ കൗണ്‍സില്‍ പരിഷ്കരിക്കണം. കൗണ്‍സിലിന്റെ അജന്‍ഡയില്‍ ഭൂരിഭാഗം വിഷയങ്ങള്‍ വരുന്ന വികസ്വര രാജ്യങ്ങളുടെ പ്രത്യേകിച്ച് ആഫ്രിക്കയുടെ പ്രാതിനിധ്യം അവിടെ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാറിക്കൊണ്ടിരിക്കുന്ന ലോകവും ശക്തരുടെ സ്വാധീനവുമാണ് ഐക്യരാഷ്ട്ര സഭയില്‍ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി അഭിപ്രായപ്പെട്ടു. വികസിത, വികസ്വര രാജ്യങ്ങളുടെ മുന്‍ഗണനകള്‍ വ്യത്യസ്തമായി തുടരുമ്പോഴും, ആഗോള അധികാര രാഷ്ട്രീയം വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന് ഗ്രൂപ്പിലുള്ള രാജ്യങ്ങളെക്കാള്‍ കുറവായിട്ടാണ് ചേരിചേരാ രാഷ്ട്രങ്ങളുടെയും ജി77 രാജ്യങ്ങളുടെയും കേന്ദ്രീകരണം. അംഗരാജ്യങ്ങളുടെ കൂട്ടായ താല്പര്യത്തിനെക്കാളേറെ ഗ്രൂപ്പ് താല്പര്യങ്ങളാണ് വിജയം കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 ഡിസംബറില്‍ ഇന്ത്യ വീണ്ടും സുരക്ഷാ കൗണ്‍സിലിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് എന്നും ഇന്ത്യ മുന്‍പന്തിയിലാണ്. 2021 ഓഗസ്റ്റില്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ മാറിമാറിവരുന്ന അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തശേഷം സുപ്രധാനമായ പല ആഗോള പ്രശ്നങ്ങളിലും മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു .
മനുഷ്യാവകാശ മേഖലകളിലെ പുരോഗതിയുടെ അംഗീകാരമാണ് 202224 കാലത്തേയ്ക്ക് ഇന്ത്യയെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. വികസനത്തിനുള്ള അവകാശം ഉള്‍പ്പെടെ പൗര, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക അവകാശങ്ങള്‍ പൂര്‍ണ്ണമായി സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഐക്യരാഷ്ട്രസഭയും അത് വളര്‍ത്തിയെടുത്ത അന്താരാഷ്ട്ര ബന്ധങ്ങളുടെ മാനദണ്ഡങ്ങളും തന്നെയാണ് ഇന്നത്തെ ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി തുടരുന്നതെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. വൈ.എം.സി.എയുടെ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് അന്തര്‍ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലോക സംസ്കാരങ്ങളിലേക്ക് പരിചയപ്പെടുത്തുന്നുവെന്നും വി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: