വെണ്ണല മോഹന്‍
ഓര്‍മ്മയില്‍ ഒരു ഗദ്ഗദം തങ്ങിനില്ക്കേ, നാല്പതാണ്ടുകളുടെ സൗഹൃദത്തില്‍ നിന്ന്, അനുഭവങ്ങളില്‍ നിന്ന് ഏത് തിരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്ന് ഓര്‍ക്കുമ്പോള്‍ വല്ലാതെ ബുദ്ധിമുട്ടി പോകുകയാണ്.
40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സായാഹ്നത്തിലാണ് വേണുവിനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം സൗഹൃദത്തിലേക്ക് കടന്നു.
ഒന്നോ രണ്ടോ പ്രാവശ്യം മാറമ്പിള്ളിയില്‍ ഉള്ള വേണുവിന്റെ വീട്ടിലേക്ക് ക്ഷണപ്രകാരം ഞാന്‍ ചെന്നിരുന്നു. അമ്മ സ്നേഹം ചേര്‍ത്തു വിളമ്പിയ ഊണ് കഴിച്ചു. ഇപ്പോഴും മറക്കാതെ രുചിയൂറുന്ന അന്നത്തെ കണ്ണിമാങ്ങ കറി ഓര്‍മ്മകളുടെ രസക്കൂട്ടില്‍, സ്വാദിഷ്ടമായ എരിവിന്റെ ആസ്വാദ്യതയായി നില്ക്കുന്നു.
അപ്പോഴാണ് കണ്ടത് മുറ്റത്ത് കുറച്ചു പുല്ല് പറിച്ച് കൂട്ടിയിട്ടിരിക്കുന്നു.
അത് കണ്ട് ഞാന്‍ തമാശയോടെ ചോദിച്ചു ‘മുറ്റത്തെ പുല്ലു പറിക്കുന്നതാണല്ലേ ഇപ്പോള്‍ ജോലി?’
‘അതേ മോഹന്‍, പുല്ലുപറിക്കും. അപ്പോഴൊക്കെ ഞാന്‍ ഒരു കാര്യം ചെയ്യും, കുഞ്ചന്റെയോ വള്ളത്തോളിന്റെയോ ജിയുടെയോ ഒക്കെ കവിതകള്‍ ഉച്ചത്തില്‍ ചൊല്ലും.’
അതെ. അതായിരുന്നു വേണു വാരിയത്ത്. ദിനകൃത്യങ്ങള്‍ക്കിടയില്‍ പോലും സാഹിത്യത്തിലൂടെ സഞ്ചരിച്ച എഴുത്തുകാരന്.
അക്കാലത്ത് വേണു കുട്ടിക്കവിതകളും കഥകളും എഴുതുന്നു. ചിലപ്പോള്‍ മാത്രം മുതിര്‍ന്നവര്‍ക്കുള്ള കഥകളും.
ഞാനോ, കവിതകളും കഥകളും നാടക പ്രവര്‍ത്തനങ്ങളുമായി നടക്കുന്നു. ഇടയ്ക്ക് മാത്രം ബാലസാഹിത്യവും.
അങ്ങനെ ആനുകാലികങ്ങളിലൂടെ എഴുത്തിന്റെ മേഖലകളില്‍ വിഹരിച്ചുകൊണ്ടിരിക്കെ പ്രസിദ്ധീകരണത്തിലെ പത്രപ്രവര്ത്തനങ്ങളിലേക്കായി വേണു.
ജന്മഭൂമിയിലും കുറച്ചുനാള്‍ വേണു ജോലി ചെയ്തു. അന്ന് എറണാകുളം നോര്‍ത്തില്‍ ആയിരുന്നു ജന്മഭൂമിയുടെ ഓഫീസ്.
ഞാനും പത്രപ്രവര്‍ത്തന രംഗത്തായി. വേണു ജന്മഭൂമി വിട്ടു. കേരളീയന് എന്ന പത്രത്തിലായി. ഞാന്‍ പി. നാരായണ്‍ജി പത്രാധിപരായിരുന്ന ജന്മഭൂമിയില് ഓണപ്പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്ജ്ജിലായി.
ഓണപ്പതിപ്പ് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങുമ്പോള്‍ വേണു പൂമ്പാറ്റയില്‍ സബ് എഡിറ്ററായി കഴിഞ്ഞിരുന്നു. ഞാനോ വാര്‍ത്ത വാരികയുടെ എഡിറ്ററും.
പിന്നീട് വേണു പൂമ്പാറ്റ വിട്ടു. ബാലരമയില്‍ ആയി. ഞാന്‍ വാര്‍ത്ത വാരിക വിട്ടു ഫിലിം മാസികയിലുമായി.
ഇടയ്ക്കിടെ എഴുത്തിന്റെ ഭാഗമായി കോട്ടയത്ത് പോകുമ്പോഴൊക്കെ വേണുവിനെ കാണാന്‍ മറന്നില്ല.
ഫിലിം മാസിക ഞാന്‍ വിട്ടു. ബാലരമയില്‍ നിന്ന് വീണു പോകുന്നതായി അറിഞ്ഞു. പിന്നീട് കുറെക്കാലം ഒരു ബന്ധവുമില്ലാതായി.
ഞാന്‍ കോട്ടയത്ത് ഒരു വാരികയുടെ എഡിറ്ററായി. ട്രെയിനില്‍ എല്ലാ ദിവസവും പോയി വരും. ഒരു ദിവസം വൈകുന്നേരം ട്രെയിനില്‍ കോട്ടയത്ത് നിന്നും തിരിച്ചുവരുമ്പോള്‍ ‘മോഹന്‍!’ ഒരു വിളി. പരിചിത ശബ്ദം.
തിരിഞ്ഞു നോക്കുമ്പോള്‍, തിരക്കിന്റെ അങ്ങേ അറ്റത്ത് വേണു. തിരക്കില്‍ തുഴഞ്ഞ് വേണു എന്റെ അടുത്ത് എത്തി.
ആലുവയില്‍ ഇറങ്ങേണ്ട വേണു എന്നോടൊപ്പം എറണാകുളത്ത് ഇറങ്ങി. ചായ ഊതി ആറ്റി കുടിച്ചു കൊണ്ട് വേണു പറഞ്ഞു. ‘ഞാനിപ്പോള്‍ പല പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടി ചിത്രകഥകളും മറ്റും ചെയ്യുന്നുണ്ട്. അത്യാവശ്യം പണവും സ്വാതന്ത്ര്യവും ഒക്കെ ഉണ്ടെടോ ചങ്ങാതി.’ അപ്പോള്‍ വേണു ഏതൊക്കെ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയാണ് വര്‍ക്ക് ചെയ്യുന്നത് എന്നത് കേട്ട് അത്ഭുതത്തോടെ ഞാനിരുന്നു.
ഫീച്ചര്‍ സിന്‍ഡിക്കേറ്റിനെ കുറിച്ചും ഫ്രീലാന്‍സ് ജേര്ണലിസത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വേണു പറഞ്ഞു. പോകാന്‍ നേരം പതിവ് രീതിയില്‍ ഒരു ചിരിയോടെ കൂട്ടിച്ചേര്‍ത്തു.
ഒരു കാര്‍ വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് പിന്നീട് വേണു എന്റെ അടുത്ത് എത്തിയത്. മസാല ദോശയും കഴിച്ച് പ്രയത്നത്തിന്റെയും പ്രതിഫലത്തിന്റെയും കഥകള്‍ സംസാരിച്ചു. അപ്പോള്‍ ചെയ്യുന്ന കാര്യങ്ങളും പറഞ്ഞു.
വീട്ടില്‍ തന്നെ ഓഫീസ് പ്രവര്‍ത്തിപ്പിച്ചു കൊണ്ട് വേണു തികച്ചും രചന-പത്രാധിപരംഗത്ത് സക്രിയമായി കഴിയുന്നു.
50 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ചില കൃതികള്‍ 15 ഏറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു! നേപ്പാളി, സിംഹള ഭാഷയിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. വിശ്വസംസ്കൃതി പ്രതിഷ്ഠാനുവേണ്ടി രചിച്ച സംസ്കൃത പുസ്തകങ്ങള്‍ക്ക് ദേശീയ പുരസ്കാരം! ആപ്പിള്‍ ബീസ്, ടെല്‍ മി മോര് എന്നീ ഇംഗ്ലീഷ് മാസികകളുടെ പത്രാധിപരായും പ്രവര്‍ത്തിക്കുന്നു.
മലയാളത്തില്‍ എത്രയോ ബാലസാഹിത്യകാരന്മാരുണ്ട്. അവരില്‍ എത്രപേര്‍ക്ക് ഇതൊക്കെ കഴിഞ്ഞു ? ഗണനീയമായ ഈ കഴിവുകളും നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തേണ്ടവര്‍ എന്തേ കാണാതെ പോകുന്നു?
ഇതിനിടെ ഒട്ടേറെ പ്രോജക്ടുകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ബാലസാഹിതി പ്രകാശന്റെ വൈസ് ചെയര്മാന് കൂടിയായിരുന്ന വേണു മാസങ്ങള്‍ക്ക് മുന്‍പ് എന്നെ വിളിച്ച് സമ്മാനപ്പെട്ടിക്കുവേണ്ടി ഒരു പുസ്തകം തയ്യാറാക്കി കൊടുക്കാന്‍ പറഞ്ഞു. ഞാനത് ഏറ്റു. ചെയ്തു. സമ്മാനപ്പെട്ടിയില്‍ ഒരു പുസ്തകം എന്റേതുകൂടിയായി.
ഇതിനിടെയാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന വേണു എന്നെയും സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ടിരുന്നത്. ഞാന്‍ പലതും പറഞ്ഞ് ഒഴിഞ്ഞു മാറി.
‘തന്റെ മടിയൊന്നു മാറ്റടോ മോഹന്‍’
പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ചിരിച്ചു.
കവി എസ്. രമേശന് നായരുടെ മരണശേഷം ഓര്‍മ്മ പുസ്തകം തയ്യാറാക്കിയപ്പോഴും വേണു എന്നെ വിളിച്ചുപറഞ്ഞു. ‘നിങ്ങള്‍ തമ്മില്‍ എത്രയോ കാലത്തെ ബന്ധമാണ് ഉള്ളത് മോഹന്‍. ഒരു ലേഖനം തരൂ.’
ഞാന്‍ പറഞ്ഞു. ‘സൗഹൃദ അനുഭവങ്ങള്‍ എന്റെ സ്വകാര്യ സ്വത്താണ് വേണു. ഞാന്‍ അത് ആര്‍ക്കും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. മനസ്സിന്റെ ചിമിഴില്‍ ശേഖരിച്ച ആ കുഞ്ഞിമണികള്‍ എനിക്ക് മാത്രം എടുത്ത് താലോലിക്കാനുള്ളതാണ്. ഞാന്‍ രമേശേട്ടനെ കുറിച്ച് എഴുതുന്നില്ല.’
വേണു ചിരിച്ചു!
കാലം കരുതിവച്ചത് ഇതായിരുന്നോ? ഓര്‍മ്മകളുടെ ഫ്രെയിമുകള്‍ ഒതുക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു പോകുന്നു.
വേണുവിനെ കുറിച്ച് ഫീച്ചര്‍ എഴുതാനിരുന്ന എനിക്ക് ഈ ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ ആണല്ലോ നിയോഗമായത്. സൗഹൃദ ഓര്‍മ്മകള്‍ എന്റെ സ്വകാര്യ സ്വത്തായി മാത്രം മാറ്റിവയ്ക്കുന്ന എനിക്ക് കുറച്ചെങ്കിലും പകുത്തു നല്‍കേണ്ടി വന്നല്ലോ?
വേണു സൗമ്യമായ ജീവിതത്തിലൂടെ നിത്യശാന്തിയിലേക്ക് പോയപ്പോള്‍, അശാന്തമായ മനസ്സോടെ കണ്ണീര് പൂക്കള്‍ അര്പ്പിക്കാനിവിടെ ഞാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: