ദോഹ: ഓരോ ലോകകപ്പിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി മിന്നിത്തിളങ്ങുന്ന ഒരു താരം ഉണ്ടായിരിക്കും. ഈ ഖത്തര്‍ ലോകകപ്പില്‍ അത് ഫ്രാന്‍സിന്റെ സൂപ്പർ താരം എംബാപ്പെയാകുമോ? ഫുട്ബാള്‍ വിദഗ്ധര്‍ ഉയര്‍ത്തുന്ന ചോദ്യമിതാണ്. കാരണം രണ്ട് കളികളില്‍ നിന്നും എംബാപ്പെ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. എംബാപ്പെയുടെ മികവില്‍ രണ്ട് ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കളിക്കുന്ന 16 ടീമുകളില്‍ ഒന്നായി സ്ഥാനം പിടിച്ചുകഴിഞ്ഞു.
ശനിയാഴ്ച രണ്ടാമത്തെ കളിയില്‍ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തകർത്തത്. രണ്ട് ഗോളുകളാണ് ഈ മത്സരത്തില്‍ എംബാപ്പെ നേടിയത്. 61, 86 മിനിട്ടുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ പിറന്നത്.
ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാനുള്ള സുവർണപാദുകത്തിനായുള്ള പട്ടികയില്‍ മൂന്ന് ഗോളുകളോടെ എംബാപ്പെ മുന്‍നിരയിലെത്തി. അതിവേഗമുള്ള കരുനീക്കങ്ങളാണ് എംബാപ്പെയുടെ സവിശേഷത. ഇതിന് മുന്നില്‍ പലപ്പോഴും ഡെന്മാര്‍ക്ക് പ്രതിരോധം തകര്‍ന്നു.
അവസരം സൃഷ്ടിച്ചും സഹതാരങ്ങൾക്ക് ഗോളിന് വഴിയൊരുക്കിയും എംബാപ്പെ തന്നെയാണ് ഡെൻമാർക്കിനെതിരെ കളംനിറഞ്ഞ് കളിച്ചത്. ഇപ്പോള്‍ രണ്ട് ലോകകപ്പുകളിലായി എംബാപ്പെ നേടിയ ഗോളുകള്‍ ഏഴ്. ലോകകപ്പ് ചരിത്രത്തിൽ 25 വയസിന് മുമ്പ് ഏഴോ അതിലധികമോ ഗോള്‍ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് എംബാപ്പെ. ബ്രസീല്‍ താരം പെലെ മാത്രമാണ് എംബാപ്പെയ്‌ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഫ്രാൻസിനുവേണ്ടി ഇതുവരെ 31 ഗോളുകളാണ് എംബാപ്പെ നേടിയത്.
ആദ്യ മത്സരത്തിൽ 4-1ന് ഫ്രാന്‍സ് ഓസ്ട്രേലിയയെ തകർത്തിരുന്നു. എംബാപ്പെ-തിയോ ഹെർണാണ്ടസ് സഖ്യമാണ് ഇപ്പോള്‍ എതിരാളികള്‍ക്ക് പേടി സ്വപ്നമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: