തിരുവനനന്തപുരം: കേരളത്തിലെ പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയ ശശിതരൂരും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഗ്രൂപ്പും തമ്മിലുളള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. അച്ചടക്ക സമിതിയെ ഉപയോഗിച്ച് തരൂരിനെ ഒതുക്കാനാണ് സതീശന്റെ നീക്കം. എന്നാല്‍ അത് ഗൗനിക്കാതെ മുന്നേറുകയാണ് തരൂര്‍.
പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാമെന്ന് ഇന്നലെ കെപിസിസി അച്ചടക്ക സമിതി മുന്നറിയിപ്പ് നല്കി. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും പങ്കെടുക്കാം. എന്നാല്‍ സൗഹൃദാന്തരീക്ഷം കളയരുത്. ഇത് അച്ചടക്കസമിതി നിര്‍ദേശമായി നേതാക്കള്‍ക്ക് നല്‍കും. ഭിന്നിച്ചു നില്ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി അച്ചടക്ക സമിതിയുടെ തീരുമാനം. ഡിസിസി അനുമതിയുള്ള ഏത് പരിപാടിയിലും പങ്കെടുക്കാമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നിലപാട്.
തരൂര്‍ സതീശന് പോര് താഴെത്തട്ടില്വരെയെത്തിക്കഴിഞ്ഞു. ഇതിന്റെ സൂചനയാണ് കോട്ടയത്തെ ഫ്ലക്സ് വിവാദം. കാശുള്ള ആര്‍ക്കും ഫ്ലക്സ് വയ്ക്കാമെന്നാണ് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. ശശി തരൂര്‍ എംപിയെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം തര്‍ക്കത്തിലാണ് കലാശിച്ചത്. കോഴിക്കോട് ശശിതരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന് എംപി അച്ചടക്ക സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്.
തരൂരിനെ സംസ്ഥാനത്ത് കൂടുതല്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാനാണ് അനുകൂല വിഭാഗത്തിന്റെ നീക്കം. ഇതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങി. തരൂരിനെ വ്യക്തിപരമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്ന നേതാക്കളുടെ എണ്ണവും കൂടി. അക്കൂട്ടത്തില്‍ പ്രമുഖരും ഉണ്ടെന്നാണ് സൂചന. തരൂര്‍ പങ്കെടുക്കുന്ന കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പിന്മാറി. തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന വിവാദത്തില്‍ സമരം നടത്തി ജയിലിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞദിവസം തരൂര്‍ ജയിലില്‍ എത്തി കണ്ടു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രമെന്നാണ് കെ. സുധാകരന്, സതീശന് അനുകൂലികളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: