മലപ്പുറം : ലോകകപ്പ് ഫുട്ബോളിനെ സ്പോര്‍ട്സ്മാന്‍ സിപിരിറ്റില്‍ മാത്രം കാണുകയെന്ന് സമസ്ത. ആരാധകര്‍ ഫുട്ബോള്‍ താരങ്ങളെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത ജമിയത്തുള്‍ ഖുതുബ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അറിയിച്ചു. നാടാകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് ഇസ്ലാം മത വിശ്വാസികള്‍ ഇതിനെ എങ്ങനെ സമീപിക്കണമെന്ന് സമസ്ത മാര്‍ഗ നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാര്‍ക്ക് നല്കിയ വിഷയത്തിലാണ് സമസ്ത ഇത്തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഫുട്ബോള്‍ കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു.
എന്നാല്‍ നമസ്കാരം കൃത്യസമത്ത് നിര്‍വഹിക്കുന്നതില്‍നിന്നും തടസ്സപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസികളുടെ സമീപനമെന്നും ഖുറാനെ ഉദ്ധരിച്ചുകൊണ്ട് സമസ്ത അറിയിച്ചു. ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല. ചെലവിടുന്ന സമയവും പണവും അവന്റെ ദൈവം നല്‍കിയതാണ്. അതുകൊണ്ടുതന്നെ ഫുട്ബോള്‍ ലഹരിയായി തീരാന്‍ പാടില്ല.
ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി. നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.
രാത്രി സമയങ്ങളില്‍ ലോകകപ്പ് കളി കാണുന്നവര്‍ പകലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് ഭംഗം വരാതെ ശ്രദ്ധിക്കണം. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. ഫുട്ബോളിനോടുള്ള സ്നേഹവും ആരാധകരോടുള്ള താല്പര്യവുമാണ് പല സ്ഥലങ്ങളിലായുള്ള താരങ്ങളുടെ കൂറ്റന്‍ ഫ്ളക്സുകള്‍ക്ക് പിന്നിലുള്ളത്. വിശ്വാസികള്‍ അതിര് വിട്ട് താരങ്ങളെ ആരാധിക്കുന്നത് അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്തയുടെ കുറിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: