കോഴിക്കോട് : കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്തവരെ പോലീസ് ബലപ്രയോഗത്തിലൂടെ നീക്കിയതായി ആരോപണം. പ്രതിഷേധിച്ച സ്ത്രീകളേയും കുട്ടികളേയും പോലീസ് ബലംപ്രയോഗിച്ച് മാറ്റിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. എതിര്‍പ്പ് വകവെയ്ക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ചയും തുടര്‍ന്നതോടെയാണ് പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയത്.
നിര്‍മാണത്തിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച സ്ത്രീകളേയും കുട്ടികളെയും പോലീസ് ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഇതോടെ സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ ശ്രമിച്ചതോടെയാണ് പോലീസ് കുട്ടിയേയും ബലപ്രയോഗത്തിലൂടെ നീക്കിയത്. ജനവാസമേഖലയ്ക്ക് നടുവില്‍ പ്ലാന്റ് പണിയാന്‍ അനുവദിക്കില്ലെന്ന നിലാപാടിലാണ് ജനങ്ങള്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കുട്ടിക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെത്തുടര്‍ന്നാണ് കോഴിക്കോട് കോര്പ്പറേഷന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതേസമയം സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ, മുഖദാര്‍ ചാലപ്പുറം വാര്‍ഡുകളില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: