Categories: Kerala

വീണ്ടും കബാലി; കെഎസ്ആര്‍ടിസി ബസിനെ കൊമ്പില്‍ കുത്തി ഉയര്‍ത്തി പരാക്രമം, ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ട് മണിക്കൂറോളം

മദപ്പാട് ഉണ്ടായതിനാലാണ് ഇത്തരത്തില്‍ വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കബാലി എന്ന ആനയുടെ സാന്നിധ്യം റോഡില്‍ ഉണ്ടെങ്കിലും ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Published by

തൃശൂര്‍ : വീണ്ടും കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാന കബാലിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരെയാണ് കബാലിയുടെ ആക്രമണമുണ്ടായത്. ബസിനുനേരെ പാഞ്ഞടുത്ത ആന, ബസിനെ കൊമ്പില്‍ കുത്തി ഉയര്‍ത്തുകയായിരുന്നു.  

രാത്രി എട്ട് മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. ആദ്യം ബസ് കടത്തിവിടാതെ ആന റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു. പെട്ടന്ന് അക്രമാസക്തനായി പാഞ്ഞടുത്ത കബാലി ബസിനെ കൊമ്പില്‍ കുത്തിഉയര്‍ത്തി തഴെവെക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെങ്കിലും മണിക്കൂറുകളോളമാണ് കബാലി യാത്രക്കാരെ പരിഭ്രമത്തിലാഴ്‌ത്തിയത്. രണ്ടു മണിക്കൂറിലേറെ ബസിനുനെരെ കബാലിയുടെ പരാക്രമം തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് രാത്രി 8 മണിക്ക് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാനായി എട്ട് കിലോമീറ്ററോളം ഡ്രൈവര്‍ ബസ് പിന്നോട്ടോടിച്ചത്. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു ഈ സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയാണ് ഡ്രൈവര്‍ അംബുജാക്ഷന്‍ ബസ് സാഹസികമായി ഓടിച്ചത്. അതേസമയം മദപ്പാട് ഉണ്ടായതിനാലാണ് ഇത്തരത്തില്‍ വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കബാലി എന്ന ആനയുടെ സാന്നിധ്യം റോഡില്‍ ഉണ്ടെങ്കിലും ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അടുത്ത കാലത്തായാണ് കബാലി കൂടുതല്‍ അക്രമണകാരിയാകുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക