മഞ്ചേരി: ഉസ്ദാദ്മാർക്കൊരു വീട് എന്ന പദ്ധതിയിൽ വീട് നിർമിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് മുൻകൂറായി പണം സ്വീകരിച്ച് രേഖകളില്ലാതെ ലക്ഷങ്ങൾ കൈവശം വെച്ച കേസിൽ നാലു പേരെ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം രാമപുരം സ്വദേശി പെരുമ്പള്ളി വീട്ടിൽ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരംക്കോടൻ വീട്ടിൽ അബ്ദുൽ ജബ്ബാർ (39), പെരിന്തൽമണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടിൽ ഹുസൈൻ (31), പാലക്കാട് അലനല്ലൂർ കർക്കടാംകുന്ന് ചുണ്ടയിൽ വീട്ടിൽ ഷൗക്കത്തലി (47) എന്നിവരാണ് പിടിയിലായത്.
മഞ്ചേരി മുട്ടിപ്പാലത്ത് ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചാണ് ഇവർ പണം സ്വീകരിച്ചത്. ഇവരിൽ നിന്ന് 58.5 ലക്ഷം രൂപയും ആറ് മൊബൈൽ ഫോണുകൾ, ഇലട്രോണിക് നോട്ടെണ്ണൽ യന്ത്രം, നിരവധി റസീപ്റ്റ് ബുക്കുകൾ, എഗ്രിമെന്റ് പേപ്പറുകൾ, ഉടമ്പടി കരാർ രേഖകൾ എന്നിവയും പിടിച്ചെടുത്തു. രണ്ടാം പ്രതിയായ മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ കരിങ്കല്ലത്താണിയിലെ വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തി 70000 രൂപയും പിടിച്ചെടുത്തു.
ജില്ലാ സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുട്ടിപ്പാലത്തെ ഡിവൈൻ ആന്റ് ചാരിറ്റബിൾ സ്ഥാപനത്തിന്റെ ഓഫീസിൽ മഞ്ചേരി സ്റ്റേഷൻ ഓഫീസർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിൽ പൊലിസ് പരിശോധന നടത്തിയത്. Banning of Unreguletted Deposit Scheams Act – 2019 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 93 പേരിൽ നിന്നായി ഒരു കോടി 18-ലക്ഷത്തി 58,000 രൂപ പിരിച്ചെടുത്തതായി പൊലിസ് പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: