‘ഭാരതമെന്ന പേര് കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നുകേട്ടാല്‍ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍’
ദേശീയ വികാരം പ്രകടിപ്പിക്കുന്നതാണ് വള്ളത്തോളിന്റെ ഈ വരികള്‍. ഭാരതമെന്തന്നറിയാത്ത മദാമ്മമാര്ക്കിതെങ്ങിനെ മനസ്സിലാകാന്‍. മത്സരിക്കാനുള്ള ഉറപ്പുള്ള ഒരിടംതേടി കേരളത്തിലെത്തിയവരുടെ ഞരമ്പുകളില്‍ ചോര ഉണ്ടോ എന്നുകൂടി തപ്പിനോക്കേണ്ട സമയത്താണ് കഥാകാരന് ടി പദ്മനാഭന്റെ ഉപദേശം. ‘ഇന്ത്യയെന്ന വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്കിടയിലാണ് ശശിതരൂര്‍ ജീവിക്കുന്നതെന്ന്’.
‘അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാലുവാരി. വലിയവരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ വാമനന്മാരാണ്. വിവരമുള്ളവരേയും അക്ഷരസ്നേഹികളേയും ഞങ്ങള്‍ സഹിക്കില്ല. അവരുടെ നടുവിലേക്കാണ് നിങ്ങള്‍ വന്നത്. ഇത്രയും കാലം ആരോഗ്യത്തോടെ നിന്നത് തന്നെ ഭാഗ്യം.’ മാഹി കലാഗ്രാമത്തില്‍ പദ്മനാഭന്റെ പ്രതിമാ അനാവരണ ചടങ്ങിലാണ് ശശി തരൂരിനെക്കുറിച്ച് പദ്മനാഭന് ഇങ്ങിനെ പറഞ്ഞത്.
ശശി തരൂര്‍ തുടക്കമിട്ട മലബാര്‍ കൂട്ടായ്മക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം കലിപ്പിലാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ശശി തരൂരിനെതിരെ കൈ ഉയര്‍ത്തിയും മുഷ്ടിചുരുട്ടിയും പോര്‍ക്കളത്തിലാണ്. അതിനിടെ മുസ്ലീംലീഗ് പ്രസിഡന്റിനെ പാണക്കാട് വീട്ടില്‍ സന്ദര്‍ശിച്ചും മറുവാക്ക് ഉയര്‍ത്തിയും ശശിതരൂരും മുന്നോട്ട്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് തരൂരില്‍ നിന്നുണ്ടാകുന്നതെന്ന ഉറച്ചനിലപാടിലാണ് സതീശന്. ശശിതരൂര്‍ ഊതിവീര്‍പ്പിച്ച ബലൂണാണെന്നും ഒരു സൂചിമതി തരൂരിന്റെ കാറ്റുതീരാനെന്ന വാദവും പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിക്കുന്നു.
പരസ്യമായ പ്രതികരണം വേണ്ടെന്ന നിര്‍ദ്ദേശവുമായി കെ. സുധാകരന് രംഗത്തുണ്ട്. പരസ്യമായ പ്രതികരണത്തിനെന്താണ് കുഴപ്പമെന്ന് ശശിതരൂര്‍. വിലക്ക് ശശി തരൂരിന് ഏറെ പ്രചാരണം ഉണ്ടാക്കിക്കൊടുത്തു എന്ന് കെ.മുരളീധരന്. മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാണ് ശശിതരൂരിന്റെ വിലക്കിന് പിന്നിലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പക്ഷേ അതാരാണെന്ന് പറയാന്‍ താന്‍ തയ്യാറല്ലെന്നാണ് മുരളി പറയുന്നത്. ഉമ്മന്‍ചാണ്ടിയാണെന്ന് ഒരു കൂട്ടര് വെളിപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടി പക്ഷേ, ചികിത്സയും വിശ്രമവുമായി കഴിയുകയാണ്.
മുഖ്യമന്ത്രിപദം തന്നെ ലക്ഷ്യമിട്ട് ശശിതരൂര്‍ സന്നാഹമത്സരത്തിന് ഇറങ്ങിയതാണെന്ന സംശയം കോണ്‍ഗ്രസില്‍ ശത്രുക്കളെ പോലും ഒന്നിപ്പിക്കുകയാണ്. തരൂരിനോടുള്ള എതിര്‍പ്പില്‍ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും വി.ഡി.സതീശനും ഒരുപക്ഷത്താണെന്നതാണ് രസകരം. പ്രവര്‍ത്തകരുടെ വികാരവും ഒഴുക്കും തിരിച്ചറിഞ്ഞ് കെ.സുധാകരനും തരൂരിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ തരൂരിന്റെ പരിപാടിയില്‍ പങ്കെടുത്തത് ഇതിന്റെ തെളിവാണ്. നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും എ ഗ്രൂപ്പിന്റെ മാനസിക പിന്തുണ തരൂരിനുണ്ട്. വിവാദം അനാവശ്യമായിരുന്നുവെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. തരൂരിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല, മുന്നണിക്കുള്ളിലുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ശശി തരൂര്‍ എല്ലാവര്ക്കും സ്വീകാര്യന്‍ എന്ന വിശേഷണമാണ് ശക്തമാകുന്നത്. യുവനിരയെ ഒപ്പം നിര്‍ത്തി താഴെത്തട്ടില്‍ സ്വാധീനം ശക്തിപ്പെടുത്തി ഘടകക്ഷികളുടെയും സമുദായസംഘടനകളുടെയും പിന്തുണ ഉറപ്പിച്ച് മുന്നേറുകയാണ് തരൂരിന്റെ ലക്ഷ്യമെന്നുവേണം അനുമാനിക്കാന്‍. ഇതിനിടയില്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ കെ.മുരളീധരന്, എം.കെ.രാഘവന് ഉള്‍പ്പെടെയുള്ളവരുടെ കൂടി പിന്തുണ ലഭിക്കുന്നത് തരൂരിന് നേട്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മാഹി കലാ ഗ്രാമത്തില്‍ സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ തരൂരിനോട് ഒരു പഴയ കോണ്‍ഗ്രസുകാരന്റെ അവകാശത്തോടെ ചിലത് പറയാനുണ്ടെന്ന് അറിയിച്ചായിരുന്നു ടി.പദ്മനാഭന്റെ വാക്കുകള്‍. എന്തുവന്നാലും പാര്‍ട്ടി വിട്ടു പോകരുതെന്ന് ഹാസ്യരൂപേണ ഒരു ഉപദേശവും ടി.പദ്മനാഭന് തരൂരിന് നല്കി. വി.കെ.കൃഷ്ണമേനോന്റെ ഗതി ഉണ്ടാകരുതെന്ന ഉപദേശവും റ്റി. പദ്മനാഭന് നല്കുകയുണ്ടായി. ‘നെഹ്റുവിന്റെ തണലിലായിരുന്ന കൃഷ്ണമേനോന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നെഹ്രു മരിച്ചപ്പോള്‍ കൃഷ്ണമേനോന് ഉണ്ടായ അനുഭവം ഓര്‍ക്കണം. എഐസിസി പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ചപ്പോള്‍ എനിക്ക് ബേജാറുണ്ടായിരുന്നു. എഐസിസി ഓഫീസിലെത്തി അതിദേവതകളെ വന്ദിച്ച് അനുഗ്രഹം തേടിയപ്പോള്‍ തന്നെ കാലുവാരല്‍ തുടങ്ങി എന്നും പദ്മനാഭന് ഓര്‍മിപ്പിച്ചു.
സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച ശശി തരൂര്‍ എം.പിയുടെ മലബാര്‍ പര്യടനത്തിന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പുകള്‍ ശക്തമാണ്. തരൂര്‍ പങ്കെടുക്കാനിരുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് തടയുകയും ചെയ്തിരുന്നു. ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയോ, അതിനായി വേദി ഒരുക്കുകയോ ചെയ്താല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
എം.ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയ തരൂര്‍ കശ്യപാശ്രമ മഠാതിപധി എം.ആര്. രാജേഷുമായും കൂടിക്കാഴ്ച നടത്തി. പാണക്കാട് തങ്ങളുമായും, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുമ്പെങ്ങുമില്ലാത്തതരത്തിലാണ് തരൂര്‍ പ്രവര്‍ത്തനയിടമായ കേരളത്തില്‍ പര്യടനം ആരംഭിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് തരൂരിന്റെ പര്യടനം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജനകീയ ശ്രദ്ധ പിടിച്ചു പറ്റിയ ശേഷമാണ് തരൂരിന്റെ കേരളത്തിലേക്കുള്ള വരവ്. വരും കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കുള്ള ചുവടുവെപ്പാണ് തരൂരിന്റേത് എന്ന തരത്തിലടക്കം ചര്‍ച്ചകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. താന്‍ രാഷ്ട്രീയത്തില്‍ വന്നത് തന്നെ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകാനോ തനിക്കൊരു ഗ്രൂപ്പുണ്ടാക്കാനോ ആയിരുന്നില്ലെന്ന് ആണയിടുന്ന തരൂര്‍, പക്ഷേ ശക്തമായ ഗ്രൂപ്പുതന്നെയാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് എം.പി. എം.കെ.രാഘവനും മറ്റ് പ്രമുഖ നേതാക്കളും ഒപ്പമുണ്ട്. തന്റെ ഗ്രൂപ്പ് ‘യു’ യുണൈറ്റഡ് ആണെന്നാണ് തരൂരിന്റെ വാക്കുകള്‍. വാക്കും വക്കാണവുമായി മുഖ്യപ്രതിപക്ഷം അരങ്ങുവാഴുമ്പോള്‍ ഇത് നല്ല സമയമെന്നമട്ടിലായിരിക്കുന്ന ഭരണപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: