തിരുവല്ല: ശബരിമല ഡ്യൂട്ടിക്ക് സബ് ഗ്രൂപ്പുകളില്‍ നിന്ന് ജീവനക്കാര്‍ പോയതോടെ മറ്റ് ക്ഷേത്രങ്ങളിലെ നിത്യനിദാനം പ്രതിസന്ധിയില്‍. ഇതോടെ ആചാരപരമായ ചടങ്ങുകള്‍ അടക്കം അപൂര്‍ണമായി നിര്‍വഹിക്കേണ്ട അവസ്ഥയിലാണ്. ക്ലറിക്കല്‍ തസ്തികകള്‍ക്ക് പുറമെ അടിയന്തിര തസ്തികയിലെ ജീവനക്കാരും പോയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്.
വാദ്യവിതാനത്തോടെയുള്ള ശ്രീഭൂതബലി, പടിത്തര വ്യവസ്ഥയിലുള്ള കലശാദിപൂജകള്‍ അടക്കം പലയിടത്തും ഏറെ ബുദ്ധിമുട്ടിയാണ് നടത്തുന്നത്. ഇത്തവണ 1400 ജീവനക്കാരെയാണ് മണ്ഡലം- മകര വിളക്ക് കാലത്ത് ക്ഷേത്രങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ഇവര്‍ മകരവിളക്ക് വരെ തുടരണം. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മഹാക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെയാണ് നിലവിലെ പ്രതിസന്ധികള്‍ ഏറെ ബാധിക്കുന്നത്.
പലപ്പോഴും ജീവനക്കാര്‍ സ്വന്തം നിലയ്ക്ക്, പകരം ആളെ ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് ഇതിന് കൊടുക്കേണ്ട പ്രതിഫലം ജീവനക്കാരുടെ പക്കല്‍ നിന്നുമാണ് ചിലവാകുന്നത്. ഇതോടെ പലജീവനക്കാരും പകരം ആളെ ഏര്‍പ്പെടുത്താറില്ല. ദേവസ്വം സ്ക്വാഡുകളും വിഷയത്തില്‍ കണ്ണടയ്ക്കുന്നതോടെ ആചാര അനുഷ്ഠാനങ്ങളില്‍ വലിയ ലോപമാണ് ഉണ്ടാകുന്നത്. പാണി അടക്കമുള്ള അതിപ്രാധാന്യമുള്ള ചടങ്ങുകള്‍ക്ക് പലപ്പോഴും പകരക്കാര്‍ പരിചയമുള്ളവര്‍ ആയിരിക്കണമെന്നില്ല. പലയിടത്തും ഇതോടെ ചടങ്ങ് ഒഴിവാക്കേണ്ടിവരുന്നു.
ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി വിധിയും കൂടി വന്നതോടെ ജീവനക്കാരും വെട്ടിലായി. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് താല്കാലിക വ്യവസ്ഥയില്‍ അധിക ജീവനക്കാരെ നിയമിക്കാന്‍ നേരത്തേ ദേവസ്വം ബോര്‍ഡ തീരുമാനമെടുത്തിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ അതും വേണ്ടവിധം നടന്നില്ല. ആകെയുള്ള ജീവനക്കാര്‍ക്ക് ഇരട്ടി ജോലിഭാരം നല്‍കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്.
പ്രധാന സാമ്പത്തിക സ്രോതസ്സായ തീര്‍ഥാടനകാലത്ത് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെ ജീവനക്കാരെ വലയ്ക്കാനാണ് ഇവരുടെ ശ്രമം. ദേവസ്വം ബോര്‍ഡിന്റെ 1250 ക്ഷേത്രങ്ങളില്‍ 60 മേജര്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് വരുമാനമുള്ളത്. ഇവിടുത്തെ കാര്യങ്ങളും നിലവില്‍ ഏറെ പ്രതിസന്ധിയിലാണ്.5,692 ജീവനക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഔദ്യോഗികമായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: