തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി അനില്‍കാന്താണ് അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്. കത്ത് വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമയ്ക്കലിനാണ് നിലവില്‍ കേസെടുത്ത് അന്വേഷിക്കുന്നത്.
കത്ത് പുറത്തുവരികയും ഇത് വിവാദമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് മേയറുടേയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മൊഴി വിശ്വാസത്തിലെടുത്ത് കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തില്‍ എത്തുകയായിരുന്നു.
മേയറുടെ പേരില്‍ പുറത്തുവന്ന കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ച് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കത്ത് സംബന്ധിച്ച് കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു.
നിലവില്‍ വ്യാജരേഖ ചമയ്ക്കലിനുള്ള വകുപ്പ് ചുമത്തിയാകും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റ് അന്വേഷിക്കണം എന്നതു സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ചതന്നെയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കത്തുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് അനുസരിച്ച് കത്ത് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് കത്തിന്റെ യഥാര്‍ഥ കോപ്പി കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല അത് എവിടെനിന്ന് ഉത്ഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: