വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാശി-തമിഴ് സംഗമം ആധുനികകാലത്തും ഭാരതീയ സംസ്‌കാരത്തിന്റെ വൈവിധ്യവും ഐക്യവുമാണ് വിളിച്ചോതുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാല സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ചരിത്രപരമായ പ്രാധാന്യവും സമകാലീന പ്രസക്തിയും എടുത്തു പറയേണ്ടതുണ്ട്. പൗരാണിക കാലം മുതല്‍ തമിഴ്‌നാടും കാശിയും തമ്മില്‍ നടന്നിട്ടുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ അന്വേഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള കാശി-തമിഴ് സംഗമത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും പണ്ഡിതന്മാരും ചിന്തകന്മാരും കലാകാരന്മാരും കരകൗശല വിദഗ്ധരും ഒന്നുചേരുന്നു എന്നത് പ്രധാന സവിശേഷതയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 2500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനു പുറമെ കൈത്തറി മുതല്‍ പാചകരീതികള്‍ വരെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ തമിഴ് ഭാഷയിലെ ആത്മീയ ഗ്രന്ഥമായ തിരുക്കുറലും, കാശി-തമിഴ് സംസ്‌കാരത്തെക്കുറിച്ചുള്ള പുസ്തകങ്ങളും പ്രധാനമന്ത്രി പ്രകാശനം ചെയ്തത് പുതിയൊരു തുടക്കമാണ്. ഉദ്ഘാടന പരിപാടിയില്‍ തെന്നിന്ത്യന്‍ സംഗീതത്തിലെ മുടിചൂഡാമന്നനായ ഇളയരാജ പങ്കെടുത്തതും, സംഘത്തോടൊപ്പം ഗാനം ആലപിച്ചതും വിസ്മയകരമായ അനുഭവമായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും മറ്റും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തില്‍ പ്രധാനമന്ത്രിയെക്കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും കേന്ദ്രമന്ത്രിമാരായ എല്‍. മുരുകനും ധര്‍മേന്ദ്ര പ്രധാനുമൊക്കെ പങ്കെടുത്തത് ചടങ്ങിന്റെ ഗാംഭീര്യത്തിനു മാറ്റുകൂട്ടി.
ഗംഗാ-യമുനാ സംഗമത്തോടാണ് പ്രധാനമന്ത്രി കാശി-തമിഴ് സംഗമത്തെ ഉപമിച്ചത്. ഭാരതത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് കാശിയെന്നും, തമിഴ്‌നാടും തമിഴ് സംസ്‌കാരവും പൗരാണികമായ സാംസ്‌കാരിക കേന്ദ്രമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ കാശി-തമിഴ് സംഗമം ശക്തിയുടെ ആഘോഷമാണ്. ഇങ്ങനെയൊക്കെ അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചതുതന്നെ വലിയൊരു ഭാഗ്യമാണ്. അഞ്ഞൂറുവര്‍ഷത്തോളമായി ഇതിന് വിപരീതദിശയിലായിരുന്നു സ്ഥിതിഗതികള്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും പ്രതീക്ഷിച്ചതിനു വിരുദ്ധമായി സാംസ്‌കാരിക തിന്മകള്‍ പല നിലകളില്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഈ രീതിക്ക് മൗലികമായിത്തന്നെ ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നു. കാശിധാമിന്റെ പുനര്‍നിര്‍മാണത്തോടെ പൗരാണിക നഗരത്തിന്റെ പരിശുദ്ധി വീണ്ടെടുത്തിരിക്കുകയാണ്. കാശി വിശ്വനാഥ ക്ഷേത്രവും മഥുര ശ്രീകൃഷ്ണ ക്ഷേത്രവും ഹിന്ദുജനതയ്‌ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. അയോധ്യയിലെ രാമജന്മഭൂമിയില്‍ അതിബൃഹത്തായ ക്ഷേത്രം ഉയരുകയാണ്. ഇതിനൊക്കെ എതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ഏറെക്കുറെ കെട്ടടങ്ങിക്കഴിഞ്ഞു. അജ്ഞതയിലും തെറ്റിദ്ധാരണയിലും അകപ്പെട്ടിരുന്ന ജനത അതിവേഗം സാംസ്‌കാരികമായ തിരിച്ചറിവുകള്‍ നേടുകയാണ്. ചില കേന്ദ്രങ്ങള്‍ രാഷ്‌ട്രീയവും മതപരവുമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇനിയുള്ള കാലം വിജയിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്. ഇതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് കാശി-തമിഴ് സംഗമം. കുറച്ചുവര്‍ഷം മുന്‍പുവരെ ഇങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ലല്ലോ.
ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ സമ്പന്നമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഏക ഭാരതം ശ്രേഷ്ഠഭാരതം’ എന്ന പരിപാടിയുടെ ഭാഗമാണ് കാശി-തമിഴ് സംഗമവും. ആധുനിക ഭാരതത്തിന്റെ ഐക്യത്തെ ഊട്ടിയുറപ്പിച്ച സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 2015 ലെ ജന്മദിനത്തിലാണ് പ്രധാനമന്ത്രി മോദി ഏക ഭാരത് ശ്രേഷ്ഠ ഭാരത് പ്രഖ്യാപിച്ചത്. വിവിധ ഭാഷകളും വേഷങ്ങളും ഭക്ഷണവുമൊക്കെ ശീലിച്ചവരാണെങ്കിലും ഭാരത ജനതയുടെ സാംസ്‌കാരിക ഐക്യം ലോകത്തിന് എക്കാലവും വിസ്മയമാണ്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമൊക്കെ ഒന്നിക്കുന്ന ഒരു ആന്തരിക ഭൂപടം ഓരോ ഭാരതീയന്റെയും മനസ്സിലുണ്ട്. അതിനെ നശിപ്പിക്കാനാണ് അധിനിവേശ ശക്തികളും വിഘടനവാദികളും കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ആവേശവും ഇവര്‍ക്കുണ്ടായിരുന്നു. തമിഴ് ഭാഷയുടെ പേരിലും സംസ്‌കാരത്തിന്റെ പേരിലും അഭിമാനം കൊള്ളുന്ന ചിലര്‍ അതൊക്കെ വിദ്വേഷായുധമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി. ഉത്തരഭാരതത്തെ ഇക്കൂട്ടര്‍ മറ്റൊരു രാജ്യമായി ചിത്രീകരിച്ചു. കാശിയും മറ്റുമായുള്ള തമിഴ് ജനതയുടെ സാംസ്‌കാരികവും ആത്മീയവുമായ ബന്ധം ബോധപൂര്‍വം തന്നെ തമസ്‌കരിച്ചു. കാശിയും രാമേശ്വരവും പങ്കിടുന്നത് ഒരേ സാംസ്‌കാരികധാരയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ വിസമ്മതിച്ചു. പക്ഷേ ഇതിനൊക്കെ ഇന്ന് അതിവേഗം മാറ്റം വന്നുകൊണ്ടണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കാശി-തമിഴ് സംഗമം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: