തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശേഷം ഹൈക്കമാന്റും ശശി തരൂരും തമ്മിലുള്ള വിടവ് വര്‍ധിക്കുകയാണ്. ഹൈക്കമാന്റിന് അനഭിമതനായിക്കഴിഞ്ഞ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളില്‍ അധികകാലം ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഗുജറാത്തിലെ പര്യടനത്തിനുള്ളവരുടെ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ നിന്നും ശശി തരൂരിനെ ഒഴിവാക്കിക്കഴിഞ്ഞു. അതേ സമയം കേരളത്തില്‍ നിന്നുള്ള രമേശ് ചെന്നിത്തല ഗുജറാത്തില്‍ പ്രചാരണം നടത്തുന്നവരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം തരൂരിനെ മനപൂര്‍വ്വം ഒഴിവാക്കി എന്നുതന്നെയാണ്.
നാല് ദിവസത്തെ മലബാര്‍ പര്യടനത്തിന് ഇറങ്ങിത്തിരിച്ച തരൂരിനെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ നിന്നും ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരം ഒഴിവാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ചായ് വുള്ള ജവഹര്‍ യൂത്ത് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ തരൂര്‍ ഇടംപിടിച്ചിട്ടുണ്ട്.
തരൂരിന് വേണ്ടി കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കോഴിക്കോട് എംപി രാഘവനാണ്. ഇപ്പോള്‍ കെ. മുരളീധരനും തരൂരിന് വേണ്ടി പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരീനാഥനും തരൂരിനെ സെമിനാറില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ചിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് 12 ശതമാനം വോട്ട് നേടിയ തരൂരിനെ പാര്‍ട്ടി ഹൈക്കമാന്റ് ഭീഷണിയായാണ് കാണുന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണം എന്ന പ്രതീതി ജനിപ്പിക്കാന്‍ തരൂരിന് കഴിഞ്ഞതായി കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നതായും പറയുന്നു. മാത്രമല്ല, എഐസിസി ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്ന കെ.സി. വേണുഗോപാലാണ് കേരളത്തിലെ ശക്തനായ കോണ്‍ഗ്രസ് നേതാവായി ദേശീയ തലത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ശശി തരൂരിന്റെ സാന്നിധ്യം ഭയപ്പെടുത്തുന്നതായും വിലയിരുത്തലുണ്ട്.
എന്തായാലും ഹൈക്കമാന്റിന്റെ അപ്രീതിയ്ക്ക് പാത്രമായ തരൂരുമായി സൗഹദവും വേദിയും പങ്കെടുക്കാന്‍ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും ഭയപ്പെടുന്നു. വൈകാതെ തരൂര്‍ സ്വമേധയാ പുറത്തുപോയേക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: