ബി.ബി.സി സ്പോർട്സിന്റെ ലേഖകൻ നെസ്റ്റ മാക് ഗ്രിഗോർ ദോഹയിൽ കാലുകുത്തിയത് മുതൽ അസഹനീയമായ ചൂടിനെപ്പറ്റി വിലപിച്ചുകൊണ്ടിരിക്കയാണ്. 32 ഡിഗ്രി ചൂടിൽ 11 മിനിറ്റ് ദൂരം നടക്കേണ്ടി വന്നത് മണിക്കൂറുകൾ പോലെ തോന്നിയത്രേ. ദോഹ കോർണിഷ് മേഖലയിൽ ഇപ്പോൾ വാഹനങ്ങൾ അനുവദിക്കുന്നില്ല. കാൽനടക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ. അതുകൊണ്ടാണ് അൽ ബിദ്ദ ഫാൻ പാർക്കിലേക്ക് അല്പം നടക്കേണ്ടി വന്നത്. റിപ്പോർട്ടിൽ മൂന്നു സ്ഥലത്തു കടുത്ത ചൂടിനെപ്പറ്റി പരാമർശമുണ്ട്. താൻ ഇത് വീണ്ടും ആവർത്തിക്കുകയാണെന്ന് പറയുന്നുമുണ്ട്. “മരുഭൂമിയിലെ പൊള്ളുന്ന ചൂടിൽ നടക്കുന്ന കളി” ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വ്യത്യസ്തമായിരിക്കും എന്ന പരിഹാസത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
ലോകകപ്പ് പൊതുവെ വേനൽക്കാലമായ ജൂൺ ജൂലായ് മാസങ്ങളിലാണ് നടക്കാറ്. ഖത്തറിൽ ആ സമയത്ത് കടുത്ത ചൂടായതിനാൽ മാറ്റിയതാണ്. ഈ മാറ്റം യൂറോപ്പിലെ ക്ലബ് ഫുടബോൾ കലണ്ടർ തെറ്റിച്ചതുകൊണ്ടു ധാരാളം പരാതികൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇനി കളി ഇത്തവണ ജൂൺ മാസത്തിൽ യൂറോപ്പിലായിരുന്നെങ്കിലോ? ഇക്കഴിഞ്ഞ ജൂണിൽ യൂറോപ്പിൽ പലയിടത്തും കടുത്ത ചൂടായിരുന്നു. ഫ്രാൻസിൽ 42 ഡിഗ്രി വരെ ഉണ്ടായിരുന്നു. ലണ്ടനിൽ ജൂണിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 32 ഡിഗ്രി ആയിരുന്നു. ദോഹയിലെ സഹിക്കാൻ പറ്റാത്ത അതേ ചൂട് തന്നെ.
കളിസ്ഥലത്തു ചൂട് കൂടിയാൽ കൂളിംഗ് ടൈം കൊടുക്കുന്ന പരിപാടി ഫിഫ നടത്തിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇത് ആദ്യം ഉപയോഗിച്ചത് ബ്രസീൽ വേൾഡ് കപ്പിലാണ്. അന്ന് 39 ഡിഗ്രി ആയപ്പോഴാണ് റഫറി കൂളിംഗ് ടൈം അനുവദിച്ചത്. ചൂട് 32 ഡിഗ്രിയിൽ കൂടിയാൽ രണ്ടു തവണയായി 3 മിനിറ്റ് സമയം കളിക്കാർക്ക് വിശ്രമം അനുവദിക്കുന്ന രീതി പിന്നീട് പലയിടത്തും പ്രയോഗിച്ചതാണ്. യൂറോ കപ്പ് 2020ൽ 90 സെക്കൻഡ് ആണ് അനുവദിച്ചത്.
ദോഹയിൽ മിക്കവാറും ഇതിന്റെ ആവശ്യമുണ്ടാകില്ല. കാരണം, എല്ലാ സ്റ്റേഡിയങ്ങളും എയർ കണ്ടിഷൻഡ് ആണ്. മാത്രമല്ല, കളി നടക്കുന്ന സമയങ്ങളിൽ സ്റ്റേഡിയത്തിനു പുറത്തു പ്രതീക്ഷിക്കുന്ന ചൂട് 18-24 ഡിഗ്രി മാത്രമാണ് . സൗരോർജം ഉപയോഗിക്കുന്ന, ഖത്തർ തന്നെ വികസിപ്പിച്ചെടുത്ത എ.സി.ടെക്നോളജി അതുല്യമാണെന്നും വർഷം മുഴുവൻ കളികൾ നടത്താൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഫിഫ അറിയിക്കുന്നത്. മറ്റു രാജ്യങ്ങൾക്കുകൂടി ഈ ടെക്നോളജി സൗജന്യമായി ഉപയോഗിക്കാൻ വേണ്ടി ഖത്തർ അതിന്റെ പേറ്റന്റ് എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പറയുന്നത്.
ബ്രിട്ടീഷ് പത്രക്കാരെ പണ്ട് ഗാന്ധിജി വിളിച്ചത് ‘അഴുക്കുചാൽ പരിശോധകർ’ എന്നാണ്. ഇപ്പോഴും മാറ്റമൊന്നുമില്ല. ദോഹയിലെ സ്റ്റേഡിയങ്ങളിൽ കളികാണാൻ എത്തുന്നവർ പാർക്കിങ് സ്ഥലത്തുനിന്നു പത്തു പതിനഞ്ചു മിനിറ്റ് നടക്കേണ്ടിവരും. ബി.ബി.സി. ലേഖകൻ സ്റ്റേഡിയത്തിൽ എത്തുന്നതിനു മുൻപ് കുഴഞ്ഞു വീഴുമോ ആവോ? എങ്കിൽ അതും ഒരു വാർത്തയാക്കാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: