സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തുന്ന ഏജന്‍സികളുടെ കാലാവധി നീട്ടുന്നതിനുള്ള പുനര്‍വിജ്ഞാപനം പുറപ്പെടുവിക്കാത്തത് ആ പദ്ധതി ഇടതുമുന്നണി സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്ന ധാരണ സൃഷ്ടിച്ചിരിക്കുന്നു. പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ഉയരുകയും, പ്രശ്നം കോടതിയിലെത്തുകയും ചെയ്തിരുന്നു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കല്ലിടുന്നതിനു പകരം സാമൂഹികാഘാത പഠനത്തിന് ജിയോ ടാഗിങ് നടത്താനും, ഇതിനായി ഏജന്‍സികളെ നിയോഗിക്കാനും തീരുമാനിച്ചത്. വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന കാലാവധി അവസാനിച്ചതോടെ സാമൂഹികാഘാതപഠനത്തിന് വിട്ടു നല്കിയ ജീവനക്കാരെ പിന്‍വലിക്കാന്‍ റവന്യൂ വകുപ്പ് ആലോചിക്കുകയാണ്. സാമൂഹികാഘാതപഠനം സംബന്ധിച്ച പുനര്‍വിജ്ഞാപനം ഇറക്കേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് മൗനം പാലിക്കുന്നത് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് താല്പ്പര്യമില്ലാത്തതിനാലാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍ സാമൂഹികാഘാത പഠനത്തിനുള്ള കാലാവധി നീട്ടുന്നതില്‍ നിയമ പ്രശ്നങ്ങളൊന്നുമില്ലെന്നും, മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് കേള്‍ക്കുന്നത്. അത് എന്തുതന്നെയായിരുന്നാലും പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ആശയക്കുഴപ്പവും അവ്യക്തതയും അനിശ്ചിതത്വവും നിലനില്‍ക്കുന്നുവെന്ന് വ്യക്തം. പദ്ധതിയോടുള്ള ജനങ്ങളുടെ പ്രതിഷേധവും മാറ്റമില്ലാതെ ശക്തമായി തന്നെ തുടരുകയാണ്. ഇതിനെ മറിടക്കുക സര്‍ക്കാരിന് എളുപ്പവുമല്ല.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. പല നേതാക്കളും ഇങ്ങനെയുള്ള പ്രസ്താവനകളാണ് നടത്തുന്നത്. ഇതു തന്നെയാണ് സര്‍ക്കാരിന്റെയും നിലപാട് എന്നു കരുതാം. ഇവിടെ ഉയരുന്ന വലിയൊരു പ്രശ്നമുണ്ട്. കേന്ദ്രാനുമതി ലഭിച്ചാലാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുന്നതെങ്കില്‍ ഇതുവരെ എന്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഭൂമി കയ്യേറി കുറ്റി സ്ഥാപിച്ച് സ്ഥലമേറ്റെടുത്തത് തിടുക്കത്തില്‍ വിദേശ ലോണ്‍ സമ്പാദിക്കാനായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് വന്നപ്പോഴായിരുന്നു സാമൂഹികാഘാത പഠനത്തിനാണെന്ന് മാറ്റിപ്പറഞ്ഞത്. ഇതിനും കേന്ദ്രത്തിന്റെ അനുമതിയുണ്ടായിരുന്നില്ല. പദ്ധതിക്ക് അനുമതിയില്ലെന്ന് റെയില്‍വെ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റിനകത്തും പുറത്തും കോടതിയിലും പലയാവര്‍ത്തി വ്യക്തമാക്കിയിട്ടും അതൊന്നും ഗൗനിക്കാതെ സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോവുകയായിരുന്നു പിണറായി സര്‍ക്കാര്‍. മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിന് പകരമാണല്ലോ ജിയോ ടാഗിങ് തീരുമാനിച്ചത്. അതിനും ഇപ്പോള്‍ കേന്ദ്രാനുമതി വേണമെന്നു പറയുമ്പോള്‍ നേരത്തെ സര്‍ക്കാര്‍ നടത്തിയത്് നിയമവിരുദ്ധമാണെന്ന് വ്യക്തമാവുകയാണല്ലോ. പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഗണിക്കുമ്പോള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എന്നിട്ടും ഇനിയും കേന്ദ്രാനുമതി ലഭിക്കുമെന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളത് ബദല്‍ മാര്‍ഗങ്ങളാണ്. ബിജെപിയുടെ പിന്തുണയോടെ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം അതിനെക്കുറിച്ച് പഠിച്ച് കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ കേന്ദ്രാനുമതിയോടെ സില്‍വര്‍ലൈന്‍ പദ്ധതിയെന്നത് ഇനി ഒരു വ്യാമോഹം മാത്രമായിരിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതി പ്രതിസന്ധിയിലായതോടെ സംസ്ഥാന സര്‍ക്കാരിന് ഉത്തരംമുട്ടിയിരിക്കുകയാണ്. ഈ പദ്ധതി പ്രായോഗികമല്ലെന്നും, കേരളത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വിദഗ്ദ്ധരും ജനങ്ങളും ഒരേപോലെ പറഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ അഴിമതി എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആരൊക്കെ എതിര്‍ത്താലും പദ്ധതി ഉപേക്ഷിക്കില്ലെന്ന് ദിവസംതോറും ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ജില്ലയിലും ജനങ്ങളുടെ വീടും സ്ഥലവും കയ്യേറി കുറ്റി സ്ഥാപിച്ചത്. ഒരു കിലോമീറ്റര്‍ വീതിയിലും 530 കിലോ മീറ്റര്‍ നീളത്തിലും ഭൂമി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ ബാങ്കുകളില്‍ പണയം വച്ച് വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് വലയുന്നത്. ഈ ദുഃസ്ഥിതിക്ക് ആര് സമാധാനം പറയും? വിനാശ പദ്ധതിക്കെതിരെ സമരം ചെയ്തതിന് എടുത്തകേസുകള്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി രണ്ടാംഘട്ട സമരത്തിലാണ്. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി മാത്രമാണ് അവസാനിച്ചിട്ടുള്ളത്. പദ്ധതിയുടെ വിജ്ഞാപനം ഇപ്പോഴും നിലനില്‍ക്കുകയാണ്. സര്‍ക്കാരിന് സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ഈ വിജ്ഞാപനം തന്നെ പിന്‍വലിച്ച് പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടത്. മറിച്ചാണ് ചിന്തയെങ്കില്‍, ഏതെങ്കിലും തരത്തില്‍ ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടു പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ കേരളം തന്നെ വലിയൊരു നന്ദിഗ്രാം ആയി മാറും. അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പശ്ചിമബംഗാളിന്റെ തിക്താനുഭവമുള്ള സിപിഎമ്മും പിണറായി സര്‍ക്കാരും ഓര്‍ക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: