ദോഹ: അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഇരട്ടഗോളില്‍ തളച്ച് ഇക്വഡോര്‍. 90ാം മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവച്ചത്. ക്യാപ്റ്റന്‍ എന്നര് വലന്‍സിയയാണ് ഇക്വഡോറിനായി 16, 31 മിനിറ്റുകളില്‍ വല നിറച്ചത്. പന്ത് കൈവശം വയ്ക്കുന്നതിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോറിന്റ് വിജയം.
അതേസമയം ഗോള്‍കീപ്പറിനെ ചാലഞ്ചുചെയ്ത് ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ അല്‍മോയസ് അലിക്ക് കഴിഞ്ഞതുമില്ല. ജെഗ്സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റന്‍ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് 16ാം മിനിറ്റില്‍ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചത്. പെനല്‍റ്റി എടുക്കാനെത്തിയ വലന്‍സിയ അനായാസമാണ് ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് കളിക്കളം അടക്കിവാഴ്ന്ന് 31ാം മിനിറ്റിലും ഇക്വഡോറിനായി വലന്‍സിയ പിന്നെയും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവശത്തു നിന്ന് എയ്ഞ്ചലോ പ്രസിയാഡോ നല്കിയ മികച്ചൊരു ക്രോസില്‍ നിന്നാണ് വലന്‍സിയ തൊടുത്ത കിടിലന്‍ ഹെഡര്‍ രണ്ടാം ഗോളിനും കാരണമായി. സമാനമായ രീതിയിലാണ് അഞ്ചാം മിനിറ്റിലെ മുന്നേറ്റത്തിലൂടെ വലന്‍സിയ ഇക്വഡോറിനായി ഗോള്‍ നേടിയത്. കാണികളുടെ ആഘോഷം കെട്ടടങ്ങും മുമ്പേ വീണ ഗോള്‍ ഓഫ്സൈഡ് ചൂണ്ടിക്കാട്ടി നഷ്ടമാകുകയായിരുന്നു. മികച്ച പ്രകടനത്തിനു ശേഷം 75ാം മിനിറ്റില്‍ വലന്‍സിയ കളംവിട്ടു.
ഫിഫ റാങ്കിങ്ങില്‍ 50ാം സ്ഥാനത്തുള്ള ഖത്തര്‍ ഫുട്ബോള്‍ ടീം ആരാധകര്‍ക്ക് നിരാശയാണ് വരുത്തിയത്. മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനൊപ്പം കാലില്‍ ലഭിച്ച പന്ത് കൈവശം വയ്ക്കുന്നതിലും ഖത്തറിന് പിഴവുകള്‍ സംഭവിച്ചു. ടീമിന്റെ പ്രകടനം ഖത്തര്‍ കോച്ച് ഫെലിക്സ് സാന്‍ചസിന്റെ മുഖത്ത് പ്രകടമായിരുന്നു. ഇരു ടീമുകള്‍ക്കുമായി ആറിലേറെ മഞ്ഞ കാര്‍ഡുകള്‍ കിട്ടിയ മത്സരം കൂടിയായിരുന്നു ഇന്നു നടന്നത്. ഫിഫ റാങ്കിങ്ങില്‍44ാം സ്ഥാനക്കാരാണ് ഇക്വഡോര്‍. നാളെ രണ്ടു മത്സരങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: