ശബരിമല: സര്‍ക്കാര്‍ ആസൂത്രണമൊന്നും നടത്താതെയും ദേവസ്വം ബോര്‍ഡ് ആലോചനയില്ലാത്ത തീരുമാനങ്ങളെടുത്തും ശബരിമല തീര്‍ഥാടനം അലങ്കോലമാക്കി. തീര്‍ഥാടനത്തിന്റെ സര്‍വ ഒരുക്കങ്ങളും സന്നിധാനത്തു പാളി. ശബരിമല വിശ്വാസികളോടും തീര്‍ഥാടകരോടുമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലപാട് സന്നിധാനത്തും ശരണവഴികളിലും ദൃശ്യമാണ്. തീര്‍ഥാടനത്തിന്റെ തുടക്കത്തില്‍ത്തന്നെയുള്ള പാളിച്ചകള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാകും. അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുകയാണ് സന്നിധാനത്ത് ഭക്തര്‍. വിരി വയ്ക്കാനുള്ള സംവിധാനങ്ങളില്ല. ദേവസ്വം മന്ത്രി ഉള്‍പ്പെടെ നാലു മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് യോഗം. ഉദ്യോഗസ്ഥതല യോഗങ്ങള്‍ വേറെയും. എന്നാല്‍ ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനു ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കഴിഞ്ഞില്ല. മുഖ്യമന്ത്രി നേരിട്ട് നടത്താറുള്ള അവലോകന യോഗം ഈ വര്‍ഷമുണ്ടായില്ല.
ഇത്തവണ നിയന്ത്രണങ്ങളൊന്നുമില്ലാത്ത തീര്‍ഥാടനമായതിനാല്‍ മാസങ്ങള്‍ക്കു മുമ്പേ തയാറെടുപ്പുകള്‍ വേണ്ടിയിരുന്നു. എന്നാല്‍ വെര്‍ച്വല്‍ ക്യൂവും പോലീസ് വിന്യാസവും മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ തിരക്കു കണക്കിലെടുത്ത് വേണ്ട കരുതലുമെടുത്തില്ല. ഒരു മാസം മുമ്പാണ് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യം യോഗം പോലും ചേര്‍ന്നത്. ശബരിമലയില്‍ മഴ പതിവാണ്. എന്നാല്‍, മഴവെള്ളം വഴിയിലോ സന്നിധാനത്തോ കെട്ടിക്കിടക്കുന്നത് ചില ഭാഗങ്ങളില്‍ മാത്രം. പക്ഷേ, മണ്ഡല ദര്‍ശനത്തിന്റെ ആദ്യദിവസം തന്നെ പെയ്ത മഴയില്‍ വിരി വയ്ക്കുന്ന ഭാഗങ്ങളില്‍ ഇപ്പോഴും ചെളി നിറഞ്ഞ് കിടക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ തീര്‍ഥാടകര്‍ സ്ഥലമില്ലാത്തതിനാല്‍ ചെളിയും വെള്ളവും നിറഞ്ഞയിടങ്ങളില്‍ വിരി വച്ച് വിശ്രമിക്കാന്‍ നിര്‍ബന്ധിതരാവുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നിറഞ്ഞിട്ടും ഇവ നീക്കാന്‍ വേണ്ടത് ദേവസ്വം ബോര്‍ഡ് ചെയ്യുന്നില്ല.
കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നപ്പോള്‍ മുന്നൊരുക്കങ്ങളിലെ വീഴ്ച ചര്‍ച്ചയായി. യോഗത്തില്‍ വകുപ്പുകള്‍ പരസ്പരം പഴിചാരുകയായിരുന്നു. വകുപ്പുകളുടെ ഏകോപനത്തിന് സ്പെഷല്‍ ഓഫീസറെ നിയോഗിച്ചതല്ലാതെ പ്രത്യേക ഒരുക്കം നടത്തിയില്ല.അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെങ്കിലും തീര്‍ഥാടകരെ കൊള്ളയടിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് കൃത്യമായ ജാഗ്രതയുണ്ട്. സന്നിധാനത്ത് പണം നല്കി മുറിയെടുക്കുന്നവര്‍ക്ക് ഒരു കിടക്ക പോലും നല്കാന് ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല. മുറിയെടുക്കുന്നവര്‍ സ്വന്തം നിലയില്‍ 20 രൂപ വാടക കൊടുത്ത് പായയും തലയണയും വാങ്ങണം. നടപ്പന്തലുകളില്‍ വിരി വയ്ക്കാമെന്നായാല് മിക്കയിടവും വൃത്തിഹീനമാണ്. ഇവിടെയും പായ വേണമെങ്കില്‍ 20 രൂപ വാടക നല്‍കണം. ശബരിമലയ്ക്കുള്ള യാത്രാ നിരക്ക് ക്രമമില്ലാതെ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസിയും തീര്‍ഥാടകരെ വലയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: