കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വിസ ഗോപിനാഥ് രവീന്ദ്രന്. കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറത്താക്കിയതിന് പിന്നാലെ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിസി.
കേസിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍വകലാശാല ആലോചിക്കുന്നില്ല. ഏറെ പണ ചെലവുള്ള കാര്യമാണത്. പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട ഷോര്‍ട്ട് ലിസ്റ്റിലെ മൂന്ന് പേരുടെയും യോഗ്യതകള്‍ വീണ്ടും പരിശോധിച്ച് റാങ്ക് പട്ടിക പുനഃപരിശോധിക്കും. ഹൈക്കോടതി വിധി നടപ്പാക്കുമെന്നും കണ്ണൂര്‍ സര്‍വകലാശാല വിസി പറഞ്ഞു.
പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തില്‍ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നു, എന്നാല്‍ ഇതുവരെയും മറുപടി കിട്ടിയില്ല. ഹൈക്കോടതി വിധി പ്രകാരം റിസര്‍ച്ച് എക്സ്പീരിയന്‍സ് അധ്യാപക പരിചയം ആകില്ല. വിധിപ്പകര്‍പ്പ് കിട്ടിയാലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ഇത് നിരവധി അധ്യാപകരെ ബാധിക്കുന്ന ഉത്തരവാണ്.
നിയമോപദേശ പ്രകാരമാണ് പ്രിയ വര്‍ഗീസിനെ നിയമിച്ചത്. അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് അറിയിപ്പ് നല്കിയതു മുതല്‍ കോടതി വിധി വരേയുള്ള തീയതികളടക്കം മാധ്യമങ്ങളോട് വിവരിച്ച് എല്ലാ ചട്ടങ്ങളും പാലിച്ചാണ് നിയമനം നടത്തിയതെന്നും വിസി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനത്തിനായി യുജിസി നിഷ്കര്‍ഷിക്കുന്ന അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അധ്യാപനത്തില്‍നിന്ന് പൂര്‍ണമായും മാറി ഗവേഷണം നടത്തിയതും ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്‍വീസ്, എന്‍എസ്എസ് കോ- ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതുമൊന്നും അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ വീണ്ടും നടത്തണം. യോഗ്യതകള്‍ അടക്കം സെലക്ഷന് കമ്മിറ്രി വീണ്ടും പുനഃപരിശോധിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്;
പ്രതികരിക്കാൻ ഇവിടെ എഴുതുക: