ഇരിട്ടി: ആറളം ഫാമില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ഡവം തുടരുന്നു. ഫാമിലെ തെങ്ങ് ചെത്ത് തൊഴിലാളി സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്നും ഓടിയെത്തിയ കാട്ടാന ചവിട്ടി വീഴ്ത്തി. ബൈക്കോടിച്ച യുവാവ് ആനയുടെപിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പുരധിവാസ മേഖലയില്‍ ആദിവാസി കുടുംബത്തിന്റെ വീട്ടുമുറ്റത്തെത്തിയ ആന വീട്ടിന് മുന്നിലെ മൂന്ന് വൈദ്യുതി തൂണുകള്‍ കുത്തിവീഴ്ത്തി. വീട്ടിന് സമീപത്തെ വാഴകള്‍ ഉള്‍പ്പെടെ കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചു.
ഫാം അഞ്ചാം ബ്ലോക്കില്‍ തെങ്ങ് ചെത്ത് തൊഴിലാളി വിളക്കോട്ടെ ആര്.പി. സിനേഷ് (35)ആണ് ആനയുടെ അക്രമത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നും കീഴ്പ്പള്ളി – പാലപ്പുഴ റോഡ് വഴി ഫാമിന്റെ അഞ്ചാം ബ്ലോക്കിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മെയില്‍ റോഡില്‍ നിന്നും കൃഷിയിടത്തിലൂടെ പോകുന്ന പൊന്തക്കാടുകള്‍ നിറഞ്ഞ മണ്‍റോഡിലൂടെ ബൈക്കില്‍ പോകവേയാണ് കാട്ടാന അക്രമിച്ചത്. ഇരുവശവും കാട് മൂടി ചെറുപാതയായി മാറിയ റോഡിനോട് ചേര്‍ന്ന് വളവില്‍ ആനക്കൂട്ടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബൈക്ക് നിര്‍ത്തി പിന്നോട്ട് പോകാന്‍ പറ്റാത്തിനാല്‍ അവിടെ നിര്‍ത്താതെ ബൈക്ക് മുന്നോട്ടെടുക്കുന്നതിനിടയില്‍ ചിന്നം വിളിച്ചെത്തിയ പിടിയാന ബൈക്ക് പിന്തുടര്ന്നെത്തി പിന്നില്‍ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു.
ചവിട്ടിന്റെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് കാട്ടിലേക്ക് തെറിച്ചു വീണ സിനേഷ് ആന ബൈക്ക് തകര്ക്കുന്നതിനിടയില് കാട്ടിലേക്ക് ഉരുണ്ട് നീങ്ങി രക്ഷപ്പെടുകയായിരുന്നു. പത്ത് മിനുട്ടോളം തകര്‍ത്ത ബൈക്കിന്സമീപം നിലയുറപ്പിച്ച ആന കുട്ടിക്കൊമ്പനൊപ്പം കാട്ടിലേക്ക് നീങ്ങി. ആന പോയെന്ന് ഉറപ്പു വരുത്തിയ ശേഷം സിനേഷ് സഹപ്രവര്‍ത്തകരേയും വനംവകുപ്പിനേയും വിവരമറിയിക്കുകയായിരുന്നു. വീഴ്ച്ചയില്‍ സിനേഷിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
പുരധിവാസ മേഖല ഒമ്പതാം ബ്ലോക്കില്‍ ബാലന് – സരസ്വതി ദമ്പതികളുടെ വീട്ടുമുറ്റത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ എത്തിയ ആന വീട്ടിന് മുറ്റത്തേയും സമീപത്തേയും മൂന്ന് വൈദ്യുതിതൂണുകള്‍ കുത്തി വീഴ്ത്തി. വീട്ടുപറമ്പിലേയും സമീപത്തേയും വാഴ, തെങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചു.
മേഖലയില്‍ ആനശല്യം രൂക്ഷമായതോടെ പ്രദേശവാസികളും തെങ്ങ് ചെത്ത് തൊഴിലാളികളും ഫാം തൊഴിലാളികളും ഭീതിയോടെയാണ് കഴിയുന്നത്. പത്ത് മാസത്തിനിടയില്‍ മൂന്ന് പേരെയാണ് ആറളം ഫാമില്‍ കാട്ടാന കൊന്നത്. മേഖലയില്‍ അറുപതിനും എണ്‍പതിനും ഇടയില്‍ ആനകളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഫാമിന്റെ കൃഷിയിടത്തില്‍ വനത്തിന് സമാനമായി കാട് വളര്‍ന്ന് നില്ക്കുന്നതിനാല് ആനയുടെ മുന്നില്‍പ്പെട്ടാല്‍ പോലും അറിയാത്ത അവസ്ഥയാണ്.
പുലര്‍ച്ചെ അഞ്ചുമണി മുതല്‍ തെങ്ങ് ചെത്താന്‍ വരുന്ന തൊഴിലാളികള്‍ ആനഭീഷണിയെ തുടര്‍ന്നാണ് രാവിലെ ഏഴുമണിക്ക് ശേഷം കൃഷിയിടത്തില്‍ എത്താന്‍ തുടങ്ങിയത്. റിജേഷ് എന്ന ചെത്ത് തൊഴിലാളിയെ ഈ വര്‍ഷം ആദ്യം കാട്ടന ചവിട്ടിക്കൊന്നിരുന്നു. ഇതോടെ ചെത്ത് തൊഴിലാളികളും ഭീതിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: