തിരുവനന്തപുരം: നവകേരളമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജ് നടത്തിയ തട്ടിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ലീന്‍ചിറ്റ്. കൂടാതെ അനധികൃത നിയമനവും. മതിയായ യോഗ്യതയില്ലെന്ന കാരണത്താല്‍ കോടതി പുറത്താക്കിയ ജയരാജിനെ, തട്ടിപ്പ് നടത്തിയതിന് ക്രിമിനല്‍ കേസെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ച് ചട്ടങ്ങളില്‍ മാറ്റം വരുത്തി വീണ്ടും സിഡിറ്റ് ഡയറക്ടറാക്കി നിയമിച്ചു.
2020ലാണ് മതിയായ യോഗ്യതയില്ലാതിരുന്നിട്ടും ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചത്. ഇതോടെ സിഡിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിയമനം റദ്ദായി. ജയരാജ് ഡയറക്ടര്‍ ആയിരുന്ന സമയത്ത് ലക്ഷങ്ങളുടെ തട്ടിപ്പും സി ഡിറ്റില്‍ നടത്തി. കെഎസ്എഫ്ഇക്ക് വേണ്ടി കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്മന്റ് സോഫ്റ്റ്‌വെയര്‍ വാങ്ങി. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ നിയമവിരുദ്ധമായി 20 ലക്ഷം രൂപയുടെ സെര്‍വര്‍ സ്‌പേസ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വാടകയക്കെടുക്കുകയും ചെയ്തു .
എന്നാല്‍ സിഡിറ്റിന്റെ അസറ്റ് മാനേജ്‌മെന്റ് പോലും നിര്‍വഹിക്കാന്‍ ശേഷിയില്ലാത്ത സോഫ്റ്റ്‌വെയര്‍ വേണ്ടെന്ന് പറഞ്ഞ് കെഎസ്എഫ്ഇ പിന്മാറി. കരാര്‍ അനുസരിച്ച് മുന്‍കൂര്‍ തുക പോലും കെഎസ്എഫ്ഇയില്‍ നിന്ന് വാങ്ങാതെയാണ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. ഇതോടെ 50 ലക്ഷം രൂപയുടെ നഷ്ടമാണ് ജയരാജ് ഖജനാവിന് വരുത്തി വച്ചത്. വിവാദമായതോടെ വാര്‍ഷിക ലൈസന്‍സ് ഫീ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ ആയതിനാല്‍ ഉപയോഗശൂന്യമായിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ലൈസന്‍സ് ഫീ എല്ലാ വര്‍ഷവും അഡ്വാന്‍സായി നല്കണമെന്ന് സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ കരാറില്‍ പറയുന്നു. ആര്‍ക്കും വേണ്ടതായതോടെ സോഫ്റ്റ്‌വെയര്‍ പാഴായി.
ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു. അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയരാജ് അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസര്‍ക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലില്‍ എഴുതി. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് ഫയല്‍ എത്തിയപ്പോള്‍ ജയരാജിന് ക്ലീന്‍ചിറ്റ്. കെഎസ്എഫ്ഇക്ക് വേണ്ടിയല്ല സോഫ്റ്റ്‌വെയര്‍ വാങ്ങിയത്, അതിനാല്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഫയലില്‍ കുറിച്ചു.
വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ജയരാജ് ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടേനെ. ഇത്രയും പകല്‍കൊള്ള നടത്തിയിട്ടും ജയരാജനെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി. സിഡിറ്റില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ജയരാജ്. സ്ഥാനക്കയറ്റം നല്കി രജിസ്ട്രാറാക്കി. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ഡയറക്ടര്‍ സ്ഥാനത്തേക്കും. ചട്ടം ലംഘിച്ചെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനം റദ്ദാക്കി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ചട്ടങ്ങളില്‍ മാറ്റം വരുത്തി വീണ്ടും ഡയറക്ടറാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: