കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന പട്ടികയും ഹൈക്കോടതി മരവിപ്പിച്ചു. നിയമനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ വീണ്ടും നടത്തണമെന്നും യോഗ്യതകള്‍ അടക്കം സെലക്ഷന്‍ കമ്മിറ്റി പുന:പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമന അസോസിയേറ്റ് പ്രൊഫസറാകാനുളള യുജിസി യോഗ്യത പ്രിയയ്‌ക്കില്ലെന്ന് കോടതി വ്യക്തമാക്കി. യുജിസി മാനദണ്ഡങ്ങളെ മറികടന്ന് കോടതിക്ക് ഒന്നും ചെയ്യാനാകില്ല. എട്ടു വര്‍ഷത്തെ അധ്യാപക പ്രവര്‍ത്തന പരിചയമാണ് യോഗ്യത. ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന പ്രവര്‍ത്തന പരിചയം തന്നെയാണ് യോഗ്യത. അല്ലാതെ, മറ്റു പദവികളില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ആകെയുള്ള പ്രവര്‍ത്തന പരിചയം നോക്കിയാല്‍ പ്രിയയ്‌ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പോലുമില്ലെന്നും കോടതി നിരീക്ഷിച്ചു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍, ഗവേഷണ കാലയളവൊന്നും അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ചുരുക്കത്തല്‍ പരാതിക്കാര്‍ ഉന്നയിച്ച പോലെ നാലു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം പോലും പ്രിയയ്‌ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രിയയെ പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് കാട്ടി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചേന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചു.
നിയമനത്തിനായുള്ള റിസര്‍ച് സ്‌കോര്‍ പ്രിയ വര്‍ഗീസിന്റേത് 156 ഉം, രണ്ടാം സ്ഥാനത്തുള്ള ജോസഫ് സ്‌കറിയയ്‌ക്ക് 651 പോയിന്റുമായിരുന്നു. തുടര്‍ന്ന് അഭിമുഖത്തിന് ശേഷം പ്രിയ ഒന്നാമതായി എത്തിയെന്നാണ് പുറത്തുവന്ന വിവാരാവകാശ രേഖകള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ നിയമന ഉത്തരവ് സംസ്ഥാന ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച മറ്റ് ഉദ്യോഗാര്‍ത്ഥികളില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പ്രിയയ്‌ക്കായിരുന്നു. എന്നിട്ടും പ്രിയ റാങ്കില്‍ ഒന്നാമത് എത്തിയതാണ് വിവാദമായത്. 156 ആയിരുന്നു പ്രിയയുടെ റിസര്‍ച്ച് സ്‌കോര്‍. ലിസ്റ്റില്‍ രണ്ടാമതുള്ള ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. യുജിസി നിര്‍ദ്ദേശ പ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയം പോലും പ്രിയയ്‌ക്കില്ല. രണ്ട് വര്‍ഷം സ്റ്റുഡന്റ്‌സ് ഡയറക്ടറായുള്ള പ്രവര്‍ത്തിച്ചതും കൂടി പരിഗണിച്ചാണ് എട്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡം മറികടന്നത്. സര്‍വ്വകലശാലയുടെ അഭിമുഖ പരീക്ഷയില്‍ ഒന്നാമത് എത്തിയത് പ്രിയയാണ്. അതാണ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണമായതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
അതേസമയം കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയതിന്റെ പാരിതോഷികമായാണ് അസോസിയേറ്റ് പ്രൊഫസര്‍ പട്ടികയില്‍ പ്രിയയ്‌ക്ക് ഒന്നാം സ്ഥാനം നല്‍കിയതെന്നാണ് ആരോപണമുയര്‍ന്നത്. തസ്തികയിലേക്കുള്ള അപേക്ഷ നല്‍കിയതിന് പിന്നാലെ അതിവേഗം തന്നെ സര്‍വ്വകലാശാല ഇന്റര്‍വ്യൂ നടത്തി ലിസ്റ്റ് പുറത്തിറക്കി അംഗീകാരം നല്‍കുകയായിരുന്നു. ഉടന്‍ നിയമനം വേണ്ട തസ്തിക ആയതിനാലാണ് ഈ നടപടിയെന്നാണ് വിസി ഡോ. ഗോപിനാഥന്‍ ഇതിന് മറുപടി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: