തിരുവനന്തപുരം : തിരുവനന്തപുരം കോര്പ്പറേഷന് താത്കാലിക നിയമനവുമായി ബന്ധപ്പെട്ടുള്ള കത്ത് വിവാദം മുറുകിയതോടെ യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്തുകള്‍ കുത്തിപ്പൊക്കി സിപിഎം. എഴ് വര്‍ഷം മുമ്പ് യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് പലവിധ നിയമനങ്ങള്‍ക്കായി യുഡിഎഫ് നേതാക്കള്‍ നല്കിയ ശുപാര്ശകത്തുകളാണ് സിപിഎം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
യുഡിഎഫ് ഭരണകാലത്തെ കത്തുകള്‍ സിപിഎം ഫ്ളക്സായി കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഇതില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ കത്ത് നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ഫ്ളക്സടിച്ച് സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളയാളിനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് 2011ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്താണ് ഇത്.
ഇതോടൊപ്പം കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി.ടി. തോമസിന് അയച്ച ശുപാര്‍ശ കത്ത്, ജോസഫ് വാഴക്കന്, ടി.എന്‍. പ്രതാപന്, കെ.പി. ധനപാലന്, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, എന്‍. പീതാംബരക്കുറുപ്പ്, ഷാഹിദ കമാല്‍, ഹൈബി ഈഡന്, കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, സി.പി. ജോണ്‍, എം.എം. ഹസന് തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശ കത്തും പുറത്തു വന്നിട്ടുണ്ട്. ഗവണ്മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനാണ് ഈ കത്തുകളെല്ലാം നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം കോര്പ്പറേഷന് കത്ത് വിവാദത്തിന് പിന്നാലെ തൃശ്ശൂര്‍ നഗരസഭയിലും താത്കാലിക നിയമനത്തില്‍ സിപിഎമ്മിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കോര്പ്പറേഷന് മുന്നില്‍ ആഴ്ചകളായി ബിജെപിയും കോണ്‍ഗ്രസ്സും പ്രതിഷേധിക്കുകയാണ്. പോലീസിനെ വിന്യസിച്ചും ജലപീരങ്കിയും കണ്ണീര് വാതകവും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ സെക്രട്ടറിയേറ്റിന്റേയും കോര്‍പ്പറേഷന്റേയും മുന്നില്‍ നിന്നും നീക്കുന്നത്. ഇതോടെയാണ് സിപിഎം പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം മേയര്‍ ആര്യ രാജേന്ദ്രന്റേതെന്ന പേരില്‍ പ്രചരിച്ച കത്ത് വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് ലഭിച്ചെങ്കില്‍ മാത്രമേ ആധികാരികത കണ്ടെത്താന്‍ സാധിക്കുവെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിനായി 45 ദിവസത്തെ സമയം നല്‍കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: