ഖത്തറിന്റെ ആകാശത്തു നിന്ന് ദോഹ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനത്തിന്റെ ഇരമ്പല്‍ അവസാനിക്കുന്നിടത്തുനിന്ന് മനസില്‍ ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശക്കടലാരവം ആരംഭിക്കുന്നു. ഹമദ് എയര്‍പോര്‍ട്ടിലെങ്ങും വിശ്വമേളയിലേക്ക് സ്വാഗതമോതിയുള്ള വിവിധവര്ണങ്ങളില് തയ്യാറാക്കിയ മനോഹര അടയാളങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്പോര്ട്ടായിട്ടും കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ലോകകപ്പ് ഒഴികെയുള്ള മറ്റു സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ളതിനാലാണ് തിരക്ക് കുറഞ്ഞതത്.
വിമാനത്താവളത്തിനു പുറത്ത് ഖത്തര്‍ മൊബൈല്‍ കമ്പനിയായ ‘ഒറീദു’വിന്റെ കൗണ്ടറില്‍ ഹയാ കാര്‍ഡുള്ളവര്‍ക്കെല്ലാം സിം സൗജന്യമാണ്. അവിടെ സ്റ്റാഫായ തൃശൂരുകാരന് ജോഷി സഹായങ്ങളെല്ലാം ചെയ്തു തന്നു. എല്ലായിടത്തും ബോര്‍ഡുകളും തോരണങ്ങളുമൊക്കെ. എവിടെയും മലയാളി സാന്നിധ്യവും. പലരും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയുമൊക്കെ ആരാധകരായിരുന്നു. താമസസ്ഥലത്തേക്കുള്ള വഴിയിലൊക്കെ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകളും ലോകകപ്പ് ട്രോഫിയുടെ മാതൃകകളും.
എല്ലാ വീഥികളും വിശ്വമേളയിലേക്ക് തുറന്ന കാഴ്ചകളാണെങ്ങും. ലോകകപ്പ് കാണാന്‍ വരുന്നവരെ സ്വാഗതം ചെയ്തുള്ള കമാനങ്ങളും ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ നിറങ്ങള്‍ എടുത്തണിഞ്ഞ കൂറ്റന്‍ പന്തുകളും എല്ലായിടത്തും സ്ഥാനം പിടിച്ചിരിക്കുന്നു. പാതയോരത്ത് പൂത്തുനില്ക്കുന്ന ബോഗന്‍വില്ലകളുടെ നിറപ്പകിട്ടിനെ വെല്ലുന്ന രീതിയില്‍ വിവിധ ടീമുകളുടെ പതാകകള്‍ പാറിക്കളിക്കുന്നു. ആവേശം നിറക്കാന്‍ വിശേഷണ പദങ്ങള്‍ ആലേഖനം ചെയ്ത ബാനറുകള്‍ ആംഗലേയത്തിലും അറബിയിലും എന്തിന് മലയാളത്തില്‍ പോലും കണ്ടു. എവിടെത്തിരിഞ്ഞാലും ലോകകപ്പിനെ അടയാളപ്പെടുത്തുന്ന എന്തെങ്കിലുമൊന്നുണ്ട്. ‘നിരത്തിലില്ലെങ്കില്‍ നിര്‍മിതിയിലുണ്ട്’ എന്ന രീതിയില്‍ പലയിടത്തും കൂറ്റന്‍ കെട്ടിടങ്ങളില്‍ താരങ്ങളുടെ പൂര്‍ണകായ ചിത്രങ്ങള്‍. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ ഭിത്തികളില്‍ പെലെയും മറേഡാണയും മുതല്‍ മെസിയും ക്രിസ്റ്റ്യാനോയും നെയ്മറും ഹാരി കെയ്നും വരെ ഇടംപിടിച്ചിട്ടുണ്ട്.
ലോകകപ്പ് ആഘോഷങ്ങള്‍ക്കായി ഒരുക്കിയ ഏറ്റവും വലിയ കളിമുറ്റമാണ് കോര്‍ണിഷ്. അറബിക്കടലിന്റെ ചാരെ ആവേശങ്ങള്‍ക്കൊരു അരങ്ങ്. ഇസ്ലാമിക് ആര്‍ട് മ്യൂസിയം മുതല്‍ ഷെറാട്ടണ്‍ ഹോട്ടല്‍ വരെ ആറുകിലോമീറ്ററിലേറെ ദൂരത്തില്‍ കാഴ്ചകളുടെ ദൃശ്യചാരുതയൊരുക്കി രാവിലും തുറന്നിരിക്കുകയാണ് ഈ ‘തീരദേശ നടപ്പാത’. ഈന്തപ്പനയോലയുടെ ആകൃതിയില്‍ പ്രഭ പരത്തി കമനീയമായ തെരുവുവിളക്കുകള്‍. കളിയിലേക്കുള്ള സമയദൂരം അടയാളപ്പെടുത്തുന്ന കൗണ്ട്ഡൗണ്‍ ക്ലോക്കിനരികെ അര്‍ധരാത്രിയിലും ചിത്രം പകര്‍ത്താന്‍ വിവിധ രാജ്യക്കാരായ ആരാധകരുടെ തിരക്ക്. ഇരുമ്പില്‍ തീര്‍ത്ത ‘ഫിഫ വേള്‍ഡ്കപ്പ് ഖത്തര്‍ 2022’ എന്ന് ഇംഗ്ലീഷില്‍ തീര്‍ത്ത കൂറ്റന്‍ കട്ടൗട്ടിനുമുന്നിലും ആരാധകപ്രളയം. 32 ടീമുകളുടെയും പേരുകളെഴുതിയ കട്ടൗട്ടുകള്‍. കാഴ്ചകളുടെ വൈവിധ്യമൊരുക്കി കോര്‍ണിഷ് ലോകത്തെ ക്ഷണിക്കുകയാണ്, ഖത്തറിലേക്ക്, കാല്‍പ്പന്തുകളിയുടെ വിശ്വമാമാങ്കം കാണാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: