കെ.എ.സോളമന്
‘കോതകുറുശ്ശിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഇവരുടെ മകളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’: പത്ര വാര്‍ത്തയാണ്
ഈ വാര്‍ത്ത ഇനി വരാന്‍ പോകുന്നത് ഇങ്ങനെയായിരിക്കും:- ‘കോതകുറുശ്ശിയില്‍ ജീവിതപങ്കാളി(പു) ജീവിത പങ്കാളി (സ്ത്രീ) യെ വെട്ടിക്കൊലപ്പെടുത്തി. ജീവിതപങ്കാളി (പു)നെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഇവരുടെ മകളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’
ഭര്‍ത്താവിനും ഭാര്യയ്ക്കും അനുയോജ്യമായ ലിംഗ നിഷ്പക്ഷ പദം കണ്ടെത്തിയതയോടെ ചിലയിനം അപേക്ഷാഫോറങ്ങളില്‍ ഇനിമുതല്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും പകരം ജീവിതപങ്കാളിയെന്നേ അച്ചടിക്കൂ. അപേക്ഷ ഫോമുകളില്‍ വരുത്തിയ മാറ്റം ചാനല്‍-പത്ര റിപ്പോര്‍ട്ടിങ്ങിലും വൈകാതെ വേണമല്ലോ, അതല്ലേ നവോത്ഥാനം? മകള്‍ എന്നതിന് അനുയോജ്യമായ ലിംഗ നിഷ്പക്ഷപദം കണ്ടെത്താത്തതുകൊണ്ട് മകള്‍ മകളായി തന്നെ തുടരും. മകന് മകനായും.
ഭര്‍ത്താവ് എന്നയാള്‍ വൈവാഹിക ബന്ധത്തിലെ പുരുഷനാണ്, അവനെ ഇണ എന്നും വിളിക്കാം. തന്റെ ഇണയെ സംബന്ധിച്ച് ഒരു ഭര്‍ത്താവിന്റെ അവകാശങ്ങളും കടമകളും, സമൂഹങ്ങളിലും സംസ്കാരങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു, അതു കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്നും പറയാം. റേഷന്‍ കാര്‍ഡില്‍ കുടുംബനാഥനായി വിരാജിച്ചിരുന്ന ഭര്‍ത്താവ് ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ കുടുംബനാഥന് അല്ലാതായി. കുടുംബനാഥന് മൂലയ്ക്ക് ഒതുങ്ങിയ ഭവനങ്ങളില്‍ ഭാര്യ എന്ന ജീവിത പങ്കാളിയാണ് ഇപ്പോള്‍ കുടുംബനാഥ.
ഒരു വിവാഹത്തിന് രണ്ട് കക്ഷികള്‍, അത് ദ്വിഭാര്യത്വത്തിനും ബഹുഭാര്യത്വത്തിനും എതിരായ നിയമങ്ങളാല്‍ നടപ്പിലാക്കപ്പെട്ടിരിക്കുന്നു, ഇതാണ് ഇവിടെ കാലങ്ങളായി പിന്തുടര്ന്നു പോന്നിരുന്നത്. കുടുംബനാഥനായി കരുതപ്പെട്ടിരുന്നത് ഭര്‍ത്താവിനെയാണ്. അദ്ദേഹമാണ് കുടുംബത്തിന്റെ വരുമാനസ്രോതസ്സ് അല്ലെങ്കില്‍ അന്നദാതാവ്.
ഇന്ന്, പല കുടുംബങ്ങളിലും ഭര്‍ത്താവിനെ അന്നദാതാവായി പരിഗണിക്കപ്പെടുന്നില്ല, പ്രത്യേകിച്ചും അയാളുടെ ഇണയ്ക്ക് സാമ്പത്തികമായി കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന തൊഴില്‍ ഉണ്ടെങ്കില്‍. അത്തരം ഭവനങ്ങളില്‍ ഹൗസ് വൈഫ് ഇല്ല. പകരമുള്ളത് ഹൗസ് ഹസ്ബന്‍ഡ് ആണ്! ഹൗസ് ഹസ്ബന്‍ഡ് കഞ്ഞി വയ്ക്കും, കറിവയ്ക്കും, അലക്കും, അങ്ങനെ അല്ലറ ചില്ലറ വീട്ടുജോലികളുമായി കഴിഞ്ഞുകൂടും.
വൈവാഹിക ബന്ധത്തിലുള്ള സ്ത്രീയാണ് ഭാര്യ. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ഒരു സ്ത്രീ വിവാഹമോചന വിധി നടപ്പിലാകുന്നതുവരെ ഭാര്യയായി തുടരുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെ വിധവ എന്നുവിളിക്കുന്നു. ഇനി മുതല്‍ ജീവിതപങ്കാളി (പു) മരിച്ചാല്‍ ജീവിതപങ്കാളി (സ്ത്രീ)യെ വിധവ എന്ന് വിശേഷിപ്പിക്കാനാവില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിധവയ്ക്ക് പകരമുള്ള മറ്റൊരു ലിംഗ നിഷ്പക്ഷ പദം കണ്ടെത്തേണ്ടിയിരിക്കുന്നു. ജീവിത പങ്കാളി നഷ്ടപ്പെട്ട സ്ത്രീകളെ വിശേഷിപ്പിക്കാന്‍. നവോത്ഥാന പരിഷ്കര്‍ത്താക്കള്‍ പറ്റിയ പദം ഉടനെ കണ്ടുപിടിക്കുമെന്നുതന്നെ വിശ്വസിക്കാം
ഭാര്യ എന്ന സ്ഥാനത്തിനുപകരം ജീവിതപങ്കാളി ആകുന്നതോടെ സമൂഹത്തിലും നിയമത്തിലും സ്ത്രീയുടെ പദവിയും കടമയും അവകാശങ്ങളും എന്തൊക്കെയെന്ന് നിയമ പുസ്തകങ്ങളില്‍ മാറ്റങ്ങള്‍ എഴുതി ചേര്‍ക്കേണ്ടിവരും. കീപ്പ് ഒരു ഇംഗ്ലീഷ്പദമാണ്. പക്ഷേ ഇതു മലയാളത്തില്‍ സാധാരണമായി ഉപയോഗിച്ചു വരുന്നു. സൂക്ഷിച്ചു വെയ്ക്കപ്പെട്ട സ്ത്രീയെന്നു വേണമെങ്കില്‍ അര്‍ത്ഥം പറയാം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാകത്തില്‍ കാമവെറിയനും ധൂര്‍ത്തനുമായ ഒരു പുരുഷന് വീടും പണവും നല്കി സംരക്ഷിക്കുന്ന പഴയ കാലത്തെ സ്ത്രീ. ഇത്തരം സ്ത്രീകള്‍ ഇന്നും ഉണ്ടായിരിക്കാം, പക്ഷേ കാര്യങ്ങള്‍ കുറച്ചു കൂടി സങ്കീര്‍ണമാണ്.
പുതിയ പരിഷ്കാരങ്ങളിലൂടെ ഇവരും ജീവിതപങ്കാളി എന്ന ഗണത്തില്‍ പെടും. അങ്ങനെ വന്നാല്‍ ജീവിതപങ്കാളി (പൂ)യുടെ കാലശേഷം സ്വത്ത് പങ്കുവയ്ക്കുമ്പോള്‍ കൂടുതല്‍ നിയമപ്രശ്നങ്ങള്‍ ഉത്ഭവിക്കും. ജീവിതപങ്കാളി (സ്ത്രീ)യുടെ കാലശേഷവും ഇതുതന്നെയാണ് സംഭവിക്കുക. എന്നാല്‍ ജീവിതപങ്കാളി(പു)യുടേതുപോലെ അത്രയ്ക്ക് വ്യാപകമായിരിക്കില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും പകരം ജീവിതപങ്കാളി ഉത്ഭവിച്ചതോടെ നിയമപ്രശ്നങ്ങള്‍ കുഴഞ്ഞ് മാറിയാനാണ് സാധ്യത!
അതിരിക്കട്ടെ, ഭാര്യ, ഭര്‍ത്താവ് എന്ന വാക്കുകള്‍ക്ക് എന്താണ് കുഴപ്പം? കുഴപ്പം പിടിച്ച എന്തെങ്കിലും അര്‍ത്ഥം അവയ്ക്ക് ഉണ്ടെങ്കില്‍ അങ്ങനെ ഒന്നില്ല എന്ന് ഉത്തരവ് ഇറക്കിയാല്‍ പോരെ? നല്ലതൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ് ഭാര്യക്ക് ഭര്‍ത്താവിനും പകരം ജീവിതപങ്കാളി എന്ന വികല ചിന്ത ഉണ്ടാകുന്നത്. ഇവിടെ സര്/മാഡം, സംബോധനകള്‍ വേണ്ട എന്ന് പറഞ്ഞ് ഒരു കൂട്ടര് ഹാലിളക്കി. ഇപ്പോള്‍ ഈ സംബോധനസളുടെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല. പിന്നീട് ഒരു കൂട്ടര് നവോത്ഥാനത്തിന്റെ പേരില്‍ ലിംഗ നിഷ്പക്ഷ യൂണിഫോമുമായി വന്നു. പക്ഷേ അതും കാര്യമായി ക്ലച്ച് പിടിച്ചില്ല. പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും.
എന്നാല്‍ യാതൊരുവിധ ചര്‍ച്ചയും കൂടാതെയാണ് ഭാര്യയെയും ഭര്‍ത്താവിനെയും വെട്ടി അപേക്ഷ ഫാറങ്ങളില്‍ ജീവിതപങ്കാളി കടന്നുവന്നത്. ഇതുകൊണ്ട് എന്തെങ്കിലും പറയത്തക്ക പ്രയോജനം ഉണ്ടാകുമെന്ന് കരുതാനാവില്ല. ആരോടും ചര്‍ച്ച നടത്താതെ നവോത്ഥാനത്തിന്റെയും ലിംഗ സമത്വത്തിന്റെയും പേരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും വെട്ടി പകരം ജീവിതപങ്കാളി എന്ന ലിംഗ നിഷ്പക്ഷ പ്രയോഗം കൊണ്ടുവന്ന ‘പുളിന്താന്മാരുടെ’ തലയില്‍ നെല്ലിക്കാത്തളം വയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: