തിരുവനന്തപുരം: അഴിമതിയില്‍ ചീഞ്ഞുനാറുന്ന കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. ലോകത്ത് ഏതുവിഷയത്തെക്കുറിച്ചും അഭിപ്രായം പറയാറുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൂക്കിനുതാഴെ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മേയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെഴുതിയ വിവാദ പിന്‍വാതില്‍ നിയമന കത്തുമായി ബന്ധപ്പെട്ട് നഗരസഭയ്‌ക്കു മുന്നില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യം ചീഞ്ഞു നാറുന്നതുപോലെ അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നു. നഗരസഭാ ഭരണാധികാരിയുടെ ഹൃദയം മലിനമാണ്. അഴിമതിക്കും തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനില്‍ക്കുന്നതിനാലാണിത്. സംശുദ്ധമായ ഭരണം ആഗ്രഹിക്കുന്നുവെങ്കില്‍ മേയര്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പിരക്കണമെന്നും കുമ്മനം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി വിശദീകരിക്കണം. സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിയമനം നല്കണമെന്ന് നിര്‍ദേശം നല്കുന്ന സെക്രട്ടറിയുടെ പുതിയ കത്തും പുറത്തുവന്നിരിക്കുകയാണ്.
കത്തെഴുതിയതിന് തെളിവുണ്ടായിട്ടും ശാസ്ത്രീയ അന്വേഷണം നടത്താതെ പുകമറ സൃഷ്ടിച്ച് മേയറെ പിന്‍വാതിലിലൂടെ രക്ഷിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പിഎസ്‌സി റാങ്ക് കിട്ടിയവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചവരാണ് സിപിഎം. മേയറുടെ തെറ്റ് അന്വേഷിക്കാത്തത് മുതിര്‍ന്ന നേതാക്കളും തെറ്റുചെയ്യുന്നതുകൊണ്ടാണ്. എകെജി സെന്ററിനെ പുതിയ സെക്രട്ടേറിയറ്റാക്കി മാറ്റിയിരിക്കുന്നു.
ജില്ലാഭരണ നിര്‍വഹണ കേന്ദ്രമായി ജില്ലാ കമ്മിറ്റി ഓഫീസിനെയും മാറ്റി. അഴിമതിയും തട്ടിപ്പും വെട്ടിപ്പും കണ്ട് സഹികെട്ടാണ് ഗവര്‍ണര്‍ ഭരണഘടനാപരമായി ഇടപെടുന്നത്. ഓംബുഡ്‌സ്മാനും കോടതിയും ഇടപെട്ടിട്ടും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നാണ് സിപിഎം പറയുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം നടന്നുവെന്ന് ബോധ്യമായതിനാലാണ് കോടതിയും ഓംബുഡ്‌സ്മാനും മേയര്‍ക്ക് നോട്ടീസയച്ചത്.
ഡി.ആര്‍. അനില്‍ താന്‍ കത്തെഴുതിയെന്നും നശിപ്പിച്ചു കളഞ്ഞെന്നുമാണ് പറയുന്നത്. ഔദ്യോഗിക പദവി വഹിക്കുന്ന അദ്ദേഹം കത്തില്‍ ഒപ്പിട്ടതോടെ അത് ഔദ്യോഗിക രേഖയായി. ഔദ്യോഗിക രേഖ നശിപ്പിച്ചതിന് അനിലിനെ അറസ്റ്റുചെയ്യണം.
കത്ത് വ്യാജമാണെന്ന് മേയര്‍ പറയുന്നില്ല. അതില്‍ തനിക്കുബന്ധമില്ലെങ്കില്‍ എന്തുകൊണ്ട് അടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്കുന്നില്ല. പോലീസും മന്ത്രിമാരും രാഷ്‌ട്രീയനേതൃത്വവും കൂട്ടുത്തരവാദിത്വത്തോടെ നടത്തുന്ന തട്ടിപ്പാണിത്. പോലീസിനെക്കൂടി പ്രതിയാക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്കെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: