കൊല്ലം: പതിനഞ്ച് കോടിയിലധികം തുക ചെലവിട്ട് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി സ്വന്തം മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ചുനല്‍കിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. അമ്മമാര്‍ നാട മുറിച്ച് ഉത്ഘാടനം ചെയ്യന്ന ചടങ്ങില്‍ യൂസഫലി നേരിട്ട് പങ്കെടുക്കും.
2016 ആഗസ്തിലാണ് യൂസഫലി ആദ്യമായി ഗാന്ധിഭവന് സന്ദര്‍ശിക്കുന്നത്. അന്ന് അവിടുത്തെ അമ്മമാരുമായി സംസാരിച്ചപ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു. അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ല. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് എല്ലാ സൗകര്യങ്ങളോടും കൂടി ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചുനല്‍കണമെന്ന് തീരുമാനിച്ചതെന്ന് യൂസഫലി പറഞ്ഞു.
മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളെ നന്നായി ബോധ്യപ്പെടുത്തണമെന്നും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംസ്കാരം ആശങ്കാജനകമാണെന്നും അദേഹം കഴിഞ്ഞ സന്ദര്‍ശനത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ കെട്ടിടം പണിതതിന്റെ പേരില്‍ അമ്മമാരെ ഇവിടെ കൊണ്ട് തള്ളാമെന്ന ചിന്താഗതി ആര്‍ക്കും ഉണ്ടാകരുത്.
മാതാപിതാക്കളെ സംരക്ഷിക്കേണ്ടതും പരിരക്ഷിക്കേണ്ടതും മക്കളുടെ കടമയാണ്. എന്നാല്‍ അമ്മമാരെ ഉപേക്ഷിക്കുന്നത് കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 15 കോടിയോളം തുക മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. ഇതു കൂടാതെ ആറ് വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴരകോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: