ശാസ്താംകോട്ട: ജില്ലയിലെ പുരാതന ക്ഷേത്രമായ മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടിനെതിരെ മത്സരിച്ച ഭക്തജന സമിതി നാല്‍പ്പത്തിമൂന്ന് ശതമാനം വോട്ട് വാങ്ങി നേടിയത് തിളക്കമാര്‍ന്ന വിജയം.
ആറ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിക്കാനായതും അഞ്ച് പേര് തുച്ഛമായ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്ത് എത്തിയതും അവിശുദ്ധ മുന്നണികള്‍ക്കെതിരെ നടന്ന വിശ്വാസികളുടെ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായി. ക്ഷേത്ര ഭരണത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതോടെ പരസ്പരം കലഹിച്ചിരുന്ന സിപിഎം, കോണ്‍ഗ്രസ് സംഘം ഒന്നിച്ചു. ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ മുതുപിലാക്കാട്ട് ഒത്തുകൂടി ക്ഷേത്രം പിടിച്ചെടുക്കാനുള്ള തന്ത്രം മെനഞ്ഞു. തെരഞ്ഞെടുപ്പ് യോഗം നടത്തി.
ഇടതുവലത് മുന്നണികളുടെ സംയുക്തയോഗത്തില്‍ ഓരോ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി. സിപിഎമ്മിന്റെയും ആര്‍എസ്പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളേ പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണമായിരുന്നു നടന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ ജീര്‍ണ്ണതയും സമഗ്ര വികസനത്തിന്റെ പ്രകടനപത്രികയും പ്രചാരണമാക്കി ഭക്തജന സമിതിയും മത്സര രംഗത്ത് സജീവമായി. കഴിഞ്ഞ 13നായിരുന്നു തെരഞ്ഞെടുപ്പ്. ഫലം വന്നപ്പോള്‍ 43 ശതമാനം വോട്ടു നേടി ഭക്തജന സമിതി വ്യക്തമായ സ്വാധീനമുണ്ടാക്കി.
ബിജെപി ജില്ലാ കമ്മിറ്റിയംഗം മുതുപിലാക്കാട് രാജേന്ദ്രന് ഉള്‍പ്പടെ ആറ് പേര് വിജയിച്ചു. 2053 പേരാണ് വോട്ടു ചെയ്തത്. ഭക്തജന സമിതിയിലെ ആറുപേര്‍ ജയിച്ചത് കൂടാതെ അഞ്ച് പേര് പത്തും ഇരുപതും വോട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി. സന്തോഷ് കുമാര്‍, ഇന്ദ്രജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇലക്ഷന് പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: