ചാലക്കുടി: ചാലക്കുടി ആനമല അന്തര്‍ സംസ്ഥാന പാതയില്‍ വീണ്ടും ഒറ്റയാന്‍ കബാലിയുടെ വിളയാട്ടം. മലക്കപ്പാറയ്‌ക്കടുത്ത് അമ്പലപ്പാറയിലാണ് രാവിലെ 9 മുതല്‍ ഒരു മണിക്കൂറോളം കബാലി സഞ്ചാരം നടത്തി ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെടുത്തിയത്.
ആനയുടെ രണ്ടു വശങ്ങളിലുമായി ബസുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയ്‌ക്ക് നേരെ ആക്രമണത്തിനൊന്നും കബാലി തയ്യാറായില്ല. എട്ടു കിലോമീറ്റര്‍ ദൂരമാണ് സ്വകാര്യ ബസുകളും വിനോദസഞ്ചാരികളുടെ നിരവധി വാഹനങ്ങളും കുടുങ്ങിയത്. ആനക്കയം ഭാഗത്ത് വന്നപ്പോഴാണ് ഒറ്റയാന്‍ കാട്ടിനുള്ളിലേക്ക് കയറിപ്പോയത്.
മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകളും ഒരു സ്വകാര്യ ബസും കാബാലിയുടെ വിളയാട്ടം കാരണം റോഡിലകപ്പെട്ടു. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയ്‌ക്ക് പോയ ബസ് അഞ്ച് കിലോമീറ്ററോളം ദൂരം പുറകിലേക്ക് എടുത്താണ് ഒറ്റയാനില്‍ നിന്ന് രക്ഷപ്പെട്ടത്. ഭയന്ന് വിറച്ചാണ് യാത്രക്കാര്‍ ആനയുടെ മുന്നിലും പിന്നിലുമായി യാത്ര ചെയ്തത്. വനപാലകരും ആനക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: