തൃശൂർ : ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ ആശുപത്രിയായ ചാലക്കുടി താലൂക്കാശുപത്രിയില്‍ വൃദ്ധക്ക് അടിയന്തര ചികിത്സ നിഷേധിക്കുകയും, മോശമായി പെരുമാറിയതായും പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുടെ നേത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത ചാലക്കുടി പോലീസ് അധികൃതരുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചികിത്സ നിഷേധിക്കപ്പെട്ട രോഗിയുടെ മകന്‍ അനീഷ് നാരായണനും ഭാര്യ സൗമ്യ അനീഷും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സപ്തം. 10 ന് ചാലക്കുടി താലൂക്കാശുപത്രിയില്‍ അടിയന്തര ചികിത്സ തേടിയെത്തിയ കുറ്റിച്ചിറ കൊല്ലനേഴത്ത് വീട്ടില്‍ നാരായണന്റെ ഭാര്യ ഭാര്‍ഗവി ഒപിയില്‍ എത്തി ഫിസിഷ്യന് ചീട്ട് ചോദിച്ചപ്പോള്‍ ചീട്ട് നല്‍കുന്നത് നിര്‍ത്തിയെന്നു പറഞ്ഞ് ജനറല്‍ വിഭാഗത്തിലേക്കുള്ള ഒപി ചീട്ട് നല്‍കി.
ഒപി ചീട്ടില്‍ ജനറല്‍ എന്ന് എഴുതിയിരിക്കുന്നത് കണ്ട ഡോ. പ്രവീണ്‍ രോഗിയായ ഭാര്‍ഗവിയോടും മകള്‍ സൗമ്യയോടും ആക്രോശിക്കുകയും അപമര്യാദയായി പെരുമാറുകയും ചികിത്സ നല്‍കാതെ ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജനറല്‍ ഒപിയിലെ ഡോ. സിനി രോഗിക്ക് വേണ്ട ചികിത്സ നല്‍കിയതായും പറയുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജക്ക് മകള്‍ സൗമ്യ പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ലത്രെ. കുറച്ച് ദിവസം കഴിഞ്ഞ് വേറൊരു നമ്പറില്‍ നിന്ന് വാട്ട്‌സാപ്പ് കോള്‍ വിളിക്കുകയും അടുത്ത ദിവസം ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശം കിട്ടി. സൂപ്രണ്ടിന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ അവര്‍ വളരെ മോശമായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു. നിലവില്‍ താലൂക്കാശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ മാത്രമാണുള്ളത്. അതിനാല്‍ ഒരു ദിവസം 120 രോഗികളില്‍ കുടുതല്‍ നോക്കാന്‍ സാധിക്കില്ലെന്നാണ് ഡോ. പ്രവീണ്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും പറയുന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സക്ക് സൗകര്യമൊരുക്കേണ്ടത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയാണ്. അതില്‍ അവര്‍ക്ക് പലപ്പോഴും വീഴ്ചവരുന്നതായി വ്യാപക പരാതിയാണുള്ളത്.
ഭാര്‍ഗവിയെന്ന വൃദ്ധക്ക് ചികിത്സ നിഷേധിക്കുകയും മറ്റും ചെയ്ത സംഭവത്തില്‍ ഡിഎംഎക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ടീം ചാലക്കുടി താലൂക്കാശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോ. പ്രവീണ്‍, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എ. ഷീജ എന്നിവര്‍ക്ക് വീഴ്ചപറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ചാലക്കുടി ഡിവൈഎസ്പി എന്നിവര്‍ക്കും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: