കാസര്‍കോട്: അടിയന്തരാവസ്ഥക്കാലത്ത് വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠനവിഷയമാക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന് പിള്ള. ബിജെപി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റും അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രവീന്ദ്രന് രചിച്ച ‘അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍’ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമ്മീഷന് റിപ്പോര്‍ട്ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ടും ഇന്ന് കാണാനില്ല. ഈ റിപ്പോര്‍ട്ടുകളും കോപ്പികളും നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ കാണാതെ പോയതില്‍ പ്രതികരിക്കാന്‍ നാവ് പൊന്താതെ പോയത് വീഴ്ചയാണ്. കോപ്പികള്‍ നശിപ്പിക്കാന്‍ കാരണക്കാരായവരെക്കുറിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. അന്ന് നടന്ന സംഭവങ്ങളുടെ ചരിത്രരേഖകള്‍ പുതുതലമുറയ്ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്.
അടിയന്തരാവസ്ഥ എന്ന ഏകാധിപത്യത്തെ അരിയിട്ട് വാഴിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. സ്വന്തം മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെ കാണാന്‍ പോയ ഈച്ചരവാര്യരോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തെയാണ് പില്കാലത്ത് എറ്റവും നല്ല മുഖ്യമന്ത്രിയെന്ന പട്ടം ചാര്‍ത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പത്ത് സംസ്ഥാനങ്ങളെ പശുസംസ്ഥാനമെന്ന് അധിക്ഷേപിച്ചവര്‍ക്കുതന്നെ തിരുത്തിപ്പറയേണ്ടി വന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ 200 ല്‍ കൂടുതല്‍സീറ്റ് നേടിക്കൊണ്ട് അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം തീര്‍ത്ത ചരിത്രമാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. വഴിമാറുന്ന യഥാര്‍ത്ഥ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്മാന് കെ.എം. ഹെര്‍ള അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: