ടെഹ്റാന്: ഹിജാബ് വിരുദ്ധ, ഭരണകൂട വിരുദ്ധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാനിയന്‍ ഫുട്ബോള്‍ ഇതിഹാസം അലിദേയി. ലോകകപ്പ് മത്സരങ്ങളില്‍ ഇറാന് ടീമിന് ആവേശം പകരാന്‍ താന്‍ ഖത്തറിലേക്ക് പോകില്ലെന്ന് താരം പ്രഖ്യാപിച്ചു. ഫിഫയുടെയും ഖത്തര്‍ ഫുട്ബോള്‍ ഫെഡറേഷന്റെയും ക്ഷണം നിരസിക്കുകയാണെന്നും ഇറാനില്‍ നല്ല കാലാവസ്ഥയല്ലെന്നും അമ്പത്തിമൂന്നുകാരനായ അലി ദേയി ഇന്‍സ്റ്റയിലൂടെയാണ് ആരാധകരെ അറിയിച്ചത്.
‘ഇതെന്റെ ജന്മനാടിന് വേണ്ടിയെടുക്കുന്ന തീരുമാനമാണ്. നീതിക്കായുള്ള പോരാട്ടങ്ങളില്‍ ജീവന് വെടിഞ്ഞവരോട്, അവരുടെ കുടുംബങ്ങളോടുള്ള എന്റെ കടമ കൂടിയാണത്, അലി ദേയി കുറിച്ചു. ഫുട്ബോള്‍ സൂപ്പര്‍താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു. അടിച്ചമര്‍ത്തലിനും അക്രമങ്ങള്‍ക്കും അറസ്റ്റിനും അധിക്ഷേപത്തിനും പകരം പ്രശ്നങ്ങളുടെ പരിഹാരത്തിനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അവര്‍ എന്റെ നാട്ടുകാരെ കലാപകാരികളെന്ന് വിളിച്ച് അവഹേളിക്കുകയാണ്, അലിദേയി കുറ്റപ്പെടുത്തി.
ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് ഹിജാബ് ഊരിയെറിയുന്ന യുവതിയുടെ ചിത്രത്തിനൊപ്പമാണ് അലി ദേയിയുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. അലിദേയിയുടെ സ്വന്തം സ്ഥലമായ അര്ദബിലെ ഗേള്‍സ് സ്കൂളിലെ ഒരു പെണ്‍കുട്ടി പ്രക്ഷോഭത്തിനെതിരായ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ടെഹ്റാനിലെ ഡേ ജനറല്‍ ആശുപത്രിയില്‍ അലിദേയി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.
അതേസമയം മത്സരവിജയത്തില്‍ കുറഞ്ഞൊന്നും ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന് ഇറാന് ഫുട്ബോള്‍ ടീമിന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി നിര്‍ദേശം നല്കി. ഇറാനിലെ യുവാക്കളുടെ വിജയം ആഗ്രഹിക്കാത്ത ചിലര്‍ നിങ്ങളുടെ ലക്ഷ്യത്തെ തടസ്സപ്പെടുത്താനിടയുണ്ട്. അക്കാര്യത്തില്‍ ജാഗ്രത വേണം, റെയ്സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: