തിരുവനന്തപുരം: -ഇന്ത്യ സുസ്ഥിരമായ വളര്‍ച്ച തേടുമ്പോള്‍, അധഃസ്ഥിതരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപാധികള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭൂമിശാസ്ത്ര വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയുടെ പൂജപ്പുരയിലെ കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കോളര്‍ഷിപ്പും ഗവേഷണവും നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അവബോധവുമായി ബന്ധപ്പെട്ടിരിക്കണം. ഒരു രാഷ്‌ട്രമെന്ന നിലയില്‍, ശാസ്ത്ര ഗവേഷണത്തിന് വിനിയോഗിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ പരിമിതമായതിനാല്‍, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പരിവര്‍ത്തനത്തിനുവേണ്ടി അടിസ്ഥാനവെല്ലുവിളികളെ നേരിടാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണ മേഖലയിലെ സ്വാശ്രയത്വവും സ്വയം പര്യാപ്തതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മുന്നോട്ടുവച്ച ‘ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി ചില നയപരമായ നടപടികള്‍ സ്വീകരിച്ചതായും ഗവേഷണത്തിനായി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഡാറ്റ പങ്കിടലും ലഭ്യമാക്കലും പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നൂതനത്വം, പരിവര്‍ത്തനം, ഉല്‍പാദനം എന്നിവയ്‌ക്ക് ആവശ്യമായ ഊന്നല്‍ നല്‍കുന്നതിന് ഇന്നൊവേഷന്‍ ക്ലസ്റ്ററുകള്‍, ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങിയ പുതിയ സംവിധാനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ വൈദ്യോപകരണ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അമേരിക്ക, യൂറോപ്പ് അല്ലെങ്കില്‍ ഓസ്‌ട്രേലിയ തുടങ്ങിയ മറ്റു രാജ്യങ്ങളിലെ ദേശീയ നിയന്ത്രണ ഏജന്‍സികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത് വളരെ ചെലവേറിയതിനാലാണ് 2017ലെ മെഡിക്കല്‍ ഡിവൈസ് റൂള്‍സ് അടുത്തിടെ നടപ്പിലാക്കിയതെന്നും ഇത് ഇന്ത്യന്‍ വൈദ്യോപകരണ വ്യവസായത്തെ ആഗോള തലത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള നിര്‍ണായകവും കൃത്യവുമായ ഒരു ചുവടുവെപ്പായിരുന്നുവെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ചടങ്ങില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. സജ്ഞയ് ബെഹാരി സ്വാഗതവും, ബയോമെഡിക്കല്‍ ടെകേ്‌നോാളജി വിഭാഗം തലവന്‍ ഡോ. ഹരികൃഷ്ണ വര്‍മ്മ പി ആര്‍ സ്വാഗതവും പറഞ്ഞു. 1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കോമ്പിനേഷന്‍ ഡിവൈസസ്‌ബ്ലോക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്ന് 53 കോടി രൂപ ധന സഹായത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മെഡിക്കല്‍ ഉപകരണ സാങ്കേതിക വിദ്യകളുടെ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ ചിട്ടയോടെ സമയ ബന്ധിതമായി കൈകാര്യം ചെയ്യുന്നതിനും ഔഷധങ്ങളുമായി സംയോജിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ സംരംഭം ശ്രീചിത്രയെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: