ന്യൂദല്‍ഹി : രാഷ്ട്രീയക്കാരും അധികാരസ്ഥാനങ്ങള്‍ വഹിക്കുന്ന പൊതുപ്രവര്‍ത്തകരും വ്യക്തികളെ ഇകഴ്ത്തിക്കാണിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി. പൊതു പ്രവര്‍ത്തകര്‍ മറ്റു വ്യക്തികളെ വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തുന്നതിനെതിരെ മാര്‍ഗരേഖ കൊണ്ടുവരണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
വ്യക്തികളെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ അലിഖിത കീഴ്വഴക്കം പോലെ ഒഴിവാക്കാറുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തിനിടെ മുന്‍മന്ത്രി എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഹര്‍ജിയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റി.
എന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് സുപ്രീം കോടതി തന്നെ രണ്ട് വിധികളിലൂടെ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. അധിക മാര്‍ഗരേഖകള്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്.വെങ്കിട്ട രമണിയുടെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സുപ്രീംകോടതിയില്‍ അറിയിച്ചത്. എന്നാല്‍ ഈ മാര്‍ഗരേഖ പലപ്പോഴും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ബാധകമാകാറില്ല. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുന്നത് നിയമനിര്‍മാണ സഭകളുടെ പ്രവര്‍ത്തനത്തിലുള്ള ഇടപെടല്‍ അല്ലേയെന്ന് ഭരണഘടന ബെഞ്ച് ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: