പോലീസുകാര്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുടെ എണ്ണം സമീപകാലത്ത് വന്‍തോതില്‍ കുതിച്ചുയരുകയാണ്. പോലീസുകാര്‍ സാധാരണയായി പ്രതികളാവാറുള്ള രണ്ട് കുറ്റകൃത്യങ്ങള്‍ കൈക്കൂലിയും ലോക്കപ്പ് മര്‍ദ്ദനവുമാണ്. ഇതിന് കാര്യമായ കുറവൊന്നും വരാതിരിക്കുമ്പോള്‍ തന്നെ കൊടുംക്രിമിനലുകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെല്ലാം പോലീസിന്റെ വകയായും സംഭവിക്കുകയാണ്. അക്രമവും കൊലപാതകവും ഭീകരവാദവും മോഷണവും പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലും പോലീസുകാര്‍ക്കിടയിലും ഇപ്പോള്‍ വ്യാപകമാണ്. സാധാരണ പോലീസുകാര്‍ മാത്രമല്ല ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവരും ഇത് ചെയ്യുന്നു. ഈയിടെയായി പോലീസുകാര്‍ പ്രതിസ്ഥാനത്തു വരുന്ന ലൈംഗികാതിക്രമങ്ങളുടെ ഒരു പരമ്പരതന്നെയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ലൈംഗിക പീഡനം, സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിക്കല്‍, ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിക്കല്‍, തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യല്‍ എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങളില്‍ പോലീസുകാര്‍ പ്രതികളായിരിക്കുന്നു. പലപ്പോഴും കാക്കിയിട്ടവരും അല്ലാത്തവരും എന്ന വ്യത്യാസം മാത്രമേ പോലീസുകാരും കൊടുംകുറ്റവാളികളും തമ്മിലുള്ളൂ. പദവിയും അധികാരവും സ്വാധീനവും ഉപയോഗിച്ച് കുറ്റവാളികളെ ബഹുദൂരം പിന്നിലാക്കുന്ന ചെയ്തികളും നിയമപാലകരില്‍നിന്ന് ഉണ്ടാവുന്നു. എന്തു ഹീനകൃത്യം ചെയ്താലും പ്രതികളാവാതിരിക്കാനും, കേസുകള്‍ പറഞ്ഞൊതുക്കാനും, അന്വേഷണം അട്ടിമറിക്കാനുമുള്ള സൗകര്യം കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പോലീസുകാര്‍ക്ക് പ്രേരണ നല്കുന്നതുപോലെ തോന്നുന്നു. പോലീസ് സേനയിലുള്ളവരുടെ പൊതുവായ പിന്തുണയും ഇതിന് ലഭിക്കുന്നു.
പരാതിക്കാരെയും ഇരകളെയും ഭീഷണിപ്പെടുത്തി, കേസില്‍നിന്ന് രക്ഷപ്പെടാനാവുമെന്ന ആത്മവിശ്വാസം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന പോലീസുകാര്‍ക്കുണ്ട്. ഇതുകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ നടക്കുന്നതിന്റെ ചെറിയൊരംശം മാത്രമാണ് പുറത്തറിയുന്നത്. എന്നിട്ടും കാക്കിയിട്ട കുറ്റവാളികള്‍ ചെയ്യുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍കൊണ്ട് മാധ്യമങ്ങള്‍ നിറയുകയാണ്. ആറുവര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് കീഴില്‍ കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ കസറുകയാണ്. ഒട്ടുമിക്ക സംഭവങ്ങളിലും സര്‍ക്കാര്‍ ഇക്കൂട്ടരുടെ രക്ഷകരാവുകയും ചെയ്യുന്നു. പോലീസുകാര്‍ പ്രതികളാവുന്ന കുറ്റകൃത്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, അപൂര്‍വം ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ പോലീസിലുള്ളതെല്ലാം നന്മമരങ്ങളാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പോലീസുകാര്‍ ചെയ്യുന്ന കൊടുംക്രൂരതകള്‍ പോലും ഇങ്ങനെ അവഗണിക്കുകയോ ലളിതവല്‍ക്കരിക്കുകയോ ചെയ്യുന്നു. പോലീസുകാര്‍ പ്രതികളായിവരുന്ന കേസുകളില്‍ കോടതിയില്‍ പോലും സര്‍ക്കാര്‍ അവര്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ പിങ്കുപോലീസുകാരി അപമാനിച്ച സംഭവത്തില്‍ ഇതാണല്ലോ കണ്ടത്. പോലീസുകാരുടെ കുറ്റകൃത്യങ്ങളെ അവരെക്കാള്‍ മുന്‍പ് ന്യായീകരിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യാറുള്ളത് മന്ത്രിമാരും സിപിഎം നേതാക്കളുമാണ്. പോലീസുകാര്‍ ചെയ്ത ലൈംഗികാതിക്രമങ്ങള്‍ വിവിധ ജില്ലകളില്‍നിന്ന് ഒന്നിനു പുറകെ ഒന്നെന്നോണം റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പതിവുപോലെ പ്രതിരോധവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തുവന്നല്ലോ. കുറ്റവാളികളും ക്രിമിനല്‍ വാസനയുള്ളവരുമായ പോലീസുകാര്‍ തങ്ങളുടെ രക്ഷകനായാണ് മുഖ്യമന്ത്രിയെ കാണുന്നത്.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു ചിന്തിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം വരുന്നതുകാണാം. സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലീസിനെ നിലയ്ക്കു നിര്‍ത്താനും ശുദ്ധീകരിക്കാനും കഴിയും. സിപിഎമ്മിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് അങ്ങനെ ചെയ്യാത്തത്. സിപിഎമ്മുകാര്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളില്‍ പോലീസ് പ്രതികള്‍ക്കൊപ്പമാണ് നില്‍ക്കാറുള്ളത്. സ്റ്റേഷനുകളില്‍ കയറി സിപിഎമ്മുകാര്‍ അതിക്രമം കാണിച്ചാലും പോലീസ് നിഷ്ക്രിയത പാലിക്കും. ഇടതുഭരണത്തില്‍ ഇത് അലിഖിത നിയമമാണ്. പോലീസ് നിഷ്പക്ഷത പാലിക്കുകയോ മുഖംനോക്കാതെ നടപടിയെടുക്കുകയോ ചെയ്താല്‍ സിപിഎമ്മിന്റെ സമാന്തര ഭരണം നടക്കില്ല. പോലീസില്‍നിന്നുള്ള നിയമവിരുദ്ധ സഹായങ്ങള്‍ സിപിഎമ്മിന് എപ്പോഴും ആവശ്യമുണ്ട്. ഇതിന്റെ പ്രത്യുപകാരമാണ് പോലീസിലെ ക്രിമിനലുകള്‍ക്കും ലഭിക്കുന്നത്. പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്ന നയം സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ മാത്രമേ കാക്കിക്കുള്ളിലെ കുറ്റകൃത്യങ്ങള്‍ക്ക് കുറവുവരികയുള്ളൂ എന്നര്‍ത്ഥം. പോലീസില്‍ അച്ചടക്കം കൊണ്ടുവരുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റണം. ജനങ്ങളുടെ ജനാധിപത്യ ബോധം തകര്‍ക്കുന്ന കൊളോണിയല്‍ കാലത്തെ പോലീസ് നിയമങ്ങളുടെ തുടര്‍ച്ചയാണ് കേരളാ പോലീസ് നിയമമെന്ന് അടുത്തിടെ സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. കേരളാ പോലീസ് നിയമങ്ങള്‍ ക്രമസമാധാനപാലത്തിനു മാത്രമുള്ളതാണെന്നും കോടതി ഓര്‍മിപ്പിക്കുകയുണ്ടായി. പോലീസ് നിയമപാലകരാണ്. അവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇരട്ടി ശിക്ഷ ലഭിക്കണം. പല കോടതിവിധികളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: