വടക്കാഞ്ചേരി: പശുപരിപാലനത്തില്‍ മികവിന്റെ പ്രതീകമായി വയോധിക. മുണ്ടത്തിക്കോട് പട്ട്യാത്ത് വീട്ടില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ രാധ(65) യെന്ന ക്ഷീര കര്‍ഷകക്ക് പശുക്കള്‍ ഉപജീവനോപാധി മാത്രമല്ല ജീവിത താളം കൂടിയാണ്.
25 ഓളം പശുക്കളും അവയുടെ കുഞ്ഞു കിടാങ്ങളുമൊക്കെയടങ്ങുന്ന മികവിന്റെ പശുഫാമാണ് ഇവരുടെ ലോകം. കാസര്‍കോട് കുള്ളന്‍, എച്ച്എഫ് ഇനത്തില്‍പ്പെട്ട പശുക്കളാണ് കൂടുതലും. മരുമകന്‍ ജയകൃഷ്ണന്റെ ആശയത്തില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫാം ആരംഭിച്ചത്. പിന്നീട് ഈ മേഖലയിലെ മികച്ച ക്ഷീര കര്‍ഷകയായി മാറിയ രാധക്ക് നഗരസഭാതല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പ്രതിദിനം ശേഖരിക്കുന്ന 80 ലിറ്ററോളം പാല്‍ മേഖലയിലെ സൊസൈറ്റികളിലും വീടുകളിലുമാണ് നല്‍കി വരുന്നത്. ശുദ്ധമായ നാടന്‍ പാലിന് ആവശ്യക്കാര്‍ ഏറെയാണെന്നും രാധ പറയുന്നു. ഫാമും പരിസരവും വൃത്തിയാക്കാന്‍ മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കാലികള്‍ക്ക് വെള്ളം കുടിക്കാന്‍ ട്രേകള്‍, വൃത്തിയോടെ തീറ്റ നല്‍കാന്‍ ടൈല്‍ വിരിച്ച പുല്‍ത്തൊട്ടി, മ്യൂസിക് സിസ്റ്റം എന്നിവയൊക്കെ ഫാമിലെ പ്രത്യേകതകളാണ്.
പെല്ലറ്റ്, ചോളപ്പൊടി, തുടങ്ങിയവയാണ് പ്രധാനമായും തീറ്റയായി നല്‍കി വരുന്നത്. ദിവസത്തില്‍ ഭൂരിഭാഗം സമയവും പശുക്കള്‍ക്കൊപ്പം ചെലവിടാനാണ് രാധക്കിഷ്ടം. മുണ്ടത്തിക്കോടിന്റെ ക്ഷീരകാര്‍ഷിക രംഗത്ത് പുതു ചരിത്രം രചിക്കുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: