കൊച്ചി: ഫിഷറീസ് സർവകലാശാല വി.സി ഡോ. കെ.റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് നിയമനമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്. കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയൻ അടക്കം നൽകിയ ഹർജികളിലാണ് കോടതി വിധി.
സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് റിജി ജോൺ. സെർച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിർദേശിച്ചത് സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെർച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇത് ഹൈക്കോടതി ശരിവച്ചു.
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ് നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പി എച്ച് ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണ്.
കൂടാതെ സേർച്ച് കമ്മിറ്റി വിസി പദവിയിലേക്ക് ഒരാളുടെ പേര് മാത്രമാണ് ശുപാർശ ചെയ്തത്. മാത്രമല്ല സേർച്ച് കമ്മിറ്റിയിൽ മതിയായ അക്കാദമിക് യോഗ്യതയില്ലാത്തവരുമുണ്ടായിരുന്നു.
2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാലയിൽ വിസിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്. കുഫോസ് വിസി നിയമനത്തിൽ ഡിവിഷൻ ബഞ്ചിന്റെ വിധി കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച മറ്റ് വിസിമാരുടെ കാര്യത്തിലും ഏറെ നിർണ്ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: