കൊച്ചി: ആക്രമിച്ചും പ്രതിരോധിച്ചും ജയം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. കലൂര്‍ സ്റ്റേഡിയത്തില്‍ കരുത്തരായ ഗോവ എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി തുടരെ രണ്ടാം ജയം കുറിച്ചു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, ഇവാന്‍ കല്യുഷ്‌നി എന്നിവരാണ് മഞ്ഞപ്പടയ്‌ക്കായി ഗോള്‍ നേടിയത്.
ജയത്തോടെ ആറ് കളിയില്‍ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളിയില്‍ ഇതേ പോയിന്റുള്ള ഗോവ ഗോള്‍ ശരാശരിയില്‍ നാലാമത്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ജയമാണിത്. ആറു വര്‍ഷത്തിനു ശേഷമാണ് ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാന്‍ ആദ്യ പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു. 42-ാം മിനിറ്റില്‍ ആദ്യ ഗോള്‍. ഗോളിനു പിന്നില്‍ മലയാളി സ്പര്‍ശം. കെ.പി. രാഹുല്‍ നല്കിയ പാസില്‍ നിന്ന് പോസ്റ്റിലേക്ക് ഹെഡ് ചെയ്യാനുള്ള അഡ്രിയാന്‍ ലൂണയുടെ ശ്രമം പിഴച്ചു. ഗോവന്‍ പ്രതിരോധത്തില്‍ തട്ടി പന്ത് ലഭിച്ച സഹല്‍ അബ്ദുള്‍ സമദ് വീണ്ടും ലൂണയ്‌ക്ക് തന്നെ നല്കി. ഇത്തവണ ലൂണ പന്ത് വലയിലാക്കി.
ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ രണ്ടാം ഗോള്‍. ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ആക്രമിച്ചെത്തിയെങ്കിലും പ്രതിരോധം തടഞ്ഞു. ഇതൊരു പ്രത്യാക്രമണമായി ഗോവന്‍ ഗോള്‍മുഖത്തെത്തി. ഇതിനിടെ, ബോക്‌സില്‍ ദിമിത്രിയോസ് ഡയമന്റക്കോസിനെ അന്‍വര്‍ അലി വീഴ്‌ത്തി. ഈ ഫൗളിന് റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ഇടവേളയ്‌ക്കു പിരിയുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നില്‍. രണ്ടാം പകുതിയിലും ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്‌സ് 52-ാം മിനിറ്റില്‍ ഇവാന്‍ കല്യുഷ്‌നിയിലൂടെ മൂന്നാം ഗോളും നേടി. ദിമിത്രിയോസ് നല്കിയ പാസ് ബോക്‌സിനു വെൡയില്‍ നിന്ന് ഇടതുകാല്‍ കൊണ്ട് തൊടുത്തത് പോസ്റ്റിന് ഇടത് മുകള്‍ ഭാഗത്ത് ഭദ്രം.
ഇതിനിടെ, ഗോവ ഒരു ഗോള്‍ മടക്കി. 67-ാം മിനിറ്റില്‍ നോഹ സദൗയി ലക്ഷ്യം കണ്ടു. സെറിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് സൗദായി പോസ്റ്റിന് വലത് മുകള്‍ ഭാഗത്തേക്ക് ഹെഡ് ചെയ്തിട്ടു.
അഡ്രിയന്‍ ലൂണയെയും ദിമിത്രിയോസ് ഡയമന്റകോസിനെയും മുന്നേറ്റത്തില്‍ അണിനിരത്തി 4-4-2 ശൈലിയിലാണ് ഇവാന്‍ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സിനെ രംഗത്തിറക്കിയത്. ജീക്‌സണ്‍ സിങ്ങും ഇവാന്‍ കല്യുഷ്‌നിയും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍ സഹലും രാഹുലും വിങ്ങുകളില്‍. നിഷി കുമാര്‍, മാര്‍ക്കൊ ലെസ്‌കൊവിച്ച്, ഹോര്‍മിപാം, സന്ദീപ് സിങ് പ്രതിരോധം കാത്തു. പ്രഭുസുഖന്‍ ഗില്‍ ഗോള്‍വലയ്‌ക്കു മുന്നില്‍. അല്‍വാരോ വാസ്‌ക്വെസിനെ മുന്നേറ്റത്തില്‍ നിര്‍ത്തി സൗദായി, ബ്രെണ്ടന്‍ ഫെര്‍ണാണ്ടസ്, ഇല്‍കെര്‍ ഗ്യുറൊറ്റെക്‌സനെ തൊട്ടുപിന്നിലുമായി അണിനിരത്തി 4-2-3-1 ശൈലിയിലാണ് കാര്‍ലോസ് ഗൊണ്‍സാലെസ് ഗോവയെ കളത്തിലിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: