തിരുവനന്തപുരം: കടത്തില്‍ മുങ്ങി കഴിഞ്ഞ രണ്ട് മാസമായി ക്ഷേമപെന്ഷന് പോലും വിതരണം ചെയ്യാന്‍ കഴിയാതെ സര്‍ക്കാര്‍ വിഷമിക്കുന്നു. കടമെടുക്കുന്ന തുക ശമ്പളത്തിനും പെൻഷനും പോലും തികയാത്തവിധം സാമ്പത്തിക പ്രതിസന്ധി മുറുകുകയാണ്.
ഇതോടെയാണ് രണ്ടു മാസമായി ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നത്. ഡിസംബർവരെ 17,936 കോടി രൂപ വായ്പയെടുക്കാനേ കേന്ദ്രാനുമതിയുള്ളൂ. അതിൽ 13,936 കോടി എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 4000 കോടിയും മറ്റു വരുമാനങ്ങളും കൊണ്ടുവേണം അടുത്ത രണ്ടുമാസം ശമ്പള, പെൻഷൻ വിതരണം നടത്താൻ. 5936 കോടിയാണ് രണ്ടിനും കൂടി മാസം വേണ്ടത്.
ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങുന്ന കുറച്ചു പേർക്കു മാത്രം സെപ്തംബറിലെ പെൻഷൻ ലഭിച്ചു. ഒക്ടോബറിൽ ആർക്കും കൊടുത്തില്ല. 1600 രൂപയാണ് മാസ പെൻഷൻ. 50.67 ലക്ഷം ക്ഷേമ പെൻഷൻകാരുണ്ട്.
പ്രായമായവരുടെ വോട്ടാണ് പിണറായി സര്‍ക്കാരിന് രണ്ടാമൂഴം നേടിക്കൊടുത്തതെന്നാണ് കരുതപ്പെടുന്നത്. പിണറായി സര്‍ക്കാര്‍ മുടങ്ങാതെ നല്കുന്ന പെന്ഷന് വൃദ്ധസമൂഹം നല്കിയ വന്‍ പ്രചാരം സര്‍ക്കാരിന് അനുകൂലമായ തരംഗം അന്ന് സൃഷ്ടിച്ചിരുന്നു. ചെറിയ തുകയാണെങ്കിലും അത് വെച്ച് കാര്യങ്ങള്‍ നടത്തിപ്പോന്നിരുന്ന പ്രായമായവര്‍ വഴിയാധാരമായിരിക്കുകയാണ്.
മൂന്നു മാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് ക്രിസ്മസിനു നൽകുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. സഹകരണ ബാങ്കുകള്‍ വഴി ഇതിനുള്ള പണം സമാഹരിക്കാന്‍ കഴിയുമോ എന്നാലോചിക്കുന്നുണ്ട്. എന്നാല്‍ സഹകരണമേഖലയിലും വലിയ കടബാദ്ധ്യതയുള്ളത് സർക്കാരിന് വിനയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: