സ്വാമി സച്ചിദാനന്ദ
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
മൂന്ന് കാര്യങ്ങള്‍ ലഭിക്കുന്നത് ഈശ്വര കാരുണ്യത്തിലാണെന്ന് ശ്രീശങ്കരാചാര്യര്‍ ഉപദേശിക്കുന്നു. മനുഷ്യനായി ജനിക്കുക, മുമുക്ഷുവായിത്തീരുക, മഹാപുരുഷന്മാരുമായി ചേര്‍ന്ന് ജീവിക്കുക. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ കല്‍ക്കട്ടയില്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദ സ്വാമികള്‍, അരവിന്ദഘോഷ്, മഹാത്മാഗാന്ധി തുടങ്ങിയ മഹത്തുക്കളുമായി ചേര്‍ന്ന് ജീവിച്ച വിശ്വപൗരനായി. പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകള്‍ ഭാരതത്തെ സംബന്ധിച്ച് മഹത്തുക്കളുടെ കാലഘട്ടമാണ്. ആ മഹത്തുക്കളെ തെക്കേ ഇന്ത്യയിലേക്ക് ആകര്‍ഷിച്ച ആദ്ധ്യാത്മ സൂര്യനാണ് ശ്രീനാരായണ ഗുരുദേവന്. ശ്രീനാരായണ സൂര്യന്റെ പ്രഭയിലാണ് രാജ്യത്തെ മഹത്തുക്കളെല്ലാം ആ മഹാപുരുഷന്റെ സവിധത്തില്‍ എത്തി തങ്ങളുടെ ആദരവുകള്‍ സമര്‍പ്പിച്ചത്.
ശ്രീനാരായണസൂര്യന്റെ ദീപ്തമായ പ്രകാശത്താല്‍ ആകര്‍ഷിക്കപ്പെട്ട് നിരവധി മഹത്തുക്കള്‍ ശിവഗിരി സന്ദര്‍ശിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുദേവന്റെ ജീവിതദര്ശനമഹിമ അത്രയും പ്രശസ്തമായിരുന്നു. ‘ഗുരുദേവനെ ഒന്നുകാണാന്‍ സാധിച്ചത് എന്റെ ജീവിതത്തിന്റെ പരമഭാഗ്യം. എന്റെ ദക്ഷിണേന്ത്യന്‍ പര്യടനം പൂര്‍ത്തിയായി’. എന്നാണ് ഗുരുദേവദര്ശനാനന്തരം മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടത്. മഹാത്മാഗാന്ധിയെ കൂടാതെ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍, സി. രാജഗോപാലാചാരി, ഇ.വി. രാമസ്വാമിനായ്ക്കര്‍, മഹാദേവദേശായി, ടാഗോറിന്റെ സെക്രട്ടറി ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസ്, ആചാര്യവിനോബ ഭാവെ തുടങ്ങിയ ദേശീയനേതാക്കന്മാര് ശിവഗിരിയിലെത്തിയിട്ടുണ്ട്.
അതുപോലെ ഹിമവദ്വിഭൂതി തപോവനസ്വാമികള്‍, ശ്രീരാമകൃഷ്ണപരമഹംസരുടെ മാനസപുത്രന് എന്ന് പ്രകീര്‍ത്തിതനായ ബ്രഹ്മാനന്ദസ്വാമികള്‍ (ബേലൂര്‍മഠം, കൊല്‍ക്കത്ത) ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദസ്വാമികള്‍, ആര്യസമാജം നേതാവ് സ്വാമിശ്രദ്ധാനന്ദന്, പണ്ഡിറ്റ് ഋഷിറാം, സിലോണിലെ ബുദ്ധമതാചാര്യന് ഭിക്ഷു ധര്മ്മസ്കന്ദ തുടങ്ങി പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സന്ന്യസ്തരും ഗൃഹസ്ഥാശ്രമികളുമായ നിരവധി മഹത്തുക്കള്‍ ഗുരുദേവ പാദാന്തികത്തിലെത്തിയിട്ടുണ്ട്. ശക്തമായ ഒരു കാന്തം ഒരു സ്ഥലത്തിരുന്നാല്‍ ഇരുമ്പിന്റെ കണികകള്‍ ആ കാന്തത്താല്‍ ആകര്‍ഷിക്കപ്പെട്ടു ഐക്യം പ്രാപിക്കുന്നതുപോലെ ശ്രീനാരായണ സവിധത്തിലും മഹത്തുക്കള്‍ ഒന്നു ചേര്‍ന്ന് ഐക്യം പ്രാപിച്ചു പോകുമായിരുന്നു. ഗുരുദേവനെ ശിവഗിരിയിലെത്തി ദര്‍ശിച്ചവരില്‍ ഏറ്റവും പ്രമുഖന് വിശ്വപൗരനായ രവീന്ദ്രനാഥ ടാഗോര്‍ തന്നെയായിരുന്നു. ആ കൂടിക്കാഴ്ച രണ്ടു മഹത്തുക്കളിലും അലൗകികമായ അനുഭൂതിയുടെ അലകളെ സൃഷ്ടമാക്കിയിരുന്നു. ടാഗോറിന്റെ ശിവഗിരി യാത്രയ്ക്കുള്ള വഴിത്താര ഒരുക്കിയവരില്‍ പ്രമുഖര്‍ ശിവപ്രസാദ് സ്വാമികള്‍, ഡോ. പല്പു, കുമാരനാശാന്, നടരാജന് മാസ്റ്റര്‍ (നടരാജഗുരു) എന്നിവരാണ്. വടക്കേ ഇന്ത്യയിലെ ഗുരുദേവ് തെക്കേ ഇന്ത്യയിലെ ഗുരുദേവനെ ദര്‍ശിക്കുവാന്‍ എത്തിച്ചേരുന്നുവെന്ന വാര്‍ത്ത ശ്രീനാരായണഭക്തരില്‍ ആമോദത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. ആ സമാഗമത്തില്‍ ഭാഗഭാക്കാകുവാന്‍ ആയിരങ്ങള്‍ ഒത്തുകൂടി എന്നതാണ് ചരിത്രം. എന്നാല്‍ ഈ സമാഗമം നടക്കാതിരിക്കുവാനും ചില വരേണ്യന്മാര്‍ ശ്രമിക്കാതിരുന്നില്ല. ശിവപ്രസാദ് സ്വാമികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അത് തരണം ചെയ്തത്. അദ്ദേഹം അന്ന് ബ്രഹ്മസമാജത്തിന്റെ കേരളഘടകം സെക്രട്ടറിയായിരുന്നു. ടാഗോര്‍ ബ്രഹ്മസമാജം അംഗം കൂടിയായിരുന്നുവല്ലോ.
ശാരദാമഠത്തിലെത്തിയ ടാഗോര്‍ മഹാകവി, ശാരദാമഠത്തിന്റെ വിശേഷത; വൈദിക താന്ത്രിക കര്‍മ്മങ്ങളുടെയും, അഭിഷേക-നിവേദ്യാദികളുടെയും നിരോധം, വര്ണ്ണച്ചില്ലുകളോടെയുള്ള ജനാലകള്‍, വാതിലുകള്‍, ആരക്കാലുകളില്‍ തീര്‍ത്ത ലഘുവായ ചുറ്റുമതില്‍, അതില്‍ നിറച്ചിരിക്കുന്ന പഞ്ചസാര മണല്‍, ശാരദാമഠത്തിന്റെ ശുചിത്വം, പറയപ്പുലയക്കുട്ടികളെ പൂജാരിമാരായി ഗുരു നിയോഗിച്ചിരിക്കുന്നത് തുടങ്ങിയ സവിശേഷതകളെല്ലാം കുമാരമഹാകവിയില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി. മാത്രമല്ല ശാരദാമഠത്തിലെ ഉത്സവരാഹിത്യം, പ്രതിഷ്ഠ നടന്ന ദിവസം ഗുരുദേവ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സമ്മേളനം, സ്ത്രീ സമ്മേളനം, സ്പോര്‍ട്സ് & ഗെയിംസ്- ഗുരുദേവന്റെ ആധുനികമായ പരിഷ്കൃത കാഴ്ചപ്പാടുകള്‍ എല്ലാം ടാഗോര്‍ മഹാകവി മനസ്സിലാക്കി. വിശ്വഭാരതിയിലും ശാന്തിനികേതനിലും ശാരദോത്സവം സംഘടിപ്പിച്ചിരുന്ന മഹാകവിയുടെ തനതായ കാഴ്ചപ്പാടുകള്‍ക്ക് തദനുസൃതമായ വൈജ്ഞാനിക ആവിഷ്കാരം ഗുരുദേവന് ശാരദാമഠത്തിലൂടെ പ്രായോഗികമാക്കിയിരിക്കുന്നത് മഹാകവിയില്‍ ആനന്ദാനുഭൂതിയുടെ അലകള്‍ സൃഷ്ടിച്ചിരിക്കണം.
1922 നവംബര്‍ 15ന് വൈകുന്നേരം 4 മണിക്ക് ടാഗോര്‍ ശിവഗിരി വൈദികമഠത്തില് ഗുരുവിന്റെ വിശ്രമസ്ഥാനത്ത് വരാന്തയിലേക്ക് കയറിയതും അതുവരെ മുറിയില്‍ കതകടച്ചു വിശ്രമം കൈക്കൊണ്ടിരുന്ന ശ്രീനാരായണഗുരുദേവന്‍ കതകുതുറന്ന് വെളിയില്‍ വന്നതും ഒരേസമയത്തു തന്നെയായിരുന്നു. ഗുരുദേവനെ ദര്‍ശിച്ച മാത്രയില്‍ ‘ഛവ ഴൃലമ േമെശി’േ എന്നാണ് ടാഗോര്‍ മഹാകവി ആദ്യം തന്നോടെന്നവണ്ണം പറഞ്ഞത്. ‘അങ്ങയെ ദര്‍ശിച്ചതോടുകൂടി എന്റെ ഹൃദയത്തിന് ഒരു മാറ്റമുണ്ടായിരിക്കുന്നു’ എന്ന ആമുഖത്തോടെ ടാഗോര്‍ സംഭാഷണം ആരംഭിച്ചു. മലബാറിനെ- കേരളത്തെ ചൂണ്ടിക്കാണിച്ച് ‘കേരളം ഭ്രാന്താലയമാണ്’ എന്ന് തന്റെ ആത്മസുഹൃത്തും വിശ്വവിജയിയുമായ വിവേകാനന്ദസ്വാമികള്‍ പറഞ്ഞതും ‘നരകമിവിടെയാണ് ഹന്ത! കഷ്ടം!’ എന്നു കവികള്‍ വിലപിച്ചതും പട്ടിയും പൂച്ചയും നിര്‍ബാധം സഞ്ചരിക്കുന്ന വഴിയിലൂടെ അയിത്തത്തിന്റെ പേരില്‍ മനുഷ്യന് സഞ്ചരിക്കാന്‍ സാധിക്കാതിരിക്കുന്നതുകണ്ട് ഭ്രാന്തന്മാരുടെ ആവാസകേന്ദ്രമെന്ന് വിലപിച്ച ദേശത്തെ, ശ്രീനാരായണഗുരു രണ്ടര പതിറ്റാണ്ടിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ ഇന്ത്യക്കു മുഴുവന്‍ മാതൃകയായ തീര്‍ത്ഥാലയമാക്കി മാറ്റിയതും ഒരു തിരശ്ശീലയിലെന്നവണ്ണം ടാഗോറില്‍ മാറിമറിഞ്ഞു. ഇതു വിലയിരുത്തിയ മഹാകവി ടാഗോറിന്റെ ‘ഗുരോ, അങ്ങ് ഏറെ പ്രവര്‍ത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല’ എന്ന അഭിപ്രായത്തിന് നാം ഒന്നും ചെയ്യുന്നില്ലല്ലോ’ എന്നായിരുന്നു ഗുരുവിന്റെ മറുപടി. രാപകലെന്യേ കര്‍മ്മ പ്രപഞ്ചത്തില്‍ വ്യാപൃതനായിരുന്ന മഹാഗുരു ഒന്നും ചെയ്യുന്നില്ല എന്ന് മൊഴിഞ്ഞതില്‍- അതും വിശ്വമഹാകവി തൃപ്പാദങ്ങളുടെ കര്മ്മപ്രപഞ്ചത്തെ അഭിനന്ദിച്ചപ്പോള്‍ അതിനുള്ള ഗുരുവിന്റെ നിസ്സംഗമായ മറുപടിയും ആശ്ചര്യം സൃഷ്ടിക്കുകതന്നെ ചെയ്തു. ‘ഗുരു ഒന്നും ചെയ്യുന്നില്ലന്നോ!’ പലരും മുഖത്തോടുമുഖം നോക്കി.
ബ്രഹ്മനിഷ്ഠനും പരമഹംസനുമായ ശ്രീനാരായണഗുരുദേവന്‍ ആത്മീയതയുടെ-പരമാത്മവിദ്യയുടെ പരമാവധി ദര്‍ശിച്ചാണ് ലോക ലീലാനാടകമാടുന്നതെന്ന് ടാഗോറിന് മനസ്സിലായി. ദര്‍ശനമാലയിലെ കര്‍മ്മദര്‍ശനത്തില്‍ ഗുരു പറയുന്നു ‘സ്വയം ക്രിയന്തേ കര്‍മ്മാണി, കരണൈരിന്ദ്രിയൈരപി അഹംത്വസംഗഃകൂടസ്ഥ ഇതി ജാനാതി കോ വിദ’ കരണങ്ങളെയും ഇന്ദ്രിയങ്ങളെയും കൊണ്ട് ജ്ഞാനി കര്‍മ്മം ചെയ്യുന്നു. ജ്ഞാനിയുടെ ആത്മാവ് നിസ്സംഗനും നിരീഹനും സാക്ഷീഭൂതവുമായി പ്രകാശിക്കുന്നു.
ഇതാണ് ഒരു ജ്ഞാനിയുടെ നില. മുഴുവന്‍ സമയവും കര്‍മ്മത്തില്‍ മുഴുകിയാലും അതില്‍ സംഗമില്ലാതെ വര്‍ത്തിക്കുക അതായിരുന്നു ശ്രീനാരായണഗുരു. ‘നാം ഒന്നും ചെയ്യുന്നില്ലല്ലോ’ എന്ന ഗുരുവചനം ടാഗോറിന് മനസ്സിലായി. അതും ഗുരുവിന്റെ ദര്ശനമഹിമയും കൊണ്ടുമാണ് മഹാകവി ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും ശ്രീനാരായണ ഗുരുദേവനേക്കാള്‍ ഉന്നതനായ സമശീര്‍ഷനായ ഒരു ആത്മീയഗുരുവിനെ കണ്ടിട്ടില്ല എന്ന് പ്രഖ്യാപിച്ചത്.
‘ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ മഹാത്മാവ് ഇന്ത്യയുടെ തെക്കേയറ്റത്തു വിജയിച്ചരുളുന്ന ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ല’ എന്ന സി.എഫ്. ആന്‍ഡ്രൂസിന്റെ കാഴ്ചപ്പാടും ഗുരുഭക്തരും കേരളീയരും ശ്രദ്ധയോടെ അവധാരണം ചെയ്യണം. ശ്രീരാമകൃഷ്ണപരമഹംസര്‍, വിവേകാന്ദസ്വാമികള്‍, അരവിന്ദഘോഷ്, മഹാത്മാഗാന്ധി, രമണമഹര്‍ഷി തുടങ്ങിയ മഹാത്മാക്കളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന രവീന്ദ്രനാഥടാഗോറാണ് ഇതു പറഞ്ഞതെന്നതും ശ്രദ്ധിക്കുക.
ടാഗോറിന്റെ ഗുരുദേവസന്ദര്‍ശനത്തിന്റെ ശതാബ്ദിയില്‍ നാം ദിവ്യമായ ആ സമാഗമത്തെ വീണ്ടും വീണ്ടും സ്മരിക്കുക. അവരുടെ ജീവിതാദര്‍ശത്തെ സ്വാംശീകരിക്കുക. അതില്‍ ആത്മസായുജ്യം നേടുക എന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. ഒപ്പം നവംബര്‍ 15 ന് ഗുരുവും ടാഗോറും തമ്മില്‍ നടന്ന സമാഗമത്തിന്റെ ശതാബ്ദി, മുഴുവന്‍ ഗുരുദേവ പ്രസ്ഥാനങ്ങളും സാമൂഹിക സാഹിത്യസാംസ്കാരിക സംഘടനകളും ആഘോഷിക്കണമെന്ന് ഗുരുവിന്റെ ശിഷ്യപരമ്പരയുടെ പേരില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ശിവഗിരി സന്ദര്‍ശനം ടാഗോറിന്റെ ജീവിതത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചു. അന്ത്യം വരെ ടാഗോര്‍ ഗുരുവിനേണ്ടാടുള്ള ആദരവ് നിലനിര്‍ത്തുകയും ചെയ്തു. ആന്ഡ്രൂസിനാകട്ടെ ഗുരുദേവന് ഈശ്വരീയതയുടെ പ്രത്യക്ഷസ്വരൂപമായിരുന്നു.
ഈ മഹാത്മാക്കളുടെ ഉള്ളില്‍ ഗുരുദേവന് സൃഷ്ടിച്ച വസന്തച്ചാര്‍ത്ത് ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്നു. ഏവരും ആ പൊന്പ്രഭയില് പ്രകാശ സ്വരൂപികളാകാന് ശ്രമിക്കുക എന്ന് പ്രാര്‍ത്ഥിക്കുന്നു. ടാഗോറും ഗുരുദേവനും ആന്‍ഡ്രൂസും ഈശ്വരാനുഗ്രഹ ഹേതുകമായ അപൂര്വ്വാനുഗ്രഹത്തില് ചരിത്രത്തില്‍ ചിരസ്മരണീയരായി നിറഞ്ഞ് പ്രകാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: