ന്യൂദല്‍ഹി: റഷ്യ-ഉക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ മധ്യസ്ഥതയ്ക്കാവുമോ? റഷ്യയുടെ മനസ്സ് മാറ്റാന്‍ അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കാവുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കഴിഞ്ഞ ദിവസം ഖെര്‍സോണിലെ ഡെനിപര്‍ പുഴയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള റഷ്യന്‍ പട്ടാളത്തിന്റെ പിന്മാറ്റം ഇന്ത്യ റഷ്യയുടെ മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമോ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ആദ്യം മോദിയാണ് സമാധാനദൂതനാകുന്നതിന്റെ ആദ്യ പാത തുറന്നത്. ഷാങ് ഹായ് സഹകരണ സംഘടനയുടെ സമര്‍ഖണ്ഡില്‍ നടന്ന യോഗത്തിലാണ് മോദി പുടിനോട് ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് തുറന്നടിച്ചത്. അമേരിക്ക മോദിയുടെ സമാധാനനീക്കത്തെ പ്രശംസിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ മോദിയുടെ നീക്കം പ്രശംസിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച വിദേശകാര്യമന്ത്രി ജയശങ്കര്‍ റഷ്യയുടെ റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ് റോവുമായി മോക്സോയില്‍ നടത്തിയ യോഗത്തിനും ഏറെ പിന്തുണ ലഭിച്ചു. അവിടെയും ഇന്ത്യ സമാധാനപാതയിലേക്ക് പോകന്‍ റഷ്യയെ നിര്‍ബന്ധിക്കുകയായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു റഷ്യയുടെ ഖെര്‍സോണില്‍ നിന്നുള്ള പിന്മാറ്റമുണ്ടായത്. ജയശങ്കര്‍ നേരത്തെ മോദി പറഞ്ഞ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന സന്ദേശം തന്നെയാണ് റഷ്യയില്‍ എത്തിച്ചതെന്ന് അമേരിക്കയും പിന്തുണക്കുന്നു.
ഇപ്പോള്‍ റഷ്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് ഏറ്റവും വലിയ ചങ്ങാതിമാരില്‍ ഒരാള്‍. 2022 ആദ്യ സാമ്പത്തിക പാദത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെറും 0.2 ശതമാനം മാത്രമായിരുന്നെങ്കില്‍ ഒക്ടോബറോടെ അത് 22 ശതമാനമായി ഉയര്‍ന്നു. ദിവസേന 9.35 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് ഇന്ത്യ ഇറാഖില്‍ നിന്നും (20.5 ശതമാനം) സൗദി അറേബ്യില്‍ നിന്നും (16 ശതമാനം) വാങ്ങുന്ന എണ്ണയേക്കാള്‍ അധികമാണ്.
ചൈനയും റഷ്യയെ സഹായിക്കുന്നുണ്ട്. കൂടാതെ യുഎസ് ഉപരോധം നിലനില്ക്കുന്നുണ്ടെങ്കില് ഏകദേശം 116 ബഹുരാഷ്ട്രക്കമ്പനികള്‍ റഷ്യയുമായി ബിസിനസ് ചെയ്തുവരുന്നുണ്ട്. ഇതില്‍ പലരും യുഎസില്‍ ഉള്ള കമ്പനികളാണ്. ഇപ്പോള്‍ ഇറ്റലിയിലെ 20 ഉന്നത എക്സിക്യൂട്ടീവുകള്‍ തടസ്സമില്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ എന്ത് ചെയ്യണമെന്നന്വേഷിച്ച് പുടിനുമായി വീഡിയോകാള്‍ നടത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനും അവര്‍ക്ക് അത്യാവശ്യമായ റഷ്യയുടെ ഉല്പന്നങ്ങള് ഉപരോധത്തില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സമാധാനപാതയിലേക്ക് നീങ്ങാന്‍ ഇനിയും വൈകാന്‍ പറ്റില്ല എന്നര്‍ത്ഥം. ഈ സമാധാന പാതയൊരുക്കാന്‍ ഇന്ത്യയ്ക്കാവുമെന്നാണ് അമേരിക്കയും കരുതുന്നത്.
1955ല്‍ ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ് നികിത ക്രൂഷ്ചേവ് പറഞ്ഞ മുദ്രാവാക്യമായിരുന്നു ‘ഹിന്ദി-റുസി ഭായ് ഭായ്’. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സാധ്യതയായിരുന്നു അന്ന് പറഞ്ഞത്. പിന്നീട് ആ സൗഹൃദം പല രൂപത്തില്‍ പല മേഖലകളില്‍ ആഴത്തില്‍ പടര്‍ന്നുപന്തലിച്ചു. ആ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന വലിയൊരു യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്കാവും എന്ന് അമേരിക്ക ഉള്‍പ്പെടെ വിശ്വസിക്കുന്നു. ഇന്ന് റഷ്യയെ സമാധാനമേശയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു ലോകരാഷ്ട്രം ഇന്ത്യയാണെന്നും വിശ്വസിക്കപ്പെടുന്നു.
ഈ ശ്രമം വിജയത്തിലെത്തിച്ചാല്‍ അത് മോദിയുടെ നയതന്ത്രമികവിന്റെ ഏറ്റവും വലിയ അംഗീകാരമായി മാറും. 2024ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോലും ഇതുവഴി കൈവരുന്ന പ്രതിച്ഛായ മോദിയെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: