ന്യൂദല്‍ഹി: തെരുവിലോ പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന ബൊംബെ ഹൈക്കോടതിയുടെ നാഗ് പൂര് ബെഞ്ചിന്റെ വിധിയ്ക്കതിരെ സുപ്രീംകോടതി. ആര്‍ക്കും തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാമെന്നും ഭക്ഷണം നല്‍കിയില്ലെങ്കില്‍ തെരുവുനായ്ക്കള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും സുപ്രിംകോടതി പറഞ്ഞു. തെരുവുനായ്ക്കള്‍ക്ക് തെരുവിലോ പൊതു ഇടങ്ങളിലൊ ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും നാഗ് പൂര് മുനിസിപ്പല്‍ കോര്‍പറേഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
ഒക്ടോബര്‍ 20നാണ് നാഗ്പൂര്‍ ബെഞ്ചിന്റെ വിധി പുറത്തുവന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റ് ഒരു പാട് പേര്‍ക്ക് പരിക്കുപറ്റിയ സാഹചര്യത്തില്‍ വന്ന ഹര്‍ജികളുടെ അടിസ്ഥാനത്തിലായിരുന്നു നാഗ്പൂര്‍ ബെഞ്ചിന്റെ വിധി വന്നത്. വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ഭീതിയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമായും രണ്ട് വ്യക്തികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു നാഗ്പൂര്‍ ബെഞ്ചിന്റെ വിധി വന്നത്. നാഗ് പൂര് സ്വദേശിയായ ഒരാളും പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവുകളിലോ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നതായിരുന്നു ഈ വിധി. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കണമെങ്കില്‍ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കൊടുക്കണമെന്നും അല്ലെങ്കില്‍ അത് പാടില്ലെന്നും വിലക്കുന്ന വിധിയായിരുന്നു ഇത്. അതായത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തേ തീരു എന്നുണ്ടെങ്കില്‍ ആദ്യം ആ വ്യക്തി തെരുവുനായയെ ദത്തെടുക്കണം. ഈ നിയമം ലംഘിച്ച് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ക്ക് 200 രൂപ പിഴയും വിധിച്ചു നാഗ്പൂര്‍ ബെഞ്ച്.
അന്താരാഷ്ട്ര രീതികളോട് ഇണങ്ങുന്ന വിധിയായിരുന്നു ഇത്. ജര്‍മ്മനി പോലുള്ള വികസിത രാജ്യങ്ങളിലെ മൃഗ ക്ഷേമ നിയമത്തിലും തെരുവുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെ വിലക്കുന്നു. സ്വിറ്റ്സര്‍ലാന്റും ആസ്ത്രിയയും പൊതുശല്യനിയമം പാസാക്കിയിട്ടുണ്ട്. അത് പ്രകാരം തെരുവുകളില്‍ നായ്ക്കള്‍ക്ക് ഇഷ്ടം പോലെ ചുറ്റിയടിക്കുന്നതിനെ വിലക്കുന്നു. ഇതേ നിയന്ത്രണങ്ങള്‍ യുഎസിലും യുകെയിലും നിലനില്ക്കുന്നു. സുരക്ഷിതമായ പൊതു ഇടങ്ങളായിരുന്നു പേപ്പട്ടികളുടെ ആക്രമണം മൂലം ഇല്ലാതായത്. ഇതിനെതിരെ ആയിരുന്നു നാഗപൂര്‍ ബെഞ്ചിന്റെ വിധി.
എന്നാല്‍ ഈ വിധിയ്ക്കെതിരെ സുപ്രിംകോടതി പുതിയ വിധിയുമായി എത്തിയിരിക്കുകയാണ്. തെരുവുനായ്ക്കളുടെ ക്ഷേമത്തിനുള്ള സംഘടനകള്‍ക്ക് സന്തേഷമുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതിയുടേത്. ആര്‍ക്കും തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാം. ഭക്ഷണം നല്‍കിയില്ലെങ്കില്‍ നായ്ക്കള്‍ അക്രമകാരികളാകുമെന്നും സുപ്രീംകോടതി പറയുന്നു. നാഗ് പൂര് ബെഞ്ചിന്റെ വിധി നടപ്പാക്കിയാല്‍ തെരുവുനായ്ക്കള്‍ എല്ലാം ചത്തുപോകുമെന്നായിരുന്നു മൃഗസ്നേഹികളുടെ വാദം. മാത്രമല്ല, മുറിവേറ്റ, ഗര്‍ഭിണികളായ പട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനാകാത്തത് വലിയ ക്രൂരതയാണെന്നും മൃഗസ്നേഹികള്‍ വാദിച്ചു. ഈ വാദമുഖങ്ങള്‍ സുപ്രീംകോടതി കണക്കിലെടുക്കുകയായിരുന്നു. സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. നാഗ് പൂര് ബെഞ്ചിന്റെ വിധി യുക്തിക്ക് നിരക്കാത്തതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭക്ഷണം കൊടുക്കണമെങ്കില്‍ തെരുവ് നായ്ക്കളെ ദത്തെടുത്ത ശേഷം സ്വന്തം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കണമെന്നുമുള്ള നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയും സുപ്രീംകോടതി തിരുത്തി. തെരുവുനാക്കള്‍ക്ക് ഭക്ഷണം നല്കണമെങ്കില് അവയെ ദത്തെടുക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി വിധിച്ചു. ഭരണഘടനയുടെ 51-എ വകുപ്പില്‍ ജീവികളോട് കരുണകാണിക്കണമെന്നുണ്ടെന്നും സുപ്രീംകോടതി പറയുന്നു. അതുപോലെ ഓരോ മൃഗങ്ങള്‍ക്കും ഭക്ഷണവും അഭയവും നല്‍കണമെന്ന് അനുശാസിക്കുന്ന മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം 1960 ന്റെ ലംഘനം കൂടിയാണ് നാഗ് പൂര് ബെഞ്ചിന്റെ വിധിയെന്നും സുപ്രീംകോടതി വാദിക്കുന്നു.
നാഗ് പൂര് ബെഞ്ചിന്റെ വിധി പ്രകാരം നഗാപൂര്‍ റൂറല്‍ എസ് പിയോട് തെരുവുനായശല്യം കര്‍ശനമായി നിയന്ത്രിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം പൊലീസ് നിര്‍ദേശപ്രകാരം നാഗ്പൂര്‍ കോര്പറേഷന് കൂട്ടത്തോടെ തെരുവുനായ്ക്കളെ പിടികൂടി കൊണ്ടുപോകാന്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പരാതി എത്തിയതും ഇതിനെതിരെ പുതിയ വിധി വന്നതും. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: