ഒരാഴ്ചയായി തലസ്ഥാനത്ത് പോരാട്ടമാണ്. എന്നാലും താന്‍ രാജിവയ്ക്കില്ലെന്ന് മേയര്‍. രാജിവച്ചേ അടങ്ങൂ എന്ന് പ്രതിപക്ഷം. സമരത്തിനിടയില്‍ ജലപീരങ്കിയും ടിയര്‍ഗ്യാസും യഥേഷ്ടം. എന്നിട്ടും സമരത്തിന് ഒരു കുറവുമില്ല. കൗണ്‍സിലര്‍മാര്‍ കൂടെ നില്‍ക്കുകയും ജനങ്ങള്‍ ഒപ്പമുണ്ടെന്നുറപ്പുമുള്ളതിനാലാണ് രാജിവയ്ക്കാത്തതെന്നാണ് മേയറുടെ ഭാഷ്യം. കൗണ്‍സിലര്‍മാരെല്ലാം ഒപ്പമുണ്ടെന്നും ജനങ്ങളുടെ കൂറ് തനിക്കൊപ്പമെന്നും ഇപ്പോഴൊരു നിശ്ചയവുമില്ലല്ലോ.
തിരുവനന്തപുരം നഗരസഭയില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്ക് നിയമിക്കേണ്ട പാര്‍ട്ടിപ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാരാജേന്ദ്രന് നല്കിയ കത്താണ് പ്രശ്നം. മേയറുടെ ഔദ്യോഗിക ലറ്റര്‍പാഡിലാണ് പട്ടിക ആവശ്യപ്പെട്ട് മേയര്‍ കത്തു നല്‍കിയിരിക്കുന്നത്. ഈ മാസം ഒന്നിനാണ് കത്തു നല്‍കിയത്. നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കത്ത് പരസ്യമായത്. എന്നാല്‍ കത്തുനല്‍കിയിട്ടില്ലെന്നും വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. വിവാദം കത്തിനില്‍ക്കെ മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സിപിഎം അംഗം ഡി.ആര്.അനില്‍ ആനാവൂരിന് എഴുതിയ മറ്റൊരു കത്തും പുറത്തുവന്നു. ആര്യാ രാജേന്ദ്രന് മേയറായി ചുമതലയേറ്റതിനു ശേഷം നിരവധി അഴിമതി ആരോപണങ്ങളാണ് നടന്നു വരുന്നത്. ഇതിനെല്ലാം പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുണ്ട്. മെഡിക്കല്‍കോളജ് എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് ഡി.ആര്.അനില്‍ ആനാവൂരിന് കത്ത് നല്‍കിയത്.
കത്ത് തന്റേതല്ല എന്ന് മേയര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും കത്ത് വ്യാജമാണെന്നോ അന്വേഷണം ആവശ്യപ്പെടുമെന്നോ സിപിഎം വ്യക്തമാക്കുന്നില്ല. കത്തെഴുതിയ ദിവസം താന്‍ ദില്ലിയിലാരുന്നുവെന്നും അതിനാല്‍ കത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് മേയര്‍ പറയുന്നത്. എന്നാല്‍ കത്ത് നല്‍കിയശേഷം ദില്ലിയില്‍ പോവുകയായിരുന്നുവെന്നാണ് വിവരം. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ സഖാക്കളുടെ പട്ടിക ആവശ്യപ്പെട്ട് കത്ത് നല്കിയ ശേഷം മേയര്‍ ദില്ലിയില്‍ പോയത് തൊഴിലില്ലായ്മക്കെതിരെയുള്ള ഡിവൈഎഫ്ഐയുടെ സമരത്തിനായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. കത്തില്‍ നാണംകെട്ടപ്പോള്‍ തടിയൂരാന്‍ പ്രതികരണവുമായി തദ്ദേശമന്ത്രി രംഗത്തുവന്നു. താല്‍ക്കാലിക നിയമനം നടത്താന്‍ നഗരസഭക്ക് അനുവാദമില്ലെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്നും തദ്ദേശവകുപ്പു മന്ത്രി പറഞ്ഞു.
മേയര്‍ക്കെതിരെ വിവിധ സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വിജിലന്‍സിനും പരാതി നല്കി. മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്.ഗോപന്റെ നേതൃത്വത്തില്‍ മേയറുടെ ഓഫീസ് ഉപരോധിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. കരമന അജിത്തിന് പരിക്കേറ്റു. കൗണ്‍സിലര്‍മാര്‍ പിരിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് യുവമോര്‍ച്ചയും പ്രതിഷേധവുമായി രംഗത്തു വന്നു
”സഖാവേ, ആരോഗ്യവിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു…”-ആര്യാ രാജേന്ദ്രന്റെ കത്തില്‍ പറയുന്നതങ്ങിനെയാണ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര്, ഒഴിവ് എന്നിവയുടെ പട്ടിക ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നതാണ് കത്തിലെ ഉള്ളടക്കം. ആകെ 295 തസ്തികകളിലേക്കാണ് നിയമനം.
ജീവനക്കാരെ നിയമിക്കാന്‍ സെപ്റ്റംബര്‍ 23ന് ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചതായി കത്തില്‍ പറയുന്നു. കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് തരണമെന്നാണ് ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. മാനേജരുടെ ഒഴിവിലേക്കു ശമ്പളം 20,000 രൂപയാണ്. കെയര്‍ ടേക്കര്‍ക്കും സെക്യൂരിറ്റിക്കും അഞ്ച് ഒഴിവുകളുണ്ട്. ശമ്പളം 17,000രൂപ. ക്ലീനറുടെ മൂന്നു ഒഴിവുകളിലേക്ക് ശമ്പളം 12,500രൂപയാണ്. ഇത്രയും പോരെ സംഗതി കൊഴുക്കാന്‍. കൈ നനയാതെ ഒരു സഹായം. വളയൊടിയാതെ ഒരു കൗതുകം. പോരെ പൂരം.
ചെല്ലെടോ സമരത്തിന് എന്ന് ആഹ്വാനം നടത്തി കൈയും കെട്ടി നോക്കിനില്ക്കുന്ന ഒരുപാടു രാഷ്ട്രീയക്കാരുള്ള നാടാണല്ലോ കേരളം. അതിനൊരു അപവാദമായി ഒരു നേതാവിനെ തലസ്ഥാനത്ത് കാണാനായി. ജലപീരങ്കിയും ടിയര്‍ ഗ്യാസും ചീറ്റിവരുമ്പോള്‍ അതിന്റെ മുന്നില്‍ ചെന്നുനിന്ന് ”ആരെടാ തോന്ന്യാസം കാണിക്കുന്നോ” എന്ന് ചോദിക്കുന്ന നേതാവ് കെ. സുരേന്ദ്രന്. പലരിലും അത്ഭുതവും ആശങ്കയും ഉയര്‍ത്തി സുരേന്ദ്രന്റെ ആ പെരുമാറ്റം.
മേയര്‍ കെട്ടിയപ്പോഴാണ് ഈ ചങ്കൂറ്റം കാട്ടിയതെന്നാണ് പൊതുവേയുള്ള സംസാരം. എന്നാല്‍ കെട്ടാനൊരുങ്ങുമ്പോഴുള്ള ചങ്കൂറ്റത്തിന്റെ കഥയാണ് പാറശാലയില്‍ നിന്നുണ്ടായത്. ഷാരോന്‍ എന്ന ആണ് സുഹൃത്തിനെ ഗ്രീഷ്മ എന്ന പെണ്‍കുട്ടി കൊന്നതാണെന്ന് സമ്മതിച്ചത്രെ. കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്നാണ് കുറ്റസമ്മതം. അപാരമായ തൊലിക്കട്ടിയാണവള്‍ക്കെന്ന സംസാരമാണ് പരക്കെ. വിഷമുണ്ടോ കഷായത്തില്‍ ചേര്‍ക്കാനെന്നചൊല്ലുപോലും സംഭവിച്ചിരിക്കുന്നു. ഒരുതവണയല്ല പലതവണ കൊല്ലാന്‍ ശ്രമിച്ചു. ഒടുവിലത്തെ കഷായത്തിലാണ് കലര്‍പ്പില്ലാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: