(ലേഖകന്‍ കേരള ഹിന്ദുമിഷന്റെ ജനറല്‍ സെക്രട്ടറിയാണ്)
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 86-ാം വാര്‍ഷികദിനമാണ് ഇന്ന്. 1936 നവംബര്‍ 12ന് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ചതാണ് ക്ഷേത്രപ്രവേശന വിളംബരം. സതി നിരോധത്തിനുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമൂഹിക പരിഷ്‌ക്കാരമെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.
വിളംബരത്തിന്റെ പൂര്‍ണരൂപം
ശ്രീപത്മനാഭദാസ വഞ്ചിപാല സര്‍രാമവര്‍മകുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ മഹാരാജ രാജ ബഹാദൂര്‍ ഷംഷെര്‍ജംഗ്, നൈറ്റ് ഗ്രാന്റ് കമാന്‍ഡര്‍ ഓഫ് ഇന്ത്യന്‍ എംപയര്‍. തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസുകൊണ്ട് 1936 നവംബര്‍ 12ന് ശരിയായ 1112 തുലാം 12ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം:
നമ്മുടെ മതത്തിന്റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും, ആയത് ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്ന് വിശ്വസിച്ചും അതിന്റെ പ്രവര്‍ത്തനത്തില്‍ അത് ശതവര്‍ങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചു പോന്നുവെന്ന് ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളില്‍ ആര്‍ക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനത്താലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.
ചരിത്രത്തിലെ സുവര്‍ണരേഖ
ക്ഷേത്രപ്രവേശന വിളംബരം ഹിന്ദുമത നവോത്ഥാന ചരിത്രത്തിലെ സുവര്‍ണരേഖയാണ്. സവര്‍ണരിലെ ഉത്പതിഷ്ണുക്കളും അവര്‍ണരിലെ പ്രതിഭാശാലികളും ഒന്നിച്ചണിചേര്‍ന്ന് നടത്തിയ സമര പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ക്ഷേത്രപ്രവേശന വിളംബരം. തിരുവിതാംകൂറിലെ ഹിന്ദുക്കളില്‍ 85 ശതമാനത്തിനും ക്ഷേത്രപ്രവേശനത്തിനെന്നല്ല ക്ഷേത്ര സമീപമുള്ള റോഡിലൂടെ നടക്കാനും അനുവാദമുണ്ടായിരുന്നില്ല. വൈക്കം സത്യാഗ്രഹം ക്ഷേത്രമതിലിന് പുറത്തുള്ള റോഡിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാനായിരുന്നു. അതിനുവേണ്ടി ഇരുണ്ട കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച ചിലരെക്കുറിച്ച് അറിയേണ്ടതുണ്ട്:
കന്യാകുമാരി ജില്ലയില്‍ സ്വാമിത്തോപ്പില്‍ ജനിച്ച അയ്യാവൈകുണ്ഠസ്വാമി (1809-185) യാണ് തിരുവിതാംകൂറില്‍ അയിത്തത്തിനെതിരായ കലാപത്തിന് തിരികൊളുത്തിയത്. സമത്വസമാജം രൂപീകരിച്ച് സമപന്തിഭോജനം നടത്തുകയും മനുഷ്യരെല്ലാം ഒരുജാതിയില്‍പെട്ടവരാണെന്നും, ജാതി ചോദിക്കുന്നവനും പറയുന്നവനും ഏറ്റവും വലിയ ജാതി ഭ്രാന്തനാണെന്നും അത്തരക്കാരെ അകറ്റിനിറുത്തണമെന്നും വൈകുകണ്ഠസ്വാമി പറഞ്ഞു.
നവോത്ഥാനനായകനായ ശ്രീനാരായണഗുരു സാമൂഹികമാറ്റത്തിനുവേണ്ടി ആത്മീയവും ഭൗതികവുമായ നിലപാടുകള്‍ സ്വീകരിച്ചു. അതിന് മഹാകവി കുമാരനാശാനെയും രാഷ്‌ട്രീയ നേതാവായ ടി.കെ.മാധവനെയും യുക്തിവാദിയായ സഹോദരന്‍ അയ്യപ്പനേയും ഡോ. പല്പുവിനേയും നടരാജഗുരുവിനെയും ഒപ്പം കൂട്ടി. എല്ലാതുറയിലുമുള്ള പ്രതിഭാശാലികളുടെ ഐക്യവും മുന്നേറ്റവുമാണ് സാമൂഹിക മാറ്റത്തിന് അനുപേക്ഷണീയം എന്നു കണ്ട ക്രാന്ത ദര്‍ശിയായിരുന്നു അദ്ദേഹം. ശുഭ്രവസ്ത്രം ധരിച്ച് മനുഷ്യന്‍ ഒന്നാണെന്ന് അരുളിചെയ്ത് പച്ചമനുഷ്യരുടെ ഇടയില്‍ ജീവിച്ച ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും ഉള്‍പ്പെടെ നവോത്ഥാന നായകര്‍ വെട്ടിത്തെളിച്ച പാതയിലൂടെയാണ് ക്ഷേത്ര പ്രവേശനത്തിനായി ജനലക്ഷങ്ങള്‍ നടന്നുനീങ്ങിയത്. സദാനന്ദസ്വാമികളാകട്ടെ, ബ്രഹ്മനിഷ്ടാമഠം സ്ഥാപിച്ച് ജാതിസമ്പ്രദായത്തെ വെല്ലുവിളിച്ചു. ജനിച്ചത് നായര്‍ സമുദായത്തിലായിരുന്നെങ്കിലും മനസില്‍ നിന്ന് ജാതിചിന്തയുടെ വേരുകള്‍ പിഴുതെറിഞ്ഞ മഹാനുഭാവനായിരുന്നു അദ്ദേഹം. അയ്യന്‍കാളിയെ ബ്രഹ്മനിഷ്ടാമഠത്തിന്റെ അമരക്കാരനായി അവരോധിക്കുകയും ചെയ്തു.
അന്വേഷണ കമ്മീഷന്‍
ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രപ്രവേശനം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒന്‍പതംഗ സമിതിയെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചു. സമിതിയുടെ അദ്ധ്യക്ഷന്‍ മുന്‍ ദിവാന്‍ വി.എസ്. സുബ്രഹ്മണ്യഅയ്യര്‍ ആയിരുന്നു. 1934 ജനുവരി 11ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് അനുകൂലമായിരുന്നില്ല റിപ്പോര്‍ട്ട്. അവര്‍ണരെ ക്ഷേത്രത്തില്‍ കയറ്റിയാല്‍ ആചാരത്തിനും വിശ്വാസത്തിനും വിഘ്‌നം വരുമെന്നും, അവര്‍ണര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഒരു സവര്‍ണ ക്ഷേത്രവും തിരുവിതാംകൂറിലില്ലെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍. പ്രത്യേകം നിയോഗിക്കപ്പെടുന്ന പരിഷത്തുമായി ആലോചിച്ച് വ്യവസ്ഥകള്‍ക്കു വിധേയമായി ഭാഗികമായ ക്ഷേത്രപ്രവേശനം അനുവദിക്കുന്ന കാര്യം മഹാരാജാവിനു തീരുമാനിക്കാമെന്നു സമിതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് അവഗണിച്ച് രാജാവ് ക്ഷേത്രപ്രവേശനം അനുവദിക്കുകയായിരുന്നു. പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ള എല്ലാ റോഡുകളും കുളങ്ങളും കിണറുകളും സത്രങ്ങളും മറ്റും ജാതി പരിഗണനയില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുമെന്നും സമിതി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ 1936 മേയ് മാസത്തില്‍ നടപ്പില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക