ആര്‍എസ്എസ്സിന് പ്രവര്‍ത്തിക്കാന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവന പച്ചക്കള്ളം. മറിച്ച് സ്വന്തം നാട്ടില്‍ സുധാകരന് താമസിക്കാന്‍ കഴിഞ്ഞത് ബിജെപി നേതാവായിരുന്ന കെ.ജി. മാരാര്‍ ഇടപെട്ടതിനെ തുടര്‍ന്നായിരുന്നുവെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. സ്വന്തം നാട്ടില്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്കിയ ചരിത്രം തനിക്കുണ്ടെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശം. ഇതുവലിയ ചര്‍ച്ചയ്ക്ക് വഴിവച്ചതോടെയാണ് വസ്തുത പുറത്തുവരുന്നത്.
കണ്ണൂര്‍ ജില്ലയുടെ മുക്കിലും മൂലയിലും ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം ഇന്നെത്തിയിട്ടുള്ളതിനു പിന്നില്‍ സംഘപ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റുകളുടെ എതിര്‍പ്പിനെ ചെറുത്തുനിന്നു നടത്തിയ ധീരമായ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഫലമാണ്. അല്ലാതെ സുധാകരന് പറഞ്ഞതു പോലെ, ഒരിടത്തും സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെയോ മറ്റുളളവരുടേയോ സഹായം ലഭിക്കുകയോ ഇത്തരക്കാരോട് സംഘം സഹായം അഭ്യര്‍ത്ഥിക്കുകയോ ചെയ്ത ചരിത്രമില്ല.
എന്നാല്‍ സുധാകരന് മറച്ചുവെച്ച മറ്റൊരു രഹസ്യമുണ്ട്. അത് കമ്യൂണിസ്റ്റുകളും പറയാനും ഓര്‍മിക്കാനും മടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് ഭീഷണിക്ക് മുമ്പില്‍ സ്വന്തം നാടായ എടക്കാട്ട് നില്ക്കാനാവാതെ നാടുവിട്ട് കണ്ണൂര്‍ നഗരത്തില്‍ ചേക്കേറിയതാണ് സുധാകരന്റെ ചരിത്രം. പിന്നീട് തിരിച്ച് നാട്ടിലെത്തി അന്തിയുറങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചത് ആര്‍എസ്എസ് പ്രചാരകനും പില്ക്കാലത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായ കെ.ജി. മാരാര്‍ നടത്തിയ ശക്തമായ ഇടപെടലുകളായിരുന്നു. ഇത് പഴയകാല സംഘപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സുധാകരനും സിപിഎം നേതാക്കള്‍ക്കും ഓര്‍മ്മയില്ലെങ്കില്‍ ആ ചരിത്രം ഇങ്ങനെ ഓര്‍മ്മിപ്പിക്കാം.
1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷം ജനതാ പാര്‍ട്ടി സജീവമായ കാലം. ജനസംഘം, സംഘടനാ കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ബിഎല്‍ഡി എന്നിങ്ങനെ വിവിധ സംഘടനാ പ്രവര്‍ത്തകരുള്‍പ്പെട്ടതായിരുന്നു ജനതാ പാര്‍ട്ടി. ജനതാപാര്‍ട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മാരാര്‍ജിയും ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍ ശക്തമായ മത്സരം നടക്കുകയുണ്ടായി. വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു മാരാര്‍ജി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി. സുധാകരന് തോറ്റ് വീട്ടിലിരിക്കേണ്ടി വന്നു.
ഈ കാലത്ത് സുധാകരന്റെ തട്ടകമായ എടക്കാട് നടാലില്‍ സിപിഎമ്മുകാരും സുധാകരന്റെ അനുയായികളായ പ്രവര്‍ത്തകരും തമ്മില്‍ നിരന്തര സംഘര്‍ഷവും സംഘട്ടനങ്ങളും പതിവായി. സുധാകരന്റ വലം കൈയായ മനോഹരന് എന്ന പ്രവര്ത്തകന് ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. സിപിഎമ്മാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു. നാട്ടില്‍ നില്ക്കക്കള്ളിയില്ലാതായ സുധാകരനും അനുയായികളും കണ്ണൂര്‍ നഗരത്തിലെ കണ്ണയ്യ ടൂറിസ്റ്റ് ഹോമിലേക്ക് താമസക്കാരായി മാറേണ്ടി വന്നതായി അന്ന് സംഘടനാ രംഗത്തുണ്ടായവര്‍ ഓാര്‍ക്കുന്നു.
ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും സുധാകരനും അനുയായികള്‍ക്കും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാന്‍ സാഹചര്യമില്ലാതായി. ഒടുവില്‍ വിവരം ജനതാ പാര്‍ട്ടി ജില്ലാ പ്രസിഡന്റായ മാരാര്‍ജി അറിഞ്ഞു. അദ്ദേഹം സുധാകരനെ വിളിച്ചു കാര്യമന്വേഷിച്ചു. പിന്നീട് ചെയ്തത് അക്കാലത്ത് മാരാര്‍ജിയുടെ സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
നാട്ടിലേക്ക് പോകണ്ടെയെന്ന് മാരാര്‍ജി സുധാകരനോട് അന്വേഷിച്ചു. നടാലില്‍ സിപിഎമ്മിനെതിരെ ഒരു പൊതുയോഗം ഏര്‍പ്പാട് ചെയ്താല്‍ അതില്‍ പങ്കെടുക്കാമെന്ന് മാരാര്‍ജി സുധാകരനെ അറിയിച്ചു. ജനതാ പാര്‍ട്ടിയിലെ ജനസംഘം നേതാക്കളെയും പ്രവര്‍ത്തകരെയും ബന്ധപ്പെട്ട് മുഴുവന്‍ പേരോടും നടാലിലെത്താന് മാരാര്‍ജി ആവശ്യപ്പെട്ടതായി ആയോഗത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. വലിയ ജനപങ്കാളിത്തത്തോടെ പ്രകടനവും പൊതുസമ്മേളനവും നടന്നു. മാരാര്‍ജി സിപിഎമ്മുകാര്‍ക്ക് അന്ത്യശാസനം നല്കി. ഇവിടെയുള്ള ഏതെങ്കിലും ജനതാപാര്‍ട്ടി പ്രവര്ത്തകന് ഇനിയൊരു പോറലെങ്കിലുമേറ്റാല്‍ സിപിഎമ്മുകാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. അതേത്തുടര്‍ന്നാണ് സുധാകരന് നാട്ടില്‍ തിരിച്ചെത്തി സ്വഗൃഹത്തില്‍ സമാധാനത്തോടെ അന്തിയുറങ്ങിയതെന്നും പഴയകാല ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. അന്നത്തെ ഭീരുവായ സുധാകരനാണിപ്പോള്‍ ആര്‍എസ്എസ് ശാഖക്ക് അനുയായികളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് വീമ്പ് പറയുന്നത്.
സംഘടനാ കോണ്‍ഗ്രസിലൂടെയാണ് സുധാകരന് ജനതാ പാര്‍ട്ടിയിലെത്തിയത്. സുധാകരന് ഉള്‍പ്പെടുന്ന സംഘടനാ കോണ്‍ഗ്രസ്സിന് കണ്ണൂര്‍ ജില്ലയില്‍ നാമമാത്ര അംഗങ്ങളേ ഉണ്ടായിരുന്നുളളൂവെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല. അന്നത്തെ സംഘടനാ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗം എന്‍എസ്ഒ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ ആ സംഘടനയുടെ പ്രവര്‍ത്തനം പേരിന് മാത്രവുമായിരുന്നു. അന്നത്തെ സംഘടനാ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ തന്നെ ഒട്ടേറെ ഗ്രൂപ്പുകളുമുണ്ടായിരുന്നു. ഒടുവില്‍ കണ്ണൂരില്‍ തന്നെ നില്ക്കക്കള്ളിയില്ലാതായപ്പോള് സംഘടനാ കോണ്‍ഗ്രസ്സ് നേതാവായിരുന്ന കരിമ്പില്‍ കുഞ്ഞമ്പുവിന്റെയൊപ്പം മംഗലാപുരത്തേക്ക് ചേക്കേറിയ സുധാകരന് പിന്നീട് കണ്ണൂരിലെത്തിയാണ് ജനതാപാര്‍ട്ടിയില്‍ സജീവമായത്. തന്റെതന്നെയോ അനുയായികളുടെയോ സംരക്ഷണം പോലും ഉറപ്പുവരുത്താന്‍ സാധിക്കാതിരുന്ന കാലത്ത് ആര്‍എസ്എസ്സിന്റെ ശാഖ സംരക്ഷിക്കാന്‍ അനുയായികളെ പറഞ്ഞയച്ചുവെന്ന സുധാകരന്റെ ഏറ്റുപറച്ചില്‍ എല്ലാ കാലത്തും സുധാകരന് നടത്തിയ കള്ളംപറച്ചിലുകളുടെയും പൊള്ളത്തരങ്ങളുടെയും തുടര്‍ച്ച മാത്രമാണെന്ന് വ്യക്തമാണ്. എന്തും വിളിച്ചു പറയുന്നയാളാണ് സുധാകരനെന്ന് പലകുറി അദ്ദേഹംതന്നെ തെളിയിച്ചിട്ടുള്ളതാണ്. ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന വീമ്പു പറച്ചിലിനു പിന്നാലെ ചോദ്യങ്ങളുയര്‍ന്നതോടെ ഉത്തരമില്ലാതെ അപഹാസ്യനായിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍.
അതിലേറെ കൗതുകകരമാണ്, അന്ന് സുധാകരനെയും കൂട്ടരേയും ആക്രമിക്കുകയും പിന്നീട് ജനസംഘത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പഞ്ചപുച്ഛമടക്കുകയും ചെയ്ത സിപിഎമ്മുകാരുടെ ഇപ്പോഴത്തെ വീമ്പുപറച്ചില്‍. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം ആര്‍എസ്എസ് സ്വയംസേവകര്തന്നെയാണ് അന്നും ഇന്നും എന്നും. അത് മറ്റാരേയും ഏല്‍പ്പിച്ചിട്ടില്ല, ഏല്‍പ്പിക്കേണ്ടതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: