തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ പുറത്തുവന്ന യുവാവിന്റെ മൊഴി കള്ളമാണ്. മരിച്ചുപോയ ഒരാളെയാണ് കേസില്‍ പ്രതിയാണെന്ന് പറയുന്നത്. കോര്പ്പറേഷന് മേയറുടെ നിയമനക്കത്ത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വെളിപ്പെടുത്തി.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ആര്‍എസ്എസിനോ ബിജെപിക്കോ യാതൊരു ബന്ധവുമില്ല. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ആശ്രമം കത്തിച്ചത് തന്റെ സഹോദരന് പ്രകാശനും സുഹൃത്തുക്കളുമാണെന്ന് ക്രൈംബ്രാഞ്ചിന് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് എന്നോരാള്‍ മൊഴി നല്‍കിയെന്നാണ് വിവരം. പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മരിക്കുന്നതിന് മുമ്പ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതാണെന്നുമാണ് പ്രശാന്തിന്റെ മൊഴിയില്‍ പറയുന്നത്.
നാല് വര്‍ഷം മുമ്പ് നടന്നതാണ് ഈ സംഭവം. മരിച്ചുപോയ ഒരു വ്യക്തിയെയാണ് കേസില്‍ പ്രതിയാണെന്ന് പറയുന്നത്. ഇങ്ങനെയെങ്കില്‍ ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാള്‍ എന്ന് പറഞ്ഞാല്‍ പോരെയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. കൂടാതെ ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. വര്‍ഷങ്ങളായി കേസില്‍ അന്വേഷണം നടത്തി വരികയാണെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: