കൊച്ചി : തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കോര്പ്പറേഷന് ആരോഗ്യ വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് മേയറുടെ കത്ത് പുറത്തുവന്നതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് കൗണ്‍സിലര്‍ ശ്രീകുമാര്‍ ഹൈക്കോടതിയില്‍ നല്കിയ നോട്ടീസിലാണ് നടപടി.
എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടിറി ഡി.ആര്. അനിലിന്റെ പേരിലും നോട്ടീസ് അയയ്ക്കും. മേയറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ നിയമന ശുപാര്‍ശ തേടി അനില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച നോട്ടീസും പുറത്തുവന്നിട്ടുണ്ട്. ശ്രീകുമാറിന്റെ ഹര്‍ജിയിലും ഇക്കാര്യം പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസ് പരിഗണിച്ച കോടതി വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിധത്തിലുള്ള കേസ് എടുത്തിട്ടുണ്ടോയെന്നും സര്‍ക്കാരിനോട് ചോദിച്ചു. നിയമന വിവാദത്തില്‍ കോര്പ്പറേഷന് മേയര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതിനാല്‍ അവര്‍ മറുപടി നല്‍കേണ്ടതാണ്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടന്നു വരികയാണ്. ഇപ്പോഴത്തേത് ആരോപണങ്ങളാണ്. ഇത് രാഷ്ട്രീയ ആയുധമാക്കുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന് നോട്ടീസ് അയയ്ക്കുന്നതിനേയും സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ സിബിഐ അടക്കമുള്ളവര്‍ എതിര് കക്ഷികളാണ്. സിബിഐക്കും നോട്ടീസ് അയച്ചേക്കും. തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജനപക്ഷപാതവും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ ഇത്തരത്തില്‍ സിപിഎം നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: