ഇടുക്കി: ചെമ്മണ്ണാറില്‍ അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛൻ തമ്പിയെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.
മദ്യലഹരിയില്‍ വീട്ടിലേയ്‌ക്കെത്തിയ ജെനീഷ് പിതാവിനെയും സ്വന്തം മക്കളെയും മര്‍ദിച്ചു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജെനീഷിനെ തമ്പി വെട്ടിയത്. കൈയ്‌ക്ക് വെട്ടേറ്റ ജെനീഷിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്.
ആശുപത്രിയിലേയ്‌ക്ക് പോകുന്ന വഴിയിലും എത്തിയ ശേഷവും പലതവണ ജെനീഷ് ഛര്‍ദിച്ചു. അതിനാല്‍ വെട്ടേറ്റതാണോ മരണകാരണം എന്നത് വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയാണെങ്കില്‍ കൊലപാതകക്കുറ്റം ചുമത്തി തമ്പിക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: