പാലക്കാട് : വാളയാര്‍ പീഡനക്കേസില്‍ ഇനി സിബിഐയുടെ പുതിയ സംഘം അന്വേഷിക്കും. പാലക്കാട് പോക്സോ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി സിബിഐക്ക് നല്കിയ നിര്‍ദ്ദേശം.
സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി.എസ്. ഉമയുടെ നേതൃത്യത്തിലുള്ള സംഘത്തിനാണ് പുതിയ അന്വേഷണച്ചുമതല. വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന നിരീക്ഷണത്തിലാണ് പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
വാളയാര്‍ കേസില്‍ പോലീസ് കണ്ടെത്തിയത് തന്നെ സിബിഐയും ആവര്‍ത്തിക്കുകയായിരുന്നു. സിബിഐ കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ കുറ്റവാളികള്‍ക്കെതിരെ മതിയായ തെളിവുകളില്ല. ഇത്രയും ഹീനമായ കുറ്റകൃത്യത്തില്‍ നേരിട്ടുള്ള തെളിവുകള്‍ കിട്ടിയില്ലെങ്കില്‍, കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയുന്ന ശക്തമായ സാഹചര്യത്തെളിവുകള്‍ ഉറപ്പാക്കേണ്ട ചുമതല അന്വേഷണ ഏജന്‍സിക്കുണ്ട്. അലസവും അപൂര്‍ണവുമായ അന്വേഷണമാണ് കേസില്‍ ഉണ്ടിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.
ഏറെ ഗൗരവതരമായ കേസില്‍ കൃത്യവും ശരിയായ ദിശയിലുമുള്ള അന്വേഷണം നടന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് നീതിനിര്‍വഹണത്തില്‍ വിശ്വാസം നഷ്ടപ്പെടും. അതിനാല്‍ സത്യം കണ്ടെത്താനും നീതി ഉറപ്പാക്കാനും തുടരന്വേഷണം അനിവാര്യമാണെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: